| Saturday, 3rd December 2022, 6:15 pm

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്; നഷ്ടപ്പെട്ട പണം തന്നില്ലെങ്കില്‍ പ്രത്യക്ഷ സമരവും ബാങ്ക് ഉപരോധവുമെന്ന് കോഴിക്കോട് മേയര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോര്‍പറേഷന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത സംഭവത്തിൽ പ്രതികരണവുമായി കോഴിക്കോട് മേയർ ഡോ. ബീനാ ഫിലിപ്പ്.

കോർപ്പറേഷന് നഷ്ടപ്പെട്ട പണം തിങ്കളാഴ്ചക്കകം ബാങ്ക് തന്നില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ പ്രത്യക്ഷ സമരം നടത്തുമെന്നും, ബാങ്ക് ശാഖകൾ ഉപരോധിക്കുമെന്നും മേയർ പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച് മേയര്‍ ഭവനില്‍ പ്രതിപക്ഷം അതിക്രമിച്ച് കയറിയ സംഭവം അത്യന്തം അപലപനീയമാണെന്നും മേയര്‍ പറഞ്ഞു.

കോഴിക്കോട് കോര്‍പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ബാങ്ക് മാനേജര്‍ റിജില്‍ കോടികള്‍ തട്ടിപ്പ് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത യോഗത്തിനിടെയായിരുന്നു സംഭവം.

മേയര്‍ സ്ഥലത്തില്ലാത്തതിനാല്‍ നഗരസഭാ സെക്രട്ടറിക്ക് നേരെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു പ്രതിഷേധമെന്ന് മേയര്‍ പറഞ്ഞു.

‘വീട്ടിനകത്ത് ബെഡ്‌റൂമില്‍ വരെ കയറി പ്രതിഷേധിച്ചു. അത്യന്തം ലജ്ജാകരമായ പ്രവര്‍ത്തി ആണ് യു.ഡി.എഫ് കണ്‍സിലാര്‍മാരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഗൂഢാലോചനയുണ്ടോ എന്ന് അറിയില്ല.
നിയമപരമായി തന്നെ മുന്നോട്ട് പോകും. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്കിനെതിരായ സമരത്തില്‍ ഒന്നിച്ച് നീങ്ങണം. യു.ഡി.എഫ് ഉണ്ടെങ്കില്‍ അവരും വരണം. എല്‍.ഡി.എഫ് ശക്തമായ സമരപരിപാടിക്കാണ് ഒരുങ്ങുന്നത്. രണ്ട് ദിവസത്തെ സാവകാശം വേണം എന്നാണ് ബാങ്ക് പറയുന്നത്. പൂര്‍ണമായി തിരിച്ച് തരാം എന്ന് ബാങ്ക് പറഞ്ഞിട്ടുണ്ട്. അവരുടെ ഓഡിറ്റിംഗ് പൂര്‍ത്തിയാക്കണമെന്നും അറിയിച്ചിട്ടുണ്ട്,’ മേയര്‍ പറഞ്ഞു.

അതിനിടെ, പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ കോര്‍പ്പറേഷന് നഷ്ടമായ പണം തിരികെ നല്‍കാന്‍ രണ്ട് ദിവസം കൂടി സമയം അനുവദിക്കുമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു.

നഷ്ടപ്പെട്ട പണം ഒരു ചില്ലി കാശ് പോലും കുറയാതെ കോര്‍പ്പറേഷന് തിരികെ ലഭിക്കണം. പണം തിരികെ ലഭിച്ചില്ലെങ്കില്‍ ജില്ലയിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഒരു ശാഖയും പ്രവര്‍ത്തിക്കില്ല. തീരുമാനം ഉണ്ടായില്ലെങ്കില്‍ പുറത്തുള്ള ബാങ്കുകള്‍ സ്തംഭിപ്പിക്കണോ എന്ന് ആലോചിക്കുമെന്നും പി. മോഹനന്‍ പറഞ്ഞു. മേയര്‍ ഭവനില്‍ മേയറും ഡെപ്യൂട്ടി മേയറും കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, കോര്‍പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത സഭവത്തിലെ അന്വേഷണം കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കേസ് ഫയല്‍ ലോക്കല്‍ പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി.

ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.എ. ആന്റണിക്കാണ് അന്വേഷണ ചുമതല. പണം നഷ്ടപ്പെട്ടത് കോര്‍പറേഷന് മാത്രമല്ലെന്നും ബാങ്കിന്റെ ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ തുക എത്രത്തോളം വരുമെന്നോ ഏതെല്ലാം അക്കൗണ്ടില്‍ നിന്നുളളതാണെന്നോ ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല.

ബാങ്ക് തട്ടിപ്പിന്റെ വിവരം പുറത്ത് വന്ന് അഞ്ചാം നാളാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. പണം തട്ടിയ ബാങ്ക് മാനേജര്‍ എം.പി. റിജില്‍ ഒളിവിലാണ്. ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ കോടതി ഇയാളുടെ മുന്‍കൂര്‍ ജാമ്യേപക്ഷ തിങ്കളാഴ്ച പരിഗണിക്കും.

എന്നാല്‍, ബാങ്ക് മാനേജര്‍ റിജില്‍ തട്ടിയെടുത്തതായി കോഴിക്കോട് കോര്‍പറേഷന്‍ പറയുന്ന തുകയും ബാങ്കിന്റെ ഓഡിറ്റ് വിഭാഗം കണ്ടെത്തിയ തുകയും തമ്മില്‍ പൊരുത്തമില്ലെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന സൂചന. ഏഴ് അക്കൗണ്ടുകളില്‍ നിന്നായി 15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് മേയര്‍ പറഞ്ഞതെങ്കിലും നഷ്ടമായത് 12 കോടിയോളം രൂപയെന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കണക്ക്.

നഷ്ടപ്പെട്ട മുഴുവന്‍ തുകയും മൂന്ന് ദിവസത്തിനകം അക്കൗണ്ടില്‍ തിരികെ നിക്ഷേപിക്കണമെന്ന നിര്‍ദ്ദേശമാണ് കോര്‍പറേഷന്‍ ബാങ്കിന് നല്‍കിയിട്ടുളളത്. കോര്‍പറേഷന്‍ അവകാശപ്പെട്ട തുകയും ഓഡിറ്റ് വിഭാഗം കണ്ടെത്തിയ തുകയും തമ്മില്‍ പൊരുത്തക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ ബാങ്കും കോര്‍പറേഷനും തട്ടിപ്പ് നടന്ന കാലയളവിലെ ഇടപാടുകള്‍ വീണ്ടും പരിശോധിക്കുന്നുണ്ട്.

Content Highlight: Mayor Beena Philip on Punjab National bank fraud

We use cookies to give you the best possible experience. Learn more