| Friday, 12th January 2024, 10:39 pm

ഇന്ത്യയിലെ മാധ്യമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി പാദപൂജ ചെയ്യുന്നു: എം.ബി. രാജേഷ്

സ്പോര്‍ട്സ് ഡെസ്‌ക്

കോഴിക്കോട് : ഇന്ത്യയിലെ മാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാറിന് വേണ്ടി പാദപൂജ നടത്തുന്നുവെന്ന് മന്ത്രി എം.ബി. രാജേഷ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഏഴാം എഡിഷനില്‍ ‘കഥ’ വേദിയില്‍ ‘എന്റെ നാടുകടത്തല്‍ : സ്വദേശാഭിമാനി’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം.

സ്വദേശാഭിമാനിയെ നാടുകടത്തിയത് തിരുവിതാംകൂര്‍ രാജാധികാരത്തിനെതിരെ എഴുതിയതുകൊണ്ടാണ്. നാടുകടത്തല്‍ നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടി അന്നത്തെ പല മാധ്യമങ്ങളും ഇക്കാര്യത്തില്‍ അന്നത്തെ ഭരണത്തെ വിമര്‍ശിച്ചിരുന്നു. അന്നത്തെ കാലത്ത് മാധ്യമങ്ങള്‍ക്കെതിരെ ഉണ്ടായ പ്രശ്‌നങ്ങളും മാധ്യമങ്ങള്‍ക്കെതിരെ ഇന്നുണ്ടാകുന്ന പ്രശ്‌നങ്ങളും തമ്മില്‍ സാദൃശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അധികാരത്തിന് കീഴടങ്ങിയാണ് ഇന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് നിരീക്ഷിച്ച എം.ബി. രാജേഷ് മാധ്യമങ്ങള്‍ കേന്ദ്ര ഭരണകൂടവുമായി സഖ്യത്തിലാണ് എന്നും കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ചരക്കുവത്ക്കരിക്കപ്പെടുന്നുവെന്നും ആളുകളെ ആകര്‍ഷിക്കുക മാത്രമാണ് ഇന്ന് വാര്‍ത്തകളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പുതിയകാലം വാര്‍ത്താധിക്യകാലമാണെന്നും ഭരണകൂടങ്ങള്‍ എന്നും മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയാണ് ചെയ്യണ്ടേത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാധ്യമങ്ങള്‍ വര്‍ഗപരമായിട്ടുള്ള പക്ഷപാതിത്വം കാണിക്കുന്നുവെന്നും പ്രധാന വാര്‍ത്തകളെ അപ്രധാന വാര്‍ത്തകളാക്കി മാറ്റുന്നുവെന്നുള്ള അഭിപ്രായം തനിക്കുണ്ടെന്നും എം.ബി. രാജേഷ് പറഞ്ഞു.

മാധ്യമങ്ങളെ ഇന്ത്യന്‍ ഗവണ്‍മെന്റും കേരള ഗവണ്മെന്റും എങ്ങനെയാണ് കാണുന്നത് എന്ന അനുപമ വെങ്കിടേശ്വരന്റെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ ഉത്തരം, വ്യത്യസ്തമായാണ് മാധ്യമങ്ങളെ രണ്ട് സര്‍ക്കാറുകളും കാണുന്നത് എന്നാണ്. കേന്ദ്രസര്‍ക്കാറിന്റെ ഹിന്ദുത്വ വാദത്തിന്റെ കിഴില്‍ മാധ്യമങ്ങള്‍ ഭരണകൂടവേട്ടയെ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: MB Rajesh about national medias

We use cookies to give you the best possible experience. Learn more