' ആരാധ്യമേയര്‍ 'പദം ഉപേക്ഷിച്ചതില്‍ മേയര്‍മാര്‍ പ്രതിഷേധിച്ചു
Kerala
' ആരാധ്യമേയര്‍ 'പദം ഉപേക്ഷിച്ചതില്‍ മേയര്‍മാര്‍ പ്രതിഷേധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd May 2013, 12:30 am

[]തിരുവനന്തപുരം: നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലിയുടെ അധ്യക്ഷതയില്‍ ഗസ്റ്റ്ഹൗസില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് അഞ്ച് മേയര്‍മാര്‍ ഇറങ്ങിപ്പോയി.

മേയര്‍മാരെയും ജനപ്രതിനിധികളെയും ഒഴിവാക്കി ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനങ്ങളെടുക്കുന്നതിലും പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്.[]

തങ്ങളുടെ വാഹനത്തില്‍ നിന്ന് ചുവന്ന ബീക്കണ്‍ ലൈറ്റ് ഒഴിവാക്കണമെന്ന നിര്‍ദ്ദേശത്തെ സംബന്ധിച്ചും ആരാധ്യയായ മേയര്‍ എന്ന അഭിസംബോധന പാടില്ലെന്നതിലും മേയര്‍മാര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചു.

തുടര്‍ന്ന് ചര്‍ച്ചക്കിടെ ഇവര്‍ കൂട്ടത്തോടെ ഇറങ്ങിപ്പോവുകയായിരുന്നു. മേയര്‍മാരായ പ്രഫ. എ.കെ. പ്രേമജം, ടോണി ചമ്മിനി, ഐ.പി. പോള്‍, പ്രസന്ന ഏണസ്റ്റ്, അഡ്വ. കെ. ചന്ദ്രിക എന്നിവരാണ് ഇറങ്ങിപ്പോയത്.

മേയര്‍മാരെ ആരാധ്യയായ, ആരാധ്യനായ എന്ന് സംബോധന ചെയ്യുന്നതിന് പകരം “ബഹുമാനപ്പെട്ട” എന്ന് സംബോധന ചെയ്താല്‍ മതിയെന്ന് അടുത്തിടെ നടന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

രാഷ്ട്രപതിമുതല്‍ പ്രാദേശികഘടകംവരെ തിരഞ്ഞെടുക്കപ്പെട്ടവരെ “ബഹുമാനപ്പെട്ട” എന്ന് സംബോധന ചെയ്യുന്ന സാഹചര്യത്തില്‍ മേയര്‍മാര്‍ക്കും അത് മതിയെന്നാണ് മന്ത്രിസഭായോഗ തീരുമാനം.

കോര്‍പറേഷനുകള്‍, മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ എന്ന പേരിലാകും അറിയപ്പെടുകയെന്നും മറ്റ് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമെല്ലാം മുനിസിപ്പല്‍ കോര്‍പറേഷന്‍ എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും കേരളത്തില്‍ മാത്രം കോര്‍പറേഷന്‍ എന്ന് പ്രയോഗിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുന്നതായും മന്ത്രി മഞ്ഞളാംകുഴി അലി വ്യക്തമാക്കിയിരുന്നു.

കേരള സുസ്ഥിര വികസന പദ്ധതിയിലെ നിയമനം നടത്തുന്നതിന് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനുള്ള ഉത്തരവാണ് മേയര്‍മാരെ ചൊടിപ്പിച്ച മറ്റൊരു വിഷയം.

തദ്ദേശഭരണ സെക്രട്ടറി സെലക്ഷന്‍ ബോര്‍ഡ് ചെയര്‍മാനാക്കിയും കെ.എസ്.യു.ഡി.പി പ്രോജക്ട് ഡയറക്ടറെ കണ്‍വീനറാക്കിയും ഡെപ്യൂട്ടി പ്രോജക്ട് ഡയറകട്‌റര്‍മാരെയും ടെക്‌നിക്കല്‍ ഓഫീസര്‍മാരെയും അംഗങ്ങളാക്കിയുമാണ് ഉത്തരവ് ഇറങ്ങിയത്.

പ്രോജക്ട് മോണിറ്ററിങ് ആന്റ് പ്രോജക്ട് ഇംപഌമെന്റേഷന്‍ യൂണിറ്റുകള്‍ക്കുള്ള വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ഘടന ഭേദഗതി ചെയ്തുകൊണ്ട് ഏപ്രില്‍ 22ന് ഇറങ്ങിയ ഉത്തരവ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മേയര്‍മാര്‍ വാദിച്ചു.

അതേസമയം നേരത്തെ ഇത് കോര്‍പറേഷന്‍ മേയര്‍മാരുടെ പരിധിയില്‍ വരുന്നതായിരുന്നു. ഇന്റര്‍വ്യൂബോര്‍ഡിന്റെ ചെയര്‍മാന്‍ കോര്‍പറേഷന്‍ മേയര്‍മാരാണ്.

പ്രോജക്ട് ഇംപഌമെന്റേഷന്‍ യൂനിറ്റിലെ പ്രോജക്ട് മാനേജര്‍, കോര്‍പറേഷന്‍ സെക്രട്ടറി, സബ്ജക്ട് എക്‌സ്‌പെര്‍ട്ട് എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് നിയമനം നടത്തിയിരുന്നത്. ഇത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധികാരത്തെ ദുര്‍ബലപ്പെടുത്ത നടപടിയാണെന്ന് മേയര്‍മാര്‍ ആരോപിച്ചു.