അധികാരത്തിന്റെ ക്രീസില്‍ ഗാംഗുലി തളച്ചിടപ്പെട്ടപ്പോള്‍ ചീറിപ്പാഞ്ഞു വന്ന ഫാസിസ്റ്റ് രാഷട്രീയത്തിന്റെ ധാര്‍ഷ്ട്യത്തെ തൂക്കിയടിച്ചിരിക്കുകയാണ് മകള്‍: പിന്തുണച്ച് എം.ബി രാജേഷ്
Citizenship Amendment Act
അധികാരത്തിന്റെ ക്രീസില്‍ ഗാംഗുലി തളച്ചിടപ്പെട്ടപ്പോള്‍ ചീറിപ്പാഞ്ഞു വന്ന ഫാസിസ്റ്റ് രാഷട്രീയത്തിന്റെ ധാര്‍ഷ്ട്യത്തെ തൂക്കിയടിച്ചിരിക്കുകയാണ് മകള്‍: പിന്തുണച്ച് എം.ബി രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th December 2019, 11:33 am

കോഴിക്കോട്: പൗരത്വഭേദഗതി നിയമത്തിനെതിരെ നിലപാട് പ്രഖ്യാപിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ മകളെ അഭിനന്ദിച്ച് എം.ബി രാജേഷ് എം.പി

ഈ നിര്‍ണ്ണായക ചരിത്ര സന്ദര്‍ഭത്തില്‍ നീതിയുടെ പക്ഷത്ത്, പൊരുതുന്ന മനുഷ്യരുടെ പക്ഷത്ത് ഗാംഗുലിയില്ലെന്നും പക്ഷേ മകള്‍ സന അവര്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നെന്നും എം.ബി രാജേഷ് പറഞ്ഞു.

വിഖ്യാതമായ ലോര്‍ഡ്‌സിലെ മൈതാനത്ത് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന്റെ ആഹ്ലാദം ഷര്‍ട്ടൂരി വീശി പ്രകടിപ്പിച്ച അന്നത്തെ റിബല്‍ ഇന്ന് മകളോട് അഭിപ്രായം പറയരുതെന്ന് വിലക്കുമ്പോള്‍ അവള്‍ റിബലായി നിലപാട് ഉറക്കെ പറയുന്നു.

മകള്‍ അച്ഛനേക്കാള്‍ ധീരതയും വിവേകവും സത്യസന്ധതയും പുലര്‍ത്തുന്നു. ഇപ്പോള്‍ എനിക്ക് ഗാംഗുലിയോടുള്ള ഇഷ്ടം അവശേഷിക്കുന്നത് ധീരയായ സനയുടെ അച്ഛനെന്ന നിലയില്‍ മാത്രമാണെന്നും എം.ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ന് ഗാംഗുലിയുടെ മകള്‍ സന അവളുടെ ധീരമായ നിലപാട് കൊണ്ട് എന്റെ ഹൃദയം കവരുന്നു. ഖുഷ്വന്ത് സിങ്ങിന്റെ പുസ്തകം ഉദ്ധരിച്ചു കൊണ്ടാണ് സന ഇന്ത്യക്ക് അന്ത്യം കുറിക്കാനുള്ള സംഘ പരിവാറിന്റെ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ചത്.

കളിക്കുന്ന കാലത്ത് ഗാംഗുലി ക്രീസില്‍ നിന്ന് ചാടിയിറങ്ങി ബാറ്റ് വീശിയാല്‍ പന്ത് ഗ്യാലറിയില്‍ നോക്കിയാല്‍ മതിയായിരുന്നു. ക്രീസ് വിട്ടിറങ്ങി ആഞ്ഞടിച്ച ആ കാലം പിന്നിട്ട ഗാംഗുലി ഇപ്പോള്‍ അധികാരത്തിന്റെ ക്രീസില്‍ തളച്ചിടപ്പെട്ടിരിക്കുന്നു. പക്ഷേ പതിനെട്ടുകാരി മകള്‍ ചീറിപ്പാഞ്ഞു വന്ന ഫാസിസ്റ്റ് രാഷട്രീയത്തിന്റെ ധാര്‍ഷ്ട്യത്തെ തൂക്കിയടിച്ചിരിക്കുന്നു, പഴയ ഗാംഗുലിയെപ്പോലെ.

മനോഹരമായ കവര്‍ ഡ്രൈവുകളും സ്‌ക്വയര്‍ ഡ്രൈവുകളും കളിച്ചിരുന്ന ഗാംഗുലിയെക്കുറിച്ച് ഒരിക്കല്‍ രാഹുല്‍ ദ്രാവിഡാണ് പറഞ്ഞത് ഓഫ് സൈഡില്‍ ദൈവം കഴിഞ്ഞാല്‍ പിന്നെ ഗാംഗുലിയേയുള്ളൂവെന്ന്. എന്നാല്‍ ഈ നിര്‍ണ്ണായക ചരിത്ര സന്ദര്‍ഭത്തില്‍ നീതിയുടെ പക്ഷത്ത്, പൊരുതുന്ന മനുഷ്യരുടെ പക്ഷത്ത് ഗാംഗുലിയില്ല. പക്ഷേ മകള്‍ സന അവര്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. – എം.ബി രാജേഷ് കുറിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ദിവസമായിരുന്നു സൗരവ് ഗാംഗുലിയുടെ മകള്‍ ഫാസിസ്റ്റ് ഭരണകൂടത്തെ പറ്റി പരാമര്‍ശിക്കുന്ന ഖുഷ്വന്ത് സിങ് എഴുതിയ ദി എന്‍ഡ് ഓഫ് ഇന്ത്യ എന്ന പുസ്തകത്തിലെ ഒരു ഭാഗം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലായിരുന്നു സനയുടെ പോസ്റ്റ്.

‘മുസ്‌ലിങ്ങള്‍ അല്ലാത്തതിനാല്‍ സുരക്ഷിതരാണെന്ന് ചിന്തിക്കുന്നവര്‍ ബുദ്ധിയില്ലാത്തവരാണെന്നും ഇന്നു നമ്മള്‍ നിശബ്ദരാവുകയാണെങ്കില്‍ ഇനി അവര്‍ തേടിവരിക പാവാട ധരിക്കുന്നവരെയും മദ്യം കഴിക്കുന്നവരെയും വിദേശ സിനിമകള്‍ കാണുന്നവരെയും ആവുമെന്നും പറയുന്ന ‘ദി എന്‍ഡ് ഓഫ് ഇന്ത്യ’യിലെ ഭാഗമായിരുന്നു സന ഷെയര്‍ ചെയ്തത്. ഇത് വലിയ ചര്‍ച്ചയതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ഇതിന് പിന്നാലെ തന്റെ മകള്‍ വളരെ ചെറുപ്പമാണെന്നും രാഷ്ട്രീയം മനസ്സിലാക്കാനുള്ള പ്രായം ആയിട്ടില്ലെന്നും അവളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും പറഞ്ഞ് സൗരവ് ഗാംഗുലി രംഗത്തെത്തുകയും ചെയ്തു.

എന്നാല്‍ സൗരവിന്റെ നിലപാടുകളെ തള്ളിയും സനയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.