കല്‍പ്പറ്റ: വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഡിസ്പോസിബിള്‍ പാത്രങ്ങള്‍ക്ക് പകരം ആയിരം സ്റ്റീല്‍ പാത്രങ്ങള്‍ എത്തിച്ചുനല്‍കിയ നടന്‍ ടൊവിനോ തോമസിന് മന്ത്രി എം.ബി രാജേഷിന്റെ അഭിനന്ദനം.
ക്യാമ്പുകളില്‍ ആദ്യ ദിവസങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ ഡിസ്പോസിബിള്‍ പാത്രങ്ങളും ഗ്ലാസുകളുമായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇത് വന്‍ തോതില്‍ മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടാനും മാലിന്യ നിര്‍മാര്‍ജനം കൂടുതല്‍ ദുഷ്‌കരമാക്കാനും കാരണമാകുമെന്ന പരാതി ഉയര്‍ന്നിരുന്നു.
ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ടൊവിനോ ആയിരം സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും ക്യാമ്പുകളില്‍ എത്തിച്ചു നല്‍കുമെന്ന് അറിയിക്കുകയായിരുന്നു.
പുനരുപയോഗിക്കാവുന്ന ഇത്തരം സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നത് വഴി ക്യാമ്പുകളില്‍ വന്‍ തോതിലുള്ള മാലിന്യം ഒഴിവാക്കാന്‍ കഴിഞ്ഞെന്നും തദ്ദേശ സ്വയം ഭരണ വകുപ്പിന് വേണ്ടി ടൊവിനോയെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
2018-ലെ പ്രളയസമയത്തുള്ള ടൊവിനോയുടെ ഇടപെടലുകളും ഏറെ ശ്രദ്ധനേടിയിരുന്നു.
എം.ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഏവരും ഒറ്റക്കെട്ടായി വയനാടിന് വേണ്ടി അണിനിരക്കുകയാണ്. അപ്പോഴും ടൊവിനോയെ പ്രത്യേകം അഭിനന്ദിക്കാന്‍ ഒരു കാരണമുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആയിരക്കണക്കിന് മനുഷ്യരുണ്ട്.
അവിടെ ഭക്ഷണം വിതരണം ചെയ്യാന്‍ ഉപയോഗിച്ചുകൊണ്ടിരുന്നത് ഡിസ്പോസിബിള്‍ പാത്രങ്ങളും ഗ്ലാസുകളുമായിരുന്നു. മാലിന്യ നിര്‍മാര്‍ജനം കൂടുതല്‍ ദുഷ്‌കരമാക്കുന്ന ഈ വെല്ലുവിളി സംബന്ധിച്ച് മാതൃഭൂമിയോട് ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ നടത്തിയ പ്രതികരണം ടൊവിനോ തോമസിന്റെ ശ്രദ്ധയില്‍പ്പെട്ടു.
പിന്നാലെ ടൊവിനോ ആയിരം സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും ക്യാമ്പില്‍ എത്തിക്കുമെന്ന് അറിയിച്ചു. വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന സ്റ്റീല്‍ പാത്രങ്ങള്‍ വഴി ഡിസ്പോസിബിള്‍ പാത്രങ്ങളും ഗ്ലാസുകളും മൂലമുണ്ടാവുന്ന വന്‍തോതിലുള്ള മാലിന്യം ഒഴിവാക്കാന്‍ കഴിയുന്നു. ഒരു നല്ല സന്ദേശമാണ് ടൊവിനോ മുന്നോട്ടുവെച്ചത്.
ടൊവിനോയുടെ ഈ മാതൃകാപരമായ പിന്തുണയെ തദ്ദേശ സ്വയം ഭരണ വകുപ്പിന് വേണ്ടി പ്രത്യേകം അഭിനന്ദിക്കുന്നു. ഇത്തരം വിഷയങ്ങള്‍ ശ്രദ്ധയില്‍ക്കൊണ്ടുവന്ന മാതൃഭൂമി ചാനലിന്റെ ഇടപെടലും അഭിനന്ദനാര്‍ഹമാണ്.
എല്ലാ ക്യാമ്പുകളിലെയും അന്തേവാസികള്‍ക്ക് സ്റ്റീല്‍ പാത്രങ്ങള്‍ ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞു. മാലിന്യ മുക്തമായ ക്യാമ്പുകള്‍ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് ഇത്തരം വാര്‍ത്തകളും ഇടപെടലുകളും.
Content Highlight: MB Rajesh about Tovino Thomas Help on Wayanad Landslide Victims