സാമൂഹ്യ വിരുദ്ധരുടെ പ്രചരണം ഭൂരിപക്ഷം ഭക്തരും തള്ളിയെന്ന് മേയര്‍;  പൊങ്കാലക്ക് ശേഷമുള്ള 95 ലോഡ് ഇഷ്ടികകള്‍ നഗരസഭ ശേഖരിച്ചു
Kerala News
സാമൂഹ്യ വിരുദ്ധരുടെ പ്രചരണം ഭൂരിപക്ഷം ഭക്തരും തള്ളിയെന്ന് മേയര്‍;  പൊങ്കാലക്ക് ശേഷമുള്ള 95 ലോഡ് ഇഷ്ടികകള്‍ നഗരസഭ ശേഖരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th March 2023, 10:41 pm

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്ക് ശേഷമുള്ള 95 ലോഡ് ഇഷ്ടികകള്‍ ഇതുവരെ
തിരുവനന്തപുരം നഗരസഭ ശേഖരിച്ചെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. വിവിധ മാനദണ്ഡങ്ങള്‍ പരിശോധിച്ച് മുന്‍ഗണനാ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് വീട് വെക്കാന്‍
കൂടുതല്‍ അര്‍ഹരായവര്‍ക്ക് ഇഷ്ടികകള്‍ വിതരണം ചെയ്യുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ആര്യ രാജേന്ദ്രന്‍ അറിയിച്ചു.

പൊങ്കാലക്ക് അടുപ്പ് കൂട്ടാന്‍ ഉപയോഗിച്ച ഇഷ്ടികകള്‍ പൊട്ടിക്കണമെന്ന സാമുഹ്യ വിരുദ്ധരുടെ സോഷ്യല്‍ മീഡിയാ ആഹ്വാനത്തെ ഭൂരിപക്ഷം ഭക്തരും തള്ളിയെന്നും മേയര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആര്യ രാജേന്ദ്രന്റെ പ്രതികരണം.

‘ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം ഉപേക്ഷിച്ച ചുടുകട്ടകള്‍ ശേഖരിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ തിരുവനന്തപുരം നഗരസഭകള്‍ സ്വീകരിച്ചുവരുകയാണ്. പൊങ്കാലക്ക് ശേഷമുള്ള 95 ലോഡ് ചുടുകട്ടകളാണ് ഇതുവരെ നഗരസഭ ശേഖരിച്ചത്.

ഇന്നും നാളെയുമായി ബാക്കിയുള്ളവയും ശേഖരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിന്റെ വിവിധ ഭവന പദ്ധതികളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഭവന നിര്‍മാണത്തിനാണ് കല്ലുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നത്. വിവിധ മാനദണ്ഡങ്ങള്‍ പരിശോധിച്ച് മുന്‍ഗണനാ അടിസ്ഥാനത്തില്‍ കൂടുതല്‍ അര്‍ഹരായവര്‍ക്ക് കട്ടകള്‍ വിതരണം ചെയ്യുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും, കട്ടകള്‍ ആവശ്യമുള്ളവരുമായ ഗുണഭോക്താക്കള്‍ അപേക്ഷകള്‍ മേയറുടെ ഓഫീസില്‍ നല്‍കുന്നതിന് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. അതിദരിദ്ര വിഭാഗത്തില്‍പ്പെട്ടവര്‍, ആശ്രയ ഗുണഭോക്താക്കള്‍, വിധവ/അംഗപരിമിതര്‍,
മാരകരോഗം ബാധിച്ചവര്‍, കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. കട്ടകള്‍ ആവശ്യമുള്ളവര്‍ 13.03.2023 തിങ്കളാഴ്ച വൈകുന്നേരം 5.00 മണിക്ക് മുമ്പായി അപേക്ഷകള്‍ നഗരസഭ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. നിലവില്‍ 25 അപേക്ഷകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.

 

ഇതുമായി ബന്ധപ്പെട്ട് ചില സാമൂഹ്യ വിരുദ്ധര്‍ വ്യാജപ്രചരണം നടത്തിവരുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. എല്ലാ വ്യാജപ്രചാരണങ്ങളെയും മനുഷ്യത്വവിരുദ്ധ ആഹ്വാനങ്ങളെയും നല്ലവരായ മഹാഭൂരിപക്ഷം ഭക്തജനസമൂഹം തള്ളിക്കളഞ്ഞത് പൊങ്കാല ദിവസം കണ്ടതാണ്,’ മേയര്‍ പറഞ്ഞു.

നഗരസഭ ശേഖരിച്ച ഇഷ്ടികകള്‍ സൂക്ഷിച്ചിരിക്കുന്ന പുത്തരിക്കണ്ടം മൈതാനം ഇന്ന് ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു, കൗണ്‍സിലര്‍ അംശു വാമദേവന്‍ എന്നിവരോടൊപ്പം അര്യ രാജേന്ദ്രന്‍ സന്ദര്‍ശിച്ചു. പാവപ്പെട്ട മനുഷ്യര്‍ക്ക് വേണ്ടി നഗരസഭ നടത്തിയ ഈ പ്രവര്‍ത്തിയോട് സഹകരിച്ച എല്ലാ നല്ലവരായ മനുഷ്യര്‍ക്കും നന്ദിയും കടപ്പാടും രേഖപെടുത്തുന്നതായും മേയര്‍ പറഞ്ഞു.