റെയില്‍വെ ഭൂമിയിലെ മാലിന്യം ആര് നീക്കുമെന്നാണ് ഇപ്പോഴത്തെ തര്‍ക്ക വിഷയം, ഈ കോടതി വിധിയോടെ അതില്‍ തീരുമാനമാകും: എം. ബി. രാജേഷ്
Kerala News
റെയില്‍വെ ഭൂമിയിലെ മാലിന്യം ആര് നീക്കുമെന്നാണ് ഇപ്പോഴത്തെ തര്‍ക്ക വിഷയം, ഈ കോടതി വിധിയോടെ അതില്‍ തീരുമാനമാകും: എം. ബി. രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th July 2024, 8:44 pm

തിരുവനന്തപുരം: ആമയഴിച്ചാല്‍ തോടിലെ മാലിന്യം നീക്കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേയും നഗരസഭയും പരസ്പരം പഴി ചാരുന്നതിനിടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി തദ്ദേശസ്വയം ഭരണ വുപ്പ് മന്ത്രി എം.ബി. രാജേഷ്. വിഷയത്തില്‍ കേരള ഹൈക്കോടതി തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

റെയില്‍വെ ഭൂമിയിലെ മാലിന്യം ആര് നീക്കുമെന്നാണ് ഇപ്പോഴത്തെ തര്‍ക്ക വിഷയം, ഈ കോടതി വിധിയോടെ അതില്‍ തീരുമാനമാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘റെയില്‍വേ ഭൂമിയിലെ മാലിന്യത്തിന്റെ ചുമതല ആര്‍ക്ക് എന്നാണല്ലോ രണ്ടുദിവസമായുള്ള ചര്‍ച്ചാവിഷയം. കേന്ദ്രസര്‍ക്കാരിന്റെയും റെയില്‍വേയുടെയും നിയമങ്ങളും ഉത്തരവുകളും വിശദീകരിച്ച് ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിന് ശേഷവും, ഈ വിഷയം ചിലര്‍ക്ക് പഴിചാരലും തര്‍ക്കവും മാത്രമാണ്. അമികസ്‌ക്യൂരിയെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവിനൊപ്പം ഇന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നടത്തിയ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ ഇവയാണ്,’മന്ത്രി പറഞ്ഞു.

റെയില്‍വേ ഭൂമിയിലെ മാലിന്യം നീക്കാനുള്ള പൂര്‍ണ ചുമതല റെയില്‍വേയ്ക്ക് തന്നെയാണെന്നാണ് കോടതി ഉത്തരവില്‍ പറയുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

തിരുവനന്തപുരത്ത് റെയില്‍വേ ഭൂമിക്കിടയിലൂടെയാണ് മാലിന്യ കനാല്‍ കടന്നുപോകുന്നത്. റെയില്‍വേയുടെ ഭൂമിയില്‍ കോര്‍പ്പറേഷന് എന്തെങ്കിലും ചെയ്യാനാവുമോയെന്നും കോടതി ചോദിച്ചു. റെയില്‍വേ ഭൂമിയില്‍ മാലിന്യം കെട്ടിക്കിടപ്പുണ്ട്, ഇത് നീക്കാന്‍ റെയില്‍വേയ്ക്ക് ഉത്തരവാദിത്തമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

കെട്ടിക്കിടന്ന മാലിന്യത്തില്‍ റെയില്‍ നീര്‍ കുടിവെള്ള ബോട്ടിലുകള്‍ ഉള്‍പ്പെടെ റെയില്‍വേ വില്‍ക്കുന്ന പല വസ്തുക്കളുമുണ്ട്. റെയില്‍വേ കനാലില്‍ കെട്ടിക്കിടക്കുന്നത് വര്‍ഷങ്ങളായുള്ള മാലിന്യമാണ്. തിരുവനന്തപുരം സ്‌റ്റേഷനിലെ മാലിന്യം നിലവില്‍ നീക്കുന്നതെങ്ങനെയെന്ന് റെയില്‍വേ അറിയിക്കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

‘കൃത്യമായ ഇടവേളകളില്‍ റെയില്‍വേ മാലിന്യം നീക്കം ചെയ്യണം. കേരളത്തിലെ വലിയ സ്‌റ്റേഷനുകളിലെ മാലിന്യനീക്കം എങ്ങനെയെന്ന് റെയില്‍വേ വ്യക്തമാക്കണം. ആമയിഴഞ്ചാന്‍ തോട് സന്ദര്‍ശിച്ച് അമികസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കണം. ആമയിഴഞ്ചാന്‍ തോടില്‍ അവരവരുടെ നിയന്ത്രണത്തിലുള്ള ഭാഗത്തെ മാലിന്യം എങ്ങനെ നീക്കാനാകുമെന്ന് റെയില്‍വേയും കോര്‍പറേഷനും സത്യവാങ്മൂലം നല്‍കണം.

കൊച്ചുവേളി സ്‌റ്റേഷനില്‍ പ്ലാസ്റ്റിക് കൂട്ടിയിട്ട ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു. അമികസ്‌ക്യൂരി ഇക്കാര്യവും നേരിട്ടു പരിശോധിക്കണം.

ആമയിഴഞ്ചാന്‍ തോട്ടിലെ അപകടത്തില്‍ റെയില്‍വേയും തിരുവനന്തപുരം കോര്‍പ്പറേഷനും ജില്ലാ കളക്ടറും റിപ്പോര്‍ട്ട് നല്‍കണം. അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് പത്ത് ദിവസത്തിനകം അറിയിക്കണം,’ കോടതി ഉത്തരവിലെ പ്രധാന ഭാഗങ്ങള്‍ അക്കമിട്ട് നിരത്തി മന്ത്രി പറഞ്ഞു.

ഇപ്പോള്‍ കാര്യങ്ങള്‍ എല്ലാവര്‍ക്കും വ്യക്തമായെന്ന് കരുതുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. തര്‍ക്കത്തിന്റെയോ പഴിചാരലിന്റെയോ വിഷയമല്ല ഇത്. നഗരസഭയുടെ മുന്‍കൈയില്‍ സര്‍ക്കാരിന്റെ പിന്തുണയോടെ എല്ലാ വിഭാഗം ആളുകളെയും ഏകോപിപ്പിച്ചുകൊണ്ട് കൂടുതല്‍ ശക്തമായ ഇടപെടല്‍ തിരുവനന്തപുരത്ത് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഓരോ വ്യക്തിയും സമൂഹമാകെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സര്‍ക്കാരും മാധ്യമങ്ങളും മറ്റ് സംവിധാനങ്ങളുമെല്ലാം സ്വന്തം ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയും ഏകോപനത്തോടെ പ്രവര്‍ത്തിച്ചും മാത്രമേ മാലിന്യമുക്തമായ നാട് സൃഷ്ടിക്കാനാവൂ. ഉറച്ച നടപടികളിലൂടെ സര്‍ക്കാര്‍ അതുറപ്പാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച ജോയ് അപകടത്തിൽ പെട്ടതിന് പിന്നാലെ സർക്കാരിനെതിരെയും തിരുവനന്തപുരം ന​ഗരസഭയ്ക്കെതിരെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പടെയുെള്ളവർ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു.

Content Highlight: mb rajesh about amayizhanchan canal death incident