തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളില്‍ മാധ്യമങ്ങള്‍ മൗനം പാലിക്കുന്നെന്ന ആരോപണവുമായി സി.പി.ഐ.എം നേതാവ് എം.ബി രാജേഷ്. കേന്ദ്ര സര്‍ക്കാര്‍ വകുപ്പില്‍ നിയമന നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് എം.ബി രാജേഷിന്റെ വിമര്‍ശനം.
തസ്തിക സൃഷ്ടിക്കുന്നതില് സംസ്ഥാന സര്‍ക്കരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നയങ്ങളിലുള്ള വ്യത്യാസം താരതമ്യപ്പെടുത്തിക്കൊണ്ടാണ് എം.ബി രാജേഷിന്റെ വിമര്‍ശനം.
‘ഇഷ്ടക്കാരെ മാത്രം ഒപ്പമിരുത്തി പരദൂഷണ ഹവറുകളില്‍ ഇടതുപക്ഷത്തെ പുലഭ്യം പറയുന്നതു പോലെയല്ല. ഈ ചോദ്യങ്ങളൊക്കെ ചോദിച്ചാല്‍ ജനം രാജ്യത്തെ യാഥാര്‍ത്ഥ്യമറിയും. അത് യജമാനനും യജമാനന്റെ യജമാനന്‍മാര്‍ക്കും രസിക്കില്ല. ഈ ചോദ്യങ്ങള്‍ എല്ലാ മലയാള മാധ്യമങ്ങള്‍ക്കും ഉത്തരം പറയാന്‍ ബാധ്യതയുള്ളതാണ്. നിങ്ങള്‍ക്ക് ഒരുത്തരവും ഉണ്ടാവില്ല. ശരിയായ ഒരു ചോദ്യവും നിങ്ങളുടെ നാവില്‍ നിന്ന് ഉയരുകയുമില്ല,’ എം.ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം,
ജനങ്ങള്‍ അറിയാന്‍ പാടില്ലാത്ത വാര്‍ത്തകളോ?!
ഇത് ഏതെങ്കിലും ചാനലിന്റെ പ്രൈം ടൈം ചര്‍ച്ചയുടെ വിഷയമാകുമോ? ഒട്ടും സാദ്ധ്യതയില്ല. ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഉത്തരവാണിത്. ചെലവ് ചുരുക്കലിന്റെ പേരില്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നതിന് നിരോധനം എല്ലാ തലങ്ങളിലും ഏര്‍പ്പെടുത്തിക്കൊണ്ടുള്ളതാണിത്. എട്ടു ലക്ഷം ഒഴിവുകള്‍ കേന്ദ്ര സര്‍വ്വീസില്‍ നികത്താതെ കിടക്കുമ്പോഴാണീ പുതിയ നിരോധന ഉത്തരവ്. എന്നാല്‍ ഈ തിരുവോണത്തലേന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് 1000 തസ്തിക അധികം സൃഷ്ടിക്കുമെന്നാണ്. നാല് വര്‍ഷം കൊണ്ട് 16000 തസ്തിക അധികം സൃഷ്ടിച്ചതിന് പുറമേയാണിത്. ഇതാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലുള്ള വ്യത്യാസം.
1. എട്ടു ലക്ഷം ഒഴിവ് നികത്താത്തതിനെക്കുറിച്ച് ചര്‍ച്ചയോ പരമ്പരയോ ഉണ്ടായോ? കേന്ദ്ര സര്‍ക്കാരിനോട് ചോദ്യങ്ങള്‍ വല്ലതുമുണ്ടായോ?
2 .2019 ഡിസംബര്‍ 12ന് RRB ഫലപ്രഖ്യാപനം നടത്തിയ ALP തസ്തികകള്‍ 64371. ഒന്‍പത് മാസമായി ഒരൊറ്റ നിയമനം നടത്തിയിട്ടില്ല. വാര്‍ത്ത യോ പരാതിയോ ചര്‍ച്ചയോ ഉണ്ടായോ?
3. RRB ഗ്രൂപ്പ് ഡി തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചത് 2019 ഫെബ്രുവരി 23. ഒഴിവുകളുടെ എണ്ണം 1,03,769. ഇതിലേക്കുള്ള അപേക്ഷകര്‍ എത്രയാണെന്നറിയാമോ? ഒരു കോടി പതിനാറു ലക്ഷം! അപേക്ഷാ ഫീസായി കേന്ദ്രം പിരിച്ചത് 500 കോടി. 18 മാസമായി പരീക്ഷ നടത്താന്‍ പോലും തയ്യാറായിട്ടില്ല. ഒരു വരി വാര്‍ത്ത കണ്ടിട്ടുണ്ടോ?
4..ഇനി RRB NTPC: വിജ്ഞാപനം ഫെബ്രുവരി 28, 2019. ഒഴിവുകള്‍ 35277. അപേക്ഷകര്‍ 1.26 കോടി. 500 കോടിയിലേറെ ഫീസിനത്തില്‍ പിരിച്ചു. 18 മാസമായി പരീക്ഷയുടെ പൊടിപോലുമില്ല. ആരെങ്കിലും വാര്‍ത്ത ബ്രേക്ക് ചെയ്‌തോ?
5. SS C CGL വിജ്ഞാപനം 2018ല്‍.ഡിസംബര്‍ 2019 ല്‍ പരീക്ഷ. ഒഴിവുകള്‍ 11000. മാസം 9 കഴിഞ്ഞു. അന്തിമ ഫലം ഇതു വരെ പ്രസിദ്ധീകരിച്ചില്ല. എന്തേ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം ഇതൊന്നും കണ്ടില്ല?
ഇതിനിടയിലാണ് ഇന്നലത്തെ തസ്തിക സൃഷ്ടിക്കല്‍ നിരോധനം കൂടി ഉണ്ടാകുന്നത്. ഇതൊന്നും അറിഞ്ഞ മട്ടു കാണിക്കാത്ത മാദ്ധ്യമങ്ങളാണ് ഒപ്പിന്റെ പേരില്‍ പ്രേക്ഷകരെ ഒപ്പിക്കാനും 1.34 ലക്ഷം നിയമനം നടത്തിയ സംസ്ഥാന സര്‍ക്കാരിനെതിരെ അപവാദപരമ്പര തീര്‍ക്കാനും മുന്നില്‍ നില്‍ക്കുന്നത്. അധികാരത്തിലിരിക്കുന്നവരോട് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും എന്നൊക്കെ വീമ്പിളക്കിയ മാന്യ പത്രാധിപരോടാണ്. മുകളില്‍ പറഞ്ഞ ഒരൊറ്റ ചോദ്യവും ചോദിക്കാന്‍ നിങ്ങള്‍ക്ക് കെല്പില്ലാത്തത് എന്തുകൊണ്ട്? ഏത് അധികാരമാണ് നിങ്ങളുടെ തൊണ്ട എല്ലിന്‍ കഷ്ണം കൊണ്ട് അടച്ചു വെച്ചിരിക്കുന്നത്.? ഇഷ്ടക്കാരെ മാത്രം ഒപ്പമിരുത്തി പരദൂഷണ ഹവറുകളില്‍ ഇടതുപക്ഷത്തെ പുലഭ്യം പറയുന്നതു പോലെയല്ല. ഈ ചോദ്യങ്ങളൊക്കെ ചോദിച്ചാല്‍ ജനം രാജ്യത്തെ യാഥാര്‍ത്ഥ്യമറിയും. അത് യജമാനനും യജമാനന്റെ യജമാനന്‍മാര്‍ക്കും രസിക്കില്ല. ഈ ചോദ്യങ്ങള്‍ എല്ലാ മലയാളമാദ്ധ്യമങ്ങള്‍ക്കും ഉത്തരം പറയാന്‍ ബാദ്ധ്യതയുള്ളതാണ്. നിങ്ങള്‍ക്ക് ഒരുത്തരവും ഉണ്ടാവില്ല. ശരിയായ ഒരു ചോദ്യവും നിങ്ങളുടെ നാവില്‍ നിന്ന് ഉയരുകയുമില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHT: mb-rajesh-against-media-