ന്യൂദല്‍ഹി: ദല്‍ഹി രാംലീല മൈതാനത്ത് മസ്ദൂര്‍ കിസാന്‍ സംഘര്‍ഷ് റാലി സംഘടിപ്പിച്ച് കര്‍ഷക-തൊഴിലാളി സംഘടനകള്‍. സി.ഐ.ടി.യു, കിസാന്‍ സഭ, എ.ഐ.എ.ഡബ്ല്യു.യു (ആള്‍ ഇന്ത്യാ അഗ്രികള്‍ച്ചറല്‍ വര്‍ക്കേര്‍സ് യൂണിയന്‍) എന്നിവരുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ പതിനായിരക്കണക്കിനാളുകളാണ് രാംലീല മൈതാനത്ത് ഒത്തുകൂടിയത്.
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെയും വര്‍ഗീയതയ്ക്കും ഏകാധിപത്യത്തിനുമെതിരെയാണ് മസ്ദൂര്‍ കിസാന്‍ റാലി നടത്തുന്നതെന്ന് നേരത്തേ തന്നെ കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു.
കോര്‍പ്പറേറ്റ് വര്‍ഗീയ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ശബ്ദമുയര്‍ത്താനും ജനപക്ഷ നയങ്ങള്‍ സംരക്ഷിക്കാനുമാണ് റാലി നടത്തുന്നതെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അറിയിച്ചു. റാലിയില്‍ പങ്കെടുക്കുന്നവരുടെ ചിത്രങ്ങളും വീഡിയോകളും ട്വീറ്റ് പരമ്പരയില്‍ പങ്കുവെച്ചിട്ടുണ്ട്.
തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും പ്രാഥമികാവകാശമായ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും അര്‍ഹമായ വേതനം നല്‍കണമെന്നുമാണ് നിലവില്‍ റാലിയില്‍ കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
ലേബര്‍കോഡുകളും വൈദ്യുതി നിയമ ഭേദഗതി ബില്‍ 2022ഉം റദ്ദാക്കുക, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ 200 ആക്കുക, പ്രതിദിനം 600 രൂപ വേതനം നല്‍കുക, ദേശീയ നഗര തൊഴിലുറപ്പ് നിയമം നടപ്പാക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ പദ്ധതി റദ്ദാക്കുക, വില വര്‍ധന തടയുക, ഭക്ഷ്യവസ്തുക്കള്‍ക്കും അവശ്യവസ്തുക്കള്‍ക്കുമുള്ള ജി.എസ്.ടി പിന്‍വലിക്കുക, പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയ്ക്കുള്ള കേന്ദ്ര എക്‌സൈസ് തീരുവ ഗണ്യമായി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും റാലിയില്‍ ഉന്നയിച്ചിട്ടുണ്ട്.
കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മോദാനി, ആര്‍.എസ്.എസ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ പഠിക്കേണ്ടതുണ്ടെന്ന് റാലിയെ അഭിസംബോധന ചെയ്ത് കിസാന്‍ സഭയുടെ പ്രസിഡന്റും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവുമായ ഡോ. അശോക് ധാവ്‌ളെ പറഞ്ഞു.
കിസാന്‍ സഭ ജനറല്‍ സെക്രട്ടറി വിജൂ കൃഷ്ണ റാലിയെ അഭിസംബോധന ചെയ്തും സി.ഐ.ടി.യു ജനറല്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ തപന്‍ സെന്‍ റാലി സമാപന ചടങ്ങിലും സംസാരിച്ചു.
കര്‍ഷക സമൂഹത്തെ ഭിന്നിപ്പിക്കാന്‍ വര്‍ഗീയതയും മറ്റ് മാര്‍ഗങ്ങളും കേന്ദ്രം ഉപയോഗിക്കുകയാണെന്നും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും കര്‍ഷകരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
content highlight:Mazdoor Kisan Sangharsh Rally: Tens of thousands flocked to Ramlila Maidan with various demands against the central government