| Wednesday, 16th November 2016, 10:00 am

മിഷേല്‍ ഒബാമയ്‌ക്കെതിരായ വംശീയ അധിക്ഷേപം; ക്ലേ കൗണ്ടി മേയര്‍ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വംശീയ പരാമര്‍ശത്തില്‍ മാധ്യമങ്ങള്‍ക്ക് ബെവര്‍ലി മാപ്പെഴുതി നല്‍കിയിട്ടുണ്ട്. താന്‍ വംശീയ പരാമര്‍ശം നടത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ബെവര്‍ലി പറഞ്ഞു.


ന്യൂയോര്‍ക്ക്:   മിഷേല്‍ ഒബാമയ്‌ക്കെതിരെ ഫേസ്ബുക്കില്‍ വംശീയാധിക്ഷേപം നടത്തിയ ക്ലേ കൗണ്ടി മേയര്‍ ബെവര്‍ലി വെയ്‌ലിംഗ്‌സ് രാജിവെച്ചു. ബെവര്‍ലിയുടെ രാജി സ്വീകരിച്ചതായി ക്ലേ ടൗണ്‍ കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞു.

മിഷേല്‍ ഒബാമയെ വെര്‍ജീനിയ ഡെവലപ്‌മെന്റ് ഗ്രൂപ്പ് ഡയറക്ടറായ പമേല റോംസെ ടെയ്‌ലര്‍ കുരങ്ങ് എന്ന് വിശേഷിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനെ അനുകൂലിച്ച് ബെവര്‍ലി വെയ്‌ലിംഗ്‌സ് പോസ്റ്റിനടിയില്‍ കമന്റ് ചെയ്യുകയായിരുന്നു.

വൈറ്റ് ഹൗസില്‍ സുന്ദരിയും പ്രൗഢയുമായ ഒരു സ്ത്രീ പ്രഥമവനിതയായി തിരിച്ചെത്തിയത് സന്തോഷകരമാണെന്നും ഹൈഹീല്‍ ചെരുപ്പുമിട്ട്  ഒരു മനുഷ്യക്കുരങ്ങിനെ കണ്ട് മടുത്തിരിക്കുകയാണെന്നുമായിരുന്നു പമേലയുടെ ഫേസ്ബുക് പോസ്റ്റ്.

വംശീയ പരാമര്‍ശത്തില്‍ മാധ്യമങ്ങള്‍ക്ക് ബെവര്‍ലി മാപ്പെഴുതി നല്‍കിയിട്ടുണ്ട്. താന്‍ വംശീയ പരാമര്‍ശം നടത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ബെവര്‍ലി പറഞ്ഞു.

സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് പോസ്റ്റുകള്‍ രണ്ടുപേരും ഡിലീറ്റ് ചെയ്യുകയും ഫേസ്ബുക്ക് അക്കൗണ്ട് പിന്‍വലിക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more