2024ലെ മികച്ച ഊർജ്ജ കാര്യക്ഷമത പ്രവർത്തനങ്ങൾക്കുള്ള പുരസ്ക്കാരം മേയർ ആര്യ രാജേന്ദ്രന്
keralanews
2024ലെ മികച്ച ഊർജ്ജ കാര്യക്ഷമത പ്രവർത്തനങ്ങൾക്കുള്ള പുരസ്ക്കാരം മേയർ ആര്യ രാജേന്ദ്രന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd June 2024, 9:16 am

തിരുവനന്തപുരം: ടൈംസ് ഗ്രൂപ്പ് ഓഫ് ഇന്ത്യയുടെ 2024ലെ മികച്ച ഊർജ്ജ കാര്യക്ഷമത പ്രവർത്തനങ്ങൾക്കുള്ള പുരസ്ക്കാരം തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്. തിരുവന്തപുരം നഗരത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഊർജ്ജ സംരക്ഷണ പദ്ധതികൾ പരിഗണിച്ചാണ് പുരസ്‌കാരം. ബെംഗളൂരുവിൽ വെച്ച് നടന്ന ചടങ്ങിൽ ആര്യ രാജേന്ദ്രൻ പുരസ്‌കാരം ഏറ്റുവാങ്ങി.

Also Read: റീ റിലീസ് ചെയ്ത് അഞ്ചാഴ്ച, ഓരോ ആഴ്ച കഴിയുന്തോറും സ്‌ക്രീനിന്റെയും ഷോയുടെയും എണ്ണം കൂടുന്നു, രണ്‍ബീര്‍-എ.ആര്‍ റഹ്‌മാന്‍ മാജിക് ഏറ്റെടുത്ത് സിനിമാലോകം

നഗരത്തിന്റെ പരിസ്ഥിതി സൗഹൃദ വികസനത്തിന് കാർബൺ ന്യൂട്രൽ അനന്തപുരി എന്ന നയം രൂപീകരിച്ച് പദ്ധതികൾ ആസൂത്രണം ചെയ്തതായി മേയർ പറഞ്ഞു. മേയറായി ചുമതല ഏൽക്കുമ്പോൾ മനസിലുണ്ടായിരുന്ന നിരവധി പ്രവർത്തനങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് പരിസ്ഥിതി സൗഹൃദമായ വികസനം എന്ന് പുരസ്‌കാരം ഏറ്റു വാങ്ങിയതിനു ശേഷം ആര്യ ഫേസ്ബുക്കിൽ കുറിച്ചു.

കാർബൺ ന്യൂട്രൽ അനന്തപുരി എന്ന നയം രൂപീകരിച്ചാണ് ഇതിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്തത്. ഇതിന്റെ ഭാഗമായി 115 വൈദ്യുതി ബസുകൾ, 100 വൈദ്യുതി ഓട്ടോകൾ, 35 വൈദ്യുതി സ്കൂട്ടറുകൾ തുടങ്ങി ഒട്ടേറെ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ, നഗരത്തിലെ മുഴുവൻ സർക്കാർ ഓഫിസുകളിലും ലൈഫ് പദ്ധതിയിലെ ഭവനങ്ങളിലും, അങ്കണവാടികളിലും സോളാർ റൂഫിങ് തുടങ്ങി പ്രകൃതി സൗഹൃദങ്ങളായ പദ്ധതികൾ നഗരത്തിൽ നടപ്പിലാക്കാൻ സാധിച്ചുവെന്നും മേയർ പറഞ്ഞു.

ഇനിയുള്ള ദിവസങ്ങളിലും നഗരത്തെ സ്മാർട്ടാക്കാനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും മേയർ കൂട്ടിച്ചേർത്തു.

കേരളത്തിനാകെ അഭിമാനകരമായ നേട്ടമാണിതെന്ന് പുരസ്‌കാരത്തെ അഭിനന്ദിച്ചു കൊണ്ട് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

പുതിയ കാലത്തെ വെല്ലുവിളികളെ അതിജീവിക്കാൻ സമഗ്രമായ പദ്ധതികളും കാഴ്ചപ്പാടുകളും ആവശ്യമാണെന്നും പരിസ്ഥിതിയോട് ഇണങ്ങിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് വഴി അത്തരമൊരു സാധ്യതയാണ് തിരുവനന്തപുരം കോർപറേഷൻ മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്ക് സമ്മാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Mayor Arya Rajendran awarded for best energy efficiency activities in 2024