| Saturday, 16th February 2019, 8:08 am

രാജ്യസ്‌നേഹ കുത്തകാവകാശം ഏറ്റെടുത്ത് സംഘികള്‍ ഉറഞ്ഞു തുള്ളുന്നുണ്ട്; സുരക്ഷാ വീഴ്ചക്ക് ആര് സമാധാനം പറയുമെന്നും എം.ബി രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജമ്മു കാശ്മീരില്‍ 2001 ന് ശേഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തിന് വഴിവച്ച സുരക്ഷാ വീഴ്ചക്ക് ആര് സമാധാനം പറയുമെന്ന് എം.ബി രാജേഷ് എം.പി. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള പതിനെട്ടാമത്തെ തീവ്രവാദ ആക്രമണം ദേശസുരക്ഷയുടെ കാര്യത്തിലുള്ള പരാജയത്തിന്റെ തെളിവല്ലേയെന്നും രാജേഷ് ചോദിച്ചു.

എല്ലാ രാഷ്ട്രീയ കക്ഷികളും ആക്രമണത്തെ അപലപിക്കുകയും സൈനികരുടെ വീരമൃത്യുവിന് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു. അതിലൊന്നും കക്ഷി രാഷ്ട്രീയ കുറ്റപ്പെടുത്തലുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ ഒരു കൂട്ടര്‍ ഇതിനെ രാഷ്ടീയവല്‍ക്കരിച്ച് മറ്റെല്ലാവരെയും തെറി വിളിച്ച് പതിവുപോലെ അര്‍മാദിക്കുകയാണ്. സൈനിക സ്‌നേഹം നടിച്ച്, രാജ്യസ്‌നേഹ കുത്തകാവകാശം ഏറ്റെടുത്ത് സംഘികള്‍ ഉറഞ്ഞു തുള്ളുന്നുണ്ട്. തെരഞ്ഞെടുപ്പായതോടുകൂടി സൈനിക / ദേശസ്‌നേഹനാട്യങ്ങള്‍ അതിരുവിടും. അതു കൊണ്ട് ഈ കാപട്യങ്ങളെക്കുറിച്ച് ഈ നേരത്ത് പറയാതെ വയ്യെന്നും രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

Read Also : എന്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ വന്ന ശേഷം കാര്യങ്ങളിത്രയേറെ കൈവിട്ടു പോയത്

“പത്താന്‍ കോട്ടിലും ഉറിയിലും സൈനിക ക്യാമ്പുകള്‍ ആക്രമിച്ച് സൈനികരെ ഭീകരര്‍ വധിച്ചതില്‍ നിന്ന് എന്തെങ്കിലും പാഠം സര്‍ക്കാര്‍ പഠിച്ചിരുന്നെങ്കില്‍ ഇത് തടയാനാവുമായിരുന്നില്ലേ?, കാശ്മീരില്‍ ഭീകരരുടെ നട്ടെല്ല് തകര്‍ത്തുവെന്ന് മോദി പറഞ്ഞത് രണ്ടാഴ്ച മുമ്പാണ്. ഭീകരര്‍ക്കെതിരെ വാചകമടി മാത്രമേ ഉള്ളൂവെന്നല്ലേ ഇതിനര്‍ത്ഥം?, സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് പോകാന്‍ അതീവ സുരക്ഷയൊരുക്കിയെന്നു പറയുന്ന പ്രദേശത്തുണ്ടായ ആക്രമണത്തിന് കാരണമായ സുരക്ഷാ വീഴ്ചക്ക് എന്തുണ്ട് സമാധാനം?, നോട്ട് നിരോധനം ഭീകരപ്രവര്‍ത്തനത്തെ ഇല്ലാതാക്കുമെന്ന് അവകാശപ്പെട്ടവര്‍ക്ക് ഇപ്പോള്‍ എന്തുണ്ട് മറുപടി?” രാജേഷ് ചോദിച്ചു.

ഇന്നലെ മുതല്‍ എന്റെ പേജില്‍ വന്ന് തെറി വിളിക്കുന്ന സംഘികള്‍ ഒരു ക്ഷീണം തീര്‍ക്കുകയാണ്. ജാലിയന്‍വാലാബാഗ് രക്തസാക്ഷികളോട് കപട ദേശസ്‌നേഹി സര്‍ക്കാര്‍ അനാദരവ് കാണിച്ചത് ഞാന്‍ പാര്‍ലമെന്റില്‍ ശക്തമായി ചോദ്യം ചെയ്തതിന്റെ വീഡിയോയും കുറിപ്പും ഇവിടെ പങ്കുവച്ചിരുന്നല്ലോ. സാധാരണ തെറി വിളയാട്ടം നടത്തുന്ന ഒരൊറ്റ സംഘിയും ആ വഴി വന്നേയില്ല. മിണ്ടാട്ടം മുട്ടിപ്പോയി. അതിന്റെ ക്ഷീണം ഇന്നലെ മുതല്‍ കാശ്മീരിലെ ധീര സൈനികരുടെ വീരമൃത്യുവിന്റെ പേരില്‍ തീര്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



സൈനികരുടെ ശവപ്പെട്ടി വിറ്റവകയില്‍ പോലും കമ്മീഷനടിച്ച, ബ്രിട്ടീഷ് പട്ടാളക്കാരുടെ ബൂട്ട് നാക്കുകൊണ്ട് പോളീഷ് ചെയ്ത, ഖണ്ഡശ്ശ നോവല്‍ പോലെ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി വലഞ്ഞ, മൂവര്‍ണ്ണ ദേശീയ പതാകയേയും ജനഗണമനയേയും ഭരണഘടനയേയും എതിര്‍ത്ത ദേശവിരുദ്ധരുടെ തെറിവിളി പുല്ലാണ്. വെറും പുല്ലാണെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കാശ്മീരിലെ ഫുല്‍വാമയിലെ ഭീകരാക്രമണത്തില്‍ രക്തസാക്ഷികളായ സൈനികര്‍ക്കൊപ്പമാണ് രാജ്യം മുഴുവന്‍. എല്ലാ രാഷ്ട്രീയ കക്ഷികളും ആക്രമണത്തെ അപലപിക്കുകയും സൈനികരുടെ വീരമൃത്യുവിന് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു. എന്റെ പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോയും ഇന്നലെ തന്നെ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. അതിലൊന്നും കക്ഷി രാഷ്ട്രീയ കുറ്റപ്പെടുത്തലുണ്ടായിരുന്നില്ല. അവര്‍ക്ക് അന്ത്യാഭിവാദ്യമര്‍പ്പിക്കുമ്പോള്‍ അതൊരു രാഷ്ടീയായുധമാക്കാതിരിക്കലാണ് പ്രാഥമികമായ ഔചിത്യം. രാഷ്ട്രീയ ചോദ്യങ്ങള്‍ പിന്നീടാവാമെന്നു കരുതി. പക്ഷേ ഇപ്പോള്‍ ഒരു കൂട്ടര്‍ ഇതിനെ രാഷ്ടീയവല്‍ക്കരിച്ച് മറ്റെല്ലാവരെയും തെറി വിളിച്ച് പതിവുപോലെ അര്‍മാദിക്കുകയാണ്. സൈനിക സ്‌നേഹം നടിച്ച്, രാജ്യസ്‌നേഹ കുത്തകാവകാശം ഏറ്റെടുത്ത് സംഘികള്‍ ഉറഞ്ഞു തുള്ളുന്നുണ്ട്. തെരഞ്ഞെടുപ്പായതോടുകൂടി സൈനിക / ദേശസ്‌നേഹനാട്യങ്ങള്‍ അതിരുവിടും. അതു കൊണ്ട് ഈ കാപട്യങ്ങളെക്കുറിച്ച് ഈ നേരത്ത് പറയാതെ വയ്യ.

ജമ്മു കാശ്മീരില്‍ 2001 ന് ശേഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തിന് വഴിവച്ച സുരക്ഷാ വീഴ്ചക്ക് ആര് സമാധാനം പറയും?

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള 18 – )മത്തെ തീവ്രവാദ ആക്രമണം ദേശസുരക്ഷയുടെ കാര്യത്തിലുള്ള പരാജയത്തിന്റെ തെളിവല്ലേ?

പത്താന്‍ കോട്ടിലും ഉറിയിലും സൈനിക ക്യാമ്പുകള്‍ ആക്രമിച്ച് സൈനികരെ ഭീകരര്‍ വധിച്ചതില്‍ നിന്ന് എന്തെങ്കിലും പാഠം സര്‍ക്കാര്‍ പഠിച്ചിരുന്നെങ്കില്‍ ഇത് തടയാനാവുമായിരുന്നില്ലേ?

കാശ്മീരില്‍ ഭീകരരുടെ നട്ടെല്ല് തകര്‍ത്തുവെന്ന് മോദി പറഞ്ഞത് രണ്ടാഴ്ച മുമ്പാണ്. ഭീകരര്‍ക്കെതിരെ വാചകമടി മാത്രമേ ഉള്ളൂവെന്നല്ലേ ഇതിനര്‍ത്ഥം?

സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് പോകാന്‍ അതീവ സുരക്ഷയൊരുക്കിയെന്നു പറയുന്ന പ്രദേശത്തുണ്ടായ ആക്രമണത്തിന് കാരണമായ സുരക്ഷാ വീഴ്ചക്ക് എന്തുണ്ട് സമാധാനം?

നോട്ട് നിരോധനം ഭീകരപ്രവര്‍ത്തനത്തെ ഇല്ലാതാക്കുമെന്ന് അവകാശപ്പെട്ടവര്‍ക്ക് ഇപ്പോള്‍ എന്തുണ്ട് മറുപടി?

95 സൈനികര്‍ക്ക് 2018ല്‍ മാത്രം ജീവന്‍ നഷ്ടപ്പെട്ടു എന്ന വസ്തുത കേന്ദ്ര സര്‍ക്കാര്‍ കണ്ണടച്ചാല്‍ ഇല്ലാതാകുമോ? മോദി ഭരണത്തില്‍ 2017ല്‍ രാജ്യത്ത് 805 ഉം 2018ല്‍ 941 മായി ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ചതിന് എന്ത് മറുപടിയുണ്ട്?

കാശ്മീരില്‍ 10 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് 2018 ലായിരുന്നില്ലേ?

കാശ്മീരിന് പുറത്ത് തീവ്രവാദ ആക്രമണങ്ങളില്‍ 2017ല്‍ 332 പേര്‍ മരിച്ചത് 2018ല്‍ 415 ആയി കൂടിയതിന് കാരണമോ?

(കണക്കുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പേര്‍ട്ടില്‍ നിന്ന്)

ഇന്നലെ മുതല്‍ എന്റെ പേജില്‍ വന്ന് തെറി വിളിക്കുന്ന സംഘികള്‍ ഒരു ക്ഷീണം തീര്‍ക്കുകയാണ്. ജാലിയന്‍വാലാബാഗ് രക്തസാക്ഷികളോട് കപട ദേശസ്‌നേഹി സര്‍ക്കാര്‍ അനാദരവ് കാണിച്ചത് ഞാന്‍ പാര്‍ലമെന്റില്‍ ശക്തമായി ചോദ്യം ചെയ്തതിന്റെ വീഡിയോയും കുറിപ്പും ഇവിടെ പങ്കുവച്ചിരുന്നല്ലോ. സാധാരണ തെറി വിളയാട്ടം നടത്തുന്ന ഒരൊറ്റ സംഘിയും ആ വഴി വന്നേയില്ല. മിണ്ടാട്ടം മുട്ടിപ്പോയി. അതിന്റെ ക്ഷീണം ഇന്നലെ മുതല്‍ കാശ്മീരിലെ ധീര സൈനികരുടെ വീരമൃത്യുവിന്റെ പേരില്‍ തീര്‍ക്കുകയാണ്. ഇതിനു ചുവടെയും സംഘികള്‍ തെറിവിളിക്കും. പക്ഷേ സൈനികരുടെ ശവപ്പെട്ടി വിറ്റവകയില്‍ പോലും കമ്മീഷനടിച്ച, ബ്രിട്ടീഷ് പട്ടാളക്കാരുടെ ബൂട്ട് നാക്കുകൊണ്ട് പോളീഷ് ചെയ്ത, ഖണ്ഡശ്ശ നോവല്‍ പോലെ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി വലഞ്ഞ, മൂവര്‍ണ്ണ ദേശീയ പതാകയേയും ജനഗണമനയേയും ഭരണഘടനയേയും എതിര്‍ത്ത ദേശവിരുദ്ധരുടെ തെറിവിളി പുല്ലാണ്. വെറും പുല്ല്.

ഹിന്ദുത്വ തീവ്രവാദികളെ അറസ്റ്റ് ചെയ്ത ഹേമന്ത് കര്‍ക്കറെ എന്ന ധീര രക്തസാക്ഷിയായ പോലീസ് ഓഫീസറെ രാജ്യദ്രോഹിയെന്നാക്ഷേപിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് ആര്‍ക്കു വേണം? ഒടുവില്‍ കര്‍ക്കറെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ രണ്ടു കോടിയുടെ പണക്കിഴിയുമായി അദ്ദേഹത്തിന്റെ ഭാര്യ കവിത കര്‍ക്കറെയെ കണ്ട് രാഷ്ട്രീയ മുതലെടുപ്പിന് പോയ മോദിക്കുണ്ടായ അനുഭവം ഓര്‍മ്മയുണ്ടല്ലോ. മുതലെടുപ്പുകാരുടെ മുഖത്താട്ടിയ കവിതാ കര്‍ക്കറെ തന്റെ ഭര്‍ത്താവിനെ ജീവിച്ചിരിക്കേ അപമാനിച്ചിട്ട് രക്തസാക്ഷിത്വം വിലക്കെടുക്കാന്‍ വരേണ്ടെന്ന് പറഞ്ഞത് നല്ല ഓര്‍മ്മ വേണം. കശ്മീരിലെ രക്തസാക്ഷിത്വം മുതലെടുപ്പിന് വീണ്ടും ആയുധമാക്കുന്നവരോട് കവിതാ കര്‍ക്കറെയുടെ ധീരമായ വാക്കുകളാണ് ആവര്‍ത്തിക്കാനുള്ളത്.

We use cookies to give you the best possible experience. Learn more