എന്റെ മറുപടിയില്‍ നിന്ന് അവര്‍ക്കാവശ്യമുള്ള ഭാഗങ്ങളെടുത്തു; 'മന്ത്രി റിയാസിനെതിരെ എം.ബി. രാജേഷ്' എന്ന തലക്കെട്ട് കൊടുക്കാന്‍ ഏഷ്യാനെറ്റിനായില്ല: എം.ബി. രാജേഷ്
Kerala News
എന്റെ മറുപടിയില്‍ നിന്ന് അവര്‍ക്കാവശ്യമുള്ള ഭാഗങ്ങളെടുത്തു; 'മന്ത്രി റിയാസിനെതിരെ എം.ബി. രാജേഷ്' എന്ന തലക്കെട്ട് കൊടുക്കാന്‍ ഏഷ്യാനെറ്റിനായില്ല: എം.ബി. രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th June 2023, 6:49 pm

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതിച്ഛായ പരാമര്‍ശത്തിലെ പ്രതികരണവുമായി ബന്ധപ്പെട്ട ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്തയില്‍ വിമര്‍ശനവുമായി മന്ത്രി എം.ബി. രാജേഷ്. വിഷയത്തില്‍ അവര്‍ക്ക് ആവശ്യമുള്ള ഭാഗങ്ങള്‍ മാത്രമെടുത്ത് വാര്‍ത്തയാക്കുകയായിരുന്നുവെന്ന് മന്ത്രി ഫേസ്ബുക്കില്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസില്‍ നിന്ന് വിളിച്ചപ്പോഴേ റിയാസിനെ വിളിച്ചിരുന്നുവെന്നും അദ്ദേഹം സംസാരിച്ച കാര്യങ്ങളെ കുറിച്ച് അന്വേഷിച്ചിരുന്നുവെന്നും എം.ബി. രാജേഷ് പറഞ്ഞു. റിയാസിന്റെയും തന്റെയും സംഭാഷണങ്ങള്‍ ചേര്‍ത്തുവെച്ച് ഒരു പ്രതീതി സൃഷ്ടിക്കാന്‍ ദുര്‍ബലമായ ഒരു ശ്രമം ഏഷ്യാനെറ്റ് നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

‘പാലക്കാട്ട് നിന്ന് രണ്ട് മണിക്കൂര്‍ യാത്ര ചെയ്യണം തൃത്താലയിലെത്താന്‍. നേരെ മന്ത്രി സഖാവ് മുഹമ്മദ് റിയാസിനെ വിളിച്ചു. രണ്ട് മണിക്കൂര്‍ യാത്ര ചെയ്ത് പാലക്കാട് നിന്ന് തൃത്താലയിലെത്തി ഒരു ബൈറ്റെടുക്കാന്‍ ഏഷ്യാനെറ്റ് വരുമ്പോള്‍ എന്തെങ്കിലും ഒരു ഉദ്ദേശമുണ്ടാകുമല്ലോ എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.

എന്താണ് ഇന്റര്‍വ്യൂവില്‍ പറഞ്ഞതെന്ന് ചോദിച്ചു. ഞങ്ങള്‍ ഹ്രസ്വമായി സംസാരിച്ചു. ഉച്ചയ്ക്കു ശേഷം മൂന്ന് മണിയായപ്പോള്‍ തൃത്താലയിലെ ഒരു പരിപാടി സ്ഥലത്തേക്ക് ഏഷ്യാനെറ്റുകാര്‍ എത്തി. മന്ത്രിമാര്‍ രാഷ്ട്രീയം പറയുന്നില്ല, പ്രതിഛായയുടെ തടവറയിലാണ് എന്ന് മന്ത്രി റിയാസ് പറഞ്ഞതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് ചോദ്യം.

മന്ത്രി റിയാസ് അങ്ങനെ പറഞ്ഞിട്ടില്ലല്ലോ. നിങ്ങള്‍ ഇത്ര ദൂരം യാത്ര ചെയ്ത് വരുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് എന്താണെന്ന് വ്യക്തമാക്കുകയും ചെയ്തു.

അത് നിങ്ങള്‍ പറയുന്നതു പോലെയല്ല എന്ന് മറുപടി. ആ മറുപടി ഒഴിവാക്കി ബാക്കി ചോദ്യങ്ങള്‍ക്ക് ഞാന്‍ പറഞ്ഞ മറുപടിയില്‍ നിന്ന് അവര്‍ക്കാവശ്യമുള്ള ചില ഭാഗങ്ങള്‍ മാത്രമെടുത്ത് ഏഷ്യാനെറ്റ് എന്റെ ബൈറ്റും കൊടുത്തിട്ടുണ്ട്.

റിയാസിന്റെയും എന്റെയും സംഭാഷണങ്ങള്‍ ചേര്‍ത്തുവെച്ച് ഒരു പ്രതീതി സൃഷ്ടിക്കാന്‍ ദുര്‍ബലമായ ഒരു ശ്രമം നടത്തിയിട്ടുണ്ട് ഏഷ്യാനെറ്റ്. ഞാനും റിയാസും വിരുദ്ധാഭിപ്രായങ്ങളാണ് പറഞ്ഞത് എന്ന പ്രതീതി സൃഷ്ടിക്കാനാണ് ശ്രമം,’ എം.ബി. രാജേഷ് പറഞ്ഞു.

‘മന്ത്രി റിയാസിനെതിരെ എം ബി രാജേഷ്’ എന്ന് സ്വപ്നം കണ്ട തലക്കെട്ട് കൊടുക്കാന്‍ ഏഷ്യാനെറ്റിനായില്ലെന്നും അത്രത്തോളം പോകാത്തതിന് നന്ദിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ന് മനോരമയിലും ഏഷ്യാനെറ്റിന്റെ ചുവടുപിടിച്ച് വാര്‍ത്ത കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ പരസ്പരം സംസാരിച്ച ശേഷമാണ് പ്രതികരിച്ചത് എന്നതുകൊണ്ട് ‘മന്ത്രി റിയാസിനെതിരെ എം ബി രാജേഷ്’ എന്ന് സ്വപ്നം കണ്ട തലക്കെട്ട് കൊടുക്കാന്‍ ഏഷ്യാനെറ്റിനായില്ല. അത്രത്തോളം പോകാത്തതിന് നന്ദി.

എങ്കിലും, ആര്‍ക്കെങ്കിലും ഒരു തെറ്റിദ്ധാരണ ഉണ്ടാകുന്നെങ്കിലാകട്ടെ എന്ന മട്ടിലൊന്ന് അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഫലത്തില്‍ ഞങ്ങളിരുവരും പറഞ്ഞത് ഒരേ കാര്യമാണ്. പാര്‍ട്ടിയേയും സര്‍ക്കാരിനെയും പ്രതിരോധിക്കാന്‍ മന്ത്രിയാണെങ്കിലും അല്ലെങ്കിലും എല്ലാ പാര്‍ട്ടി അംഗങ്ങള്‍ക്കും ചുമതലയുണ്ട്.

എല്ലാ പാര്‍ട്ടി അംഗങ്ങളെയും പോലെ മന്ത്രിമാരും പാര്‍ട്ടിയെയും സര്‍ക്കാരിനെയും രാഷ്ട്രീയമായും അല്ലാതെയും പ്രതിരോധിക്കണം. ഇതാണ് രണ്ടിന്റെയും ഉള്ളടക്കം. ഇന്ന് മനോരമയില്‍ ഏഷ്യാനെറ്റിന്റെ ചുവടുപിടിച്ച് വാര്‍ത്ത കൊടുത്തിട്ടുണ്ട്,’ എം.ബി. രാജേഷ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് പരിപാടിയില്‍ റിയാസ് പ്രതിച്ഛായ പരാമര്‍ശം നടത്തിയിരുന്നു. പ്രതിച്ഛായ ഓര്‍ത്ത് മന്ത്രിമാര്‍ അഭിപ്രായം പറയാന്‍ മടിക്കരുതെന്നും മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിക്കാന്‍ മന്ത്രിമാര്‍ക്ക് ബാധ്യതയുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഇതിലെ പരാമര്‍ശമാണ് ഏഷ്യാനെറ്റ് വളച്ചൊടിച്ചതെന്ന് മന്ത്രി പറഞ്ഞു.

പ്രതിച്ഛായ എന്ന പ്രയോഗം തന്നെ കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നും പ്രതിച്ഛായ എന്നത് വലതുപക്ഷ പ്രയോഗമാണെന്നുമാണ് എം.ബി.രാജേഷിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. ബൈറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്നലെ രാവിലെ തന്നെ ഏഷ്യാനെറ്റില്‍ നിന്ന് ഒരു കോള്‍ ലഭിച്ചു. ഒരു ബൈറ്റ് വേണമെന്നാണ് ആവശ്യം. എന്താണ് വിഷയമെന്ന് അന്വേഷിച്ചപ്പോള്‍, മന്ത്രി മുഹമ്മദ് റിയാസ് പോയിന്റ് ബ്ലാങ്കില്‍ നടത്തിയ പരാമര്‍ശത്തെ സംബന്ധിച്ചാണെന്ന് മറുപടി.

മന്ത്രി മുഹമ്മദ് റിയാസിന്റെ ഇന്റര്‍വ്യൂ ഞാന്‍ കണ്ടിട്ടില്ലെന്നും കാണാതെ അഭിപ്രായം പറയാനില്ലെന്നും പറഞ്ഞു. മാത്രമല്ല, ഞാന്‍ വളരെ ദൂരെ തൃത്താല മണ്ഡലത്തിലെ പരിപാടികളിലാണെന്നും അറിയിച്ചു. അപ്പോള്‍ ഏഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടര്‍ തൃത്താലയില്‍ എത്തിക്കൊള്ളാമെന്നായി.

പാലക്കാട്ട് നിന്ന് രണ്ട് മണിക്കൂര്‍ യാത്ര ചെയ്യണം തൃത്താലയിലെത്താന്‍. നേരേ മന്ത്രി സഖാവ് മുഹമ്മദ് റിയാസിനെ വിളിച്ചു. രണ്ട് മണിക്കൂര്‍ യാത്ര ചെയ്ത് പാലക്കാട് നിന്ന് തൃത്താലയിലെത്തി ഒരു ബൈറ്റെടുക്കാന്‍ ഏഷ്യാനെറ്റ് വരുമ്പോള്‍ എന്തെങ്കിലും ഒരു ഉദ്ദേശമുണ്ടാകുമല്ലോ എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.

എന്താണ് ഇന്റര്‍വ്യൂവില്‍ പറഞ്ഞതെന്ന് ചോദിച്ചു. ഞങ്ങള്‍ ഹ്രസ്വമായി സംസാരിച്ചു. ഉച്ചയ്ക്കു ശേഷം മൂന്ന് മണിയായപ്പോള്‍ തൃത്താലയിലെ ഒരു പരിപാടി സ്ഥലത്തേക്ക് ഏഷ്യാനെറ്റുകാര്‍ എത്തി. മന്ത്രിമാര്‍ രാഷ്ട്രീയം പറയുന്നില്ല, പ്രതിഛായയുടെ തടവറയിലാണ് എന്ന് മന്ത്രി റിയാസ് പറഞ്ഞതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് ചോദ്യം.

മന്ത്രി റിയാസ് അങ്ങനെ പറഞ്ഞിട്ടില്ലല്ലോ. നിങ്ങള്‍ ഇത്ര ദൂരം യാത ചെയ്ത് വരുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് എന്താണെന്ന് വ്യക്തമാക്കുകയും ചെയ്തു.

അത് നിങ്ങള്‍ പറയുന്നതു പോലെയല്ല എന്ന് മറുപടി. ആ മറുപടി ഒഴിവാക്കി ബാക്കി ചോദ്യങ്ങള്‍ക്ക് ഞാന്‍ പറഞ്ഞ മറുപടിയില്‍ നിന്ന് അവര്‍ക്കാവശ്യമുള്ള ചില ഭാഗങ്ങള്‍ മാത്രമെടുത്ത് ഏഷ്യാനെറ്റ് എന്റെ ബൈറ്റും കൊടുത്തിട്ടുണ്ട്.

റിയാസിന്റെയും എന്റെയും സംഭാഷണങ്ങള്‍ ചേര്‍ത്തുവെച്ച് ഒരു പ്രതീതി സൃഷ്ടിക്കാന്‍ ദുര്‍ബലമായ ഒരു ശ്രമം നടത്തിയിട്ടുണ്ട് ഏഷ്യാനെറ്റ്. ഞാനും റിയാസും വിരുദ്ധാഭിപ്രായങ്ങളാണ് പറഞ്ഞത് എന്ന പ്രതീതി സൃഷ്ടിക്കാനാണ് ശ്രമം.

ഞങ്ങള്‍ പരസ്പരം സംസാരിച്ച ശേഷമാണ് പ്രതികരിച്ചത് എന്നതുകൊണ്ട് ‘മന്ത്രി റിയാസിനെതിരെ എം ബി രാജേഷ്’ എന്ന് സ്വപ്നം കണ്ട് തലക്കെട്ട് കൊടുക്കാന്‍ ഏഷ്യാനെറ്റിനായില്ല. അത്രത്തോളം പോകാത്തതിന് നന്ദി.

എങ്കിലും, ആര്‍ക്കെങ്കിലും ഒരു തെറ്റിദ്ധാരണ ഉണ്ടാകുന്നെങ്കിലാകട്ടെ എന്ന മട്ടിലൊന്ന് അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഫലത്തില്‍ ഞങ്ങളിരുവരും പറഞ്ഞത് ഒരേ കാര്യമാണ്. പാര്‍ട്ടിയേയും സര്‍ക്കാരിനെയും പ്രതിരോധിക്കാന്‍ മന്ത്രിയാണെങ്കിലും അല്ലെങ്കിലും എല്ലാ പാര്‍ട്ടി അംഗങ്ങള്‍ക്കും ചുമതലയുണ്ട്.

എല്ലാ പാര്‍ട്ടി അംഗങ്ങളെയും പോലെ മന്ത്രിമാരും പാര്‍ട്ടിയെയും സര്‍ക്കാരിനെയും രാഷ്ട്രീയമായും അല്ലാതെയും പ്രതിരോധിക്കണം. ഇതാണ് രണ്ടിന്റെയും ഉള്ളടക്കം. ഇന്ന് മനോരമയില്‍ ഏഷ്യാനെറ്റിന്റെ ചുവടുപിടിച്ച് വാര്‍ത്ത കൊടുത്തിട്ടുണ്ട്.

പതുക്കെ ഒരു വിവാദത്തിന് ഊതിയൂതി തീപിടിപ്പിക്കാനാവുമോ എന്നാണ് ശ്രമിക്കുന്നത്. പക്ഷേ എത്ര ഊതിയാലും ഈ വിവാദത്തീ കത്തിക്കാനാവുമെന്ന് മാധ്യമങ്ങള്‍ വ്യാമോഹിക്കരുത്.

content highlight: mb rajesh against asianet news