പാലക്കാട്: മനോരമ ചാനലിലെ ‘തിരുവാ എതിര്‍വാ’ എന്ന പരിപാടിയില്‍ ഗോള്‍വാള്‍ക്കറിന്റെ വിചാരധാര എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്ന ‘ആന്തരിക ഭീഷണികളി’ല്‍ കമ്മ്യൂണിസ്റ്റുകളുണ്ടെന്ന കാര്യം ചാനല്‍ മനഃപൂര്‍വ്വം ഒഴിവാക്കിയതായി സി.പി.ഐ.എം നേതാവ് എം.ബി രാജേഷ്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗോള്‍വാള്‍ക്കര്‍ രാജ്യത്തിന്റെ ഭീഷണിയായി കണ്ടത് മുസ് ലിങ്ങളെയും കൃസ്ത്യാനികളെയും മാത്രമാണ് എന്നാണ് ചാനല്‍ പരിപാടിയില്‍ പറഞ്ഞതെന്നാണ് എം. ബി രാജേഷ് പറഞ്ഞത്. അധ്യായം 19ല്‍ ആന്തരിക ഭീഷണി മുസ്‌ലിങ്ങളും 20ല്‍ ക്രിസ്ത്യാനികളുമാണെന്നും പറഞ്ഞ എം. ബി രാജേഷ് 21ാം അധ്യായം ചാനല്‍ കാണാത്തതല്ലെന്നും മനഃപൂര്‍വ്വം പറയാത്തതാണെന്നും ആരോപിക്കുന്നു.
വിചാരധാരയിലെ അധ്യായം 19, 20, 21 എന്നിവയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു എം. ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
‘തിരുവാ എതിര്‍വാ എന്ന മനോരമാ ന്യൂസിലെ പൊളിറ്റിക്കല്‍ സറ്റയര്‍ യാദൃഛികമായി അഞ്ചു മിനിട്ട് കണ്ടു. ഗോള്‍വാള്‍ക്കര്‍ മുസ്ലീങ്ങളും കൃസ്ത്യാനികളും മാത്രം രാജ്യത്തിന്റെ ആന്തരിക ഭീഷണികളാണെന്നാണത്രേ പറഞ്ഞത്. എങ്ങനെയുണ്ട്? 19, 20 അദ്ധ്യായം കഴിഞ്ഞാല്‍ വിചാരധാരയില്‍ അദ്ധ്യായം 21 ആന്തരിക ഭീഷണികള്‍(കമ്യൂണിസ്റ്റുകള്‍) എന്നാണ്. (ചിത്രം-3) 21ാമത്തെ അദ്ധ്യായം കാണാത്തതു കൊണ്ട് പറയാത്തതല്ല. അത് ബോധപൂര്‍വ്വം പറയാത്തതാണ്. അതാണ് മനോരമയുടെ രാഷ്ട്രീയ സൂക്ഷ്മത. എന്തൊരു പരിശീലനം ?!,’ എം. ബി രാജേഷ് ഫേസ്ബുക്കിലെഴുതി.
ഇക്കഴിഞ്ഞ ദിവസമാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാംപസിന് ഗോള്‍വാള്‍ക്കറുടെ പേരിടുമെന്ന് ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അറിയിച്ചത്. ‘ഈ ഗവേഷണ കേന്ദ്രത്തിന് ഗുരുജി മാധവ് സദാശിവ് ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ഇന്‍ കാന്‍സര്‍, വൈറല്‍ ഇന്‍ഫെക്ഷന്‍” എന്ന് പേരിടുന്നതില്‍ സന്തോഷമുണ്ട്’, ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള നിരവധി പേര്‍ രംഗത്തെത്തി. ശാസ്ത്രസ്ഥാപനത്തിന് ആര്‍.എസ്.എസ് സൈദ്ധാന്തികന്റെ പേരിടുന്നതിലെ യുക്തിയെന്താണെന്ന് പലരും ചോദ്യമുന്നയിച്ചു. കേരളത്തിലെ ആദ്യ വാക്‌സിന്‍ വിദഗ്ധനായ ഡോ.പല്‍പ്പുവിന്റെ പേരാണ് ഇടേണ്ടതെന്ന് ശശി തരൂര്‍, മുല്ലക്കര രത്‌നാകരന്‍, എം.എ ബേബി തുടങ്ങി നിരവധി പേര്‍ ചൂണ്ടിക്കാണിച്ചു. രാജ്യത്തിന്റെ ചരിത്രത്തില്‍ത്തന്നെ ഇത്രയധികം വെറുപ്പ് പ്രചരിപ്പിച്ച മറ്റൊരു വ്യക്തിയുണ്ടാകാന്‍ വഴിയില്ലെന്നും മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു.
കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ കേരള സര്‍ക്കാരും രംഗത്തെത്തി. ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിനെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹര്‍ഷവര്‍ധന് കത്തെഴുതി.രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിക്ക് ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സ്ഥാപനത്തിന് വിഖ്യാത ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ പേരിടണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ പ്രധാനപ്പെട്ട ഗവേഷണ സ്ഥാപനം രാഷ്ട്രീയ വിഭാഗീയതക്ക് അതീതമാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥാപനം കൂടുതല്‍ വികസനം ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാറിന് കൈമാറിയത്.
പേര് മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടെങ്കില്‍ തിരുത്തണമെന്നും തീരുമാനമെടുത്തില്ലെങ്കില്‍ സര്‍ക്കാറിന്റെ അപേക്ഷ പരിഗണിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. നേരത്തെ പേര് മാറ്റത്തില്‍ എതിര്‍പ്പറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രത്തിന് കത്തയച്ചിരുന്നു.
ഇതിനു പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ രംഗത്തെത്തിയത്. നെഹ്റു ട്രോഫി വള്ളംകളിക്ക് ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേര് നല്‍കിയത് അദ്ദേഹത്തിന് വള്ളംകളിയറിഞ്ഞിട്ടാണോയെന്നും ഏതെങ്കിലും കായികയിനത്തില്‍ പങ്കെടുത്തിട്ടാണോയെന്നും മുരളീധരന്‍ വാര്‍ത്തസമ്മേളനത്തില്‍ ചോദിച്ചു. മുരളീധരന്റെ പ്രസ്താവന ഏറെ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇടയാക്കിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക