തൃശൂര്‍: തൃശ്ശൂരിലെ പീഡന പരാതി വ്യാജമെന്ന മുന്‍ സിയോണ്‍ ആത്മീയ പ്രസ്ഥാന പ്രവര്‍ത്തകരുടെ ആരോപണങ്ങള്‍ തള്ളി കായിക താരം മയൂഖ ജോണി. സഭാതര്‍ക്കത്തിന്റെ പേരില്‍ ഒരു പെണ്ണും പീഡന പരാതി ഉന്നയിക്കില്ലെന്നാണ് മയൂഖ ജോണി പറഞ്ഞത്.
പ്രതിയ്ക്ക് സ്വാധീനമെന്നതിന്റെ തെളിവാണ് സുഹൃത്തുക്കളുടെ വാര്‍ത്താസമ്മേളനമെന്നും തനിക്കെതിരെ തെളിവായി പറയുന്ന വീഡിയോകളെ പറ്റി അറിയില്ലെന്നും മയൂഖ പറഞ്ഞു.
പ്രതിയ്ക്ക് വേണ്ടി വനിതാ കമ്മീഷന്‍ അധ്യക്ഷയായിരുന്ന എം.സി. ജോസഫൈന്‍ ഇടപെട്ടെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നതായും മയൂഖ പറഞ്ഞു. കേസിലെ മന്ത്രിതല ഇടപെടല്‍ അറിയാന്‍ ഫോണ്‍കോളുകള്‍ പരിശോധിച്ചാല്‍ മതിയെന്നും ആരോപണം ഉന്നയിച്ചത് സിയോണ്‍ പ്രസ്ഥാനത്തിന് വേണ്ടിയല്ലെന്നും മയൂഖ പറഞ്ഞു.
തനിക്കെതിരെ വ്യാജ തെളിവുണ്ടാക്കിയാല്‍ നിയമനടപടി ആലോചിക്കുമെന്നും മയൂഖ പറഞ്ഞു.
മയൂഖ ജോണി ഉന്നയിച്ച ബലാത്സംഗ ആരോപണം വ്യാജമെന്നായിരുന്നു മുമ്പ് സിയോണില്‍ സജീവ പ്രവര്‍ത്തകരായിരുന്നവര്‍ വാര്‍ത്താസമ്മേളനം വിളിച്ച് ആരോപിച്ചത്.
സംഘത്തില്‍ നിന്ന് പുറത്ത് വന്നവരെ വ്യാജ കേസില്‍ കുടുക്കുന്നത് സിയോണ്‍ അംഗങ്ങളുടെ രീതി ആണെന്നും മയൂഖയും പരാതിക്കാരിയും പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകര്‍ ആണെന്നും പുറത്ത് വന്നവര്‍ ആരോപിച്ചു.
ആരോപണം നേരിടുന്ന ചുങ്കത്ത് ജോണ്‍സണ്‍ സിയോണ്‍ പ്രസ്ഥാനത്തിലെ അംഗം ആയിരുന്നു. പ്രസ്ഥാനത്തിന്റെ സ്ഥാപകന്റെ മരണ ശേഷം ജോണ്‍സണും കുടുംബവും സിയോണില്‍ നിന്നും പുറത്ത് വന്നു. ഇതിന്റെ വൈരാഗ്യം മൂലമാണ് വ്യാജ പീഡന പരാതി എന്നാണ് ആരോപണം.
സുഹൃത്ത് ബലാത്സംഗത്തിനിരയായ കേസില്‍ പൊലീസില്‍ നിന്നും നീതി ലഭിച്ചില്ലെന്നായിരുന്നു മയൂഖ ജോണി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നത്. ഇപ്പോഴും പ്രതി പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയാണെന്നും മയൂഖ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് എസ്.പി. പൂങ്കുഴലിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ മോശമായ സമീപനമാണ് പൊലീസില്‍ നിന്നുമുണ്ടായത്. വനിതാ കമ്മീഷന്‍ അധ്യക്ഷയായിരുന്ന എം.സി. ജോസഫൈന്‍ പ്രതിക്കായി ഇടപെട്ടുവെന്നും മയൂഖ ആരോപിച്ചു.
വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കയറി പ്രതി ബലാത്സംഗം ചെയ്യുകയും നഗ്നവീഡിയോ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും മയൂഖ പറഞ്ഞു.
പ്രതിയായ ചുങ്കത്ത് ജോണ്‍സണ്‍ സാമ്പത്തിക പിന്‍ബലവും രാഷ്ട്രീയ ക്രിമിനല്‍ പശ്ചാത്തലവും ഉള്ള ആളായതുകൊണ്ട് തന്നെ കേസുമായി മുന്നോട്ട് വന്നെങ്കില്‍ പോലും നീതി കിട്ടിയില്ല. പ്രതിയെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിനോട് ജോസഫൈന്‍ ആവശ്യപ്പെട്ടെന്നും മയൂഖ പറഞ്ഞു.
2016ല്‍ സംഭവം നടന്നപ്പോള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ വിവാഹ ശേഷവും പ്രതി ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെ, ഭര്‍ത്താവിന്റെ പിന്തുണയോടെയാണ് പൊലീസില്‍ പരാതിപ്പെട്ടതെന്നും മയൂഖ പറഞ്ഞിരുന്നു.