ഐ.എസ് ഭീകരരെ പോലെയാണ് റഷ്യന്‍ സേന; ഉക്രൈന്‍ മേയറെ തട്ടിക്കൊണ്ടുപോയി: സെലന്‍സ്‌കി
World News
ഐ.എസ് ഭീകരരെ പോലെയാണ് റഷ്യന്‍ സേന; ഉക്രൈന്‍ മേയറെ തട്ടിക്കൊണ്ടുപോയി: സെലന്‍സ്‌കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th March 2022, 7:52 am

കീവ്: ഉക്രൈനിന്റെ തെക്കന്‍ നഗരമായ മെലിറ്റോപോളിലെ മേയറെ റഷ്യന്‍ സേന തട്ടിക്കൊണ്ടുപോയതായി ഉക്രൈന്‍.

മെലിറ്റോപോള്‍ മേയര്‍ ഇവാന്‍ ഫെഡറോവിനെ തട്ടിക്കൊണ്ടുപോയ വിവരം പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയാണ് വെള്ളിയാഴ്ച പുറത്തുവിട്ടത്. മെലിറ്റോപോള്‍ റഷ്യന്‍ സേന കീഴടക്കിയതായും സെലന്‍സ്‌കി പറഞ്ഞു.

”10 പേരടങ്ങുന്ന സംഘം മെലിറ്റോപോള്‍ മേയര്‍ ഇവാന്‍ ഫെഡറോവിനെ തട്ടിക്കൊണ്ടുപോയി. ശത്രുക്കളുമായി സഹകരിക്കുന്നതിന് അദ്ദേഹം വിസമ്മതിച്ചു,” ഉക്രൈന്‍ പാര്‍ലമെന്റിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.

”ഉക്രൈനെയും തന്റെ കമ്മ്യൂണിറ്റിയിലുള്ളവരെയും ധൈര്യസമേതം സംരക്ഷിച്ചിരുന്ന മേയര്‍,” ഫെഡറോവിനെ തട്ടിക്കൊണ്ടുപോയ വിവരം സ്ഥിരീകരിച്ചുകൊണ്ട് സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

”അധിനിവേശ ശക്തികളായ റഷ്യന്‍ സേന ദുര്‍ബലപ്പെട്ടു. അതുകൊണ്ടാണ് ആളുകളെ ഭയപ്പെടുത്തുന്ന പുതിയ രീതിയിലേക്ക് അവര്‍ മാറുന്നത്.

പ്രാദേശിക ഉക്രൈന്‍ ഭരണകൂടത്തിന്റെ പ്രതിനിധികളെ ശാരീരികമായി ഇല്ലായ്മ ചെയ്യാനാണ് അവര്‍ ശ്രമിക്കുന്നത്,” സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

മേയറെ തട്ടിക്കൊണ്ടുപോയത് ഏതെങ്കിലും വ്യക്തിക്കോ ഒരു പ്രത്യേക വിഭാഗത്തിനോ അല്ലെങ്കില്‍ ഉക്രൈനിനോ എതിരായ കുറ്റകൃത്യമല്ല. ഇത് ജനാധിപത്യത്തിനെതിരായ കുറ്റകൃത്യമാണ്.

റഷ്യന്‍ അധിനിവേശ ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടേത് പോലെയായിരിക്കും ഇനി കണക്കാക്കുകയെന്നും ഉക്രൈന്‍ പ്രസിഡന്റ് പറഞ്ഞു.


Content Highlight: Mayor of Ukraine City Kidnapped by Russian Forces President Volodymyr Zelensky said