ദുബായ്: ക്രൈസ്റ്റ്ചര്‍ച്ച് വെടിവെയ്പ്പിന് ശേഷം ന്യൂസിലാന്‍ഡില്‍ നടന്നതിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ് മാധ്യമങ്ങളില്‍ വന്നതെന്ന് ആക്രമണത്തിന് ശേഷമുള്ള സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായ ഡോ. മയ്സൂണ്‍ സലാമയും ആലിയ ഡാന്‍സൈസനും.
സംഭവത്തിന് ശേഷം അന്നത്തെ ജസീന്ത ആര്‍ഡേന്‍ സര്‍ക്കാരും രാജ്യത്തെ ജനങ്ങളും അക്രമത്തിന് ഇരയാക്കപ്പെട്ട മുസ്‌ലിം കമ്മ്യൂണിറ്റിയെ ചേര്‍ത്ത് നിര്‍ത്തിയെന്ന് ഇരുവരും ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
അന്‍-നൂര്‍ ചൈല്‍ഡ് കെയര്‍ സെന്റര്‍ മാനേജരും ന്യൂസിലാന്‍ഡിലെ ഇസ്‌ലാമിക് നാഷണല്‍ കൗണ്‍സിലിന്റെ മുന്‍ കോഡിനേറ്ററുമായ ഡോ. മയ്സൂണ്‍ സലാമയുമായും ഇസ്‌ലാമിക് നാഷണല്‍ കൗണ്‍സിലിലെ നിലവിലെ നാഷണല്‍ കോഡിനേറ്ററായ ആലിയ ഡാന്‍സൈസനുമായും അബുദാബിയില്‍ വെച്ച് ഡൂള്‍ന്യൂസ് പ്രതിനിധി അന്ന കീര്‍ത്തി ജോര്‍ജ് നടത്തിയ അഭിമുഖത്തിലാണ് ഇരുവരുടെയും പ്രതികരണം.
‘ആക്രമണത്തിന് ശേഷം അവിടെ നടന്നതിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ് അന്ന് മാധ്യമങ്ങളില്‍ വന്നത്. അന്ന് ജസീന്ത സര്‍ക്കാരിനെ മുന്നില്‍ നിന്ന് നയിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലെല്ലാം ഞങ്ങളെ കേള്‍ക്കാന്‍ അവര്‍ തയ്യാറായി. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിഞ്ഞുനോക്കുമ്പോഴാണ് അന്ന് അവര്‍ ചെയ്തതിന്റെ ആഴം ശരിക്കും ബോധ്യമാവുന്നത്.
ന്യൂസിലാന്‍ഡില്‍ മാവോരി ഭാഷയില്‍ പറയുന്ന ഒരു ചൊല്ലുണ്ട്, ‘എന്താണ് ഏറ്റവും പ്രധാനപ്പെട്ടത്, അത് ജനങ്ങളാണ്, ജനങ്ങളാണ്, ജനങ്ങളാണ്’. ജസീന്ത ആര്‍ഡന്റെ ഭരണത്തിന് കീഴില്‍ അതാണ് സംഭവിച്ചത്. ന്യൂസിലാന്‍ഡിലെ വരാന്‍ പോകുന്ന ഓരോ പ്രധാനമന്ത്രിമാര്‍ക്കുമുള്ള മാതൃകയാണ് ജസീന്ത ആര്‍ഡന്‍.
ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തിന് ശേഷം അവര്‍ ചെയ്ത ഓരോ കാര്യങ്ങളും വളരെ സത്യസന്ധമായിരുന്നു. ഞങ്ങളാരും പറഞ്ഞിട്ടില്ല അവര്‍ അന്ന് ഷാള്‍ ധരിച്ചെത്തിയത്. തന്റെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്ന അവരുടെ തീരുമാനമായിരുന്നു അതിന് പിന്നില്‍. വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് വന്ന സമയത്ത് അവര്‍ നടത്തിയ പ്രസംഗത്തില്‍ ‘ ശരീരത്തിലെ ഒരു അവയവത്തിന് മുറിവ് പറ്റിയാല്‍ മുഴുവന്‍ ശരീരത്തിനും വേദനിക്കുമെന്ന്’ പറഞ്ഞിരുന്നു. ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ മുറിവുകളില്‍ ന്യൂസിലാന്‍ഡ് മുഴുവന്‍ വേദനിക്കുന്നുവെന്ന ആ വാക്കിന്റെ പ്രതിഫലനം രാജ്യത്തെമ്പാടുമുണ്ടായി,’ ആലിയ ഡാന്‍സൈസന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
സ്ത്രീയെന്ന നിലയില്‍ ഇരയാക്കപ്പെട്ട ഓരോരുത്തരെയും ജസീന്ത ഒരുപാട് മനസിലാക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്‌തെന്ന് ഡോ. മെയ്സൂണ്‍ സലാമ പറഞ്ഞു.
ഡോ. മയ്സൂണ്‍ സലാമയും ആലിയ ഡാന്‍സൈസനും.
‘ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ കാണാനായി ജസീന്ത ആര്‍ഡന്‍ അന്ന് ക്രൈസ്റ്റ്ചര്‍ച്ചിലെ ആശുപത്രികളിലെത്തിയിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ 49 പേരില്‍ എന്റെ ഭര്‍ത്താവുമുണ്ടായിരുന്നു. അവര്‍ ഞങ്ങളെയും കാണാനെത്തുമെന്ന് ആദ്യം പറഞ്ഞിരുന്നു. പക്ഷെ, അവരുടെ ഫ്ളൈറ്റിനുള്ള സമയമായെന്നും തിരക്കുള്ളതിനാല്‍ ജസീന്തക്ക് ഒരുപക്ഷെ എല്ലാവരെയും കാണാനാകില്ലെന്നും പിന്നീട് അറിയിപ്പ് വന്നു.
എന്നാല്‍ അവര്‍ ആ ഫ്ളൈറ്റും മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് ഞങ്ങളെ കാണാനെത്തി. ആക്രമണത്തിനിരയായ എല്ലാവരുടെയും കുടുംബങ്ങളെ കണ്ട ശേഷമാണ് ജസീന്ത അന്ന് മടങ്ങിയത്. ക്യാമറയൊന്നുമില്ലാതെയാണ് അവര്‍ വന്നത്. അവരുടെ സത്യസന്ധതയെയും ആത്മാര്‍ത്ഥതയെയും കുറിച്ച് ഇതില്‍ കൂടുതല്‍ പറയേണ്ടതില്ലല്ലോ. അവര്‍ അന്ന് ആക്രമണത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഭാര്യമാര്‍ക്കും അമ്മമാര്‍ക്കുമൊപ്പം പ്രത്യേകം മീറ്റിങ്ങുകള്‍ നടത്തിയിരുന്നു. സ്ത്രീയെന്ന നിലയില്‍ അവര്‍ ഞങ്ങളെ ഓരോരുത്തരെയും ഒരുപാട് മനസിലാക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്തിരുന്നു,’ ഡോ. മെയ്സൂണ്‍ സലാമ ഡൂള്‍ന്യൂസിനോട് പറഞ്ഞു.