തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിലെ മെമ്മറി കാർഡ് തിരിച്ചെടുക്കാൻ പുതിയ അന്വേഷണ സംഘം. മേയർ ആര്യ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ യദുവും തമ്മിലുണ്ടായ തർക്കത്തിനു പിന്നാലെ ബസിലെ സി.സി.ടി.വി ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന മെമ്മറികാർഡ് കാണാതായിരുന്നു. വിഷയം അന്വേഷിക്കാൻ പുതിയ അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുകയാണ് പൊലീസ്.
ബസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെയാണ് മെമ്മറി കാർഡ് നഷ്ടമായത് അറിയുന്നത്. മെമ്മറി കാർഡ് കാണാതായത് ദുരൂഹമാണെന്നും കാർഡ് ആരോ മാറ്റിയതായി സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു.
മെമ്മറികാർഡ് നഷ്ടമായത് തമ്പാനൂർ ടെർമിനലിൽ വെച്ചാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിനുവേണ്ടി തമ്പാനൂർ ടെർമിനലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാനും ജീവനക്കാരുടെ മൊഴിയെടുക്കാനും ഒരുങ്ങുകയാണ് കേരളാപൊലീസ്. ബസിൽ മൂന്നു ക്യാമറകളാണ് ഉള്ളതെന്നും വാഹനം ഓടിക്കുമ്പോൾ ഇവയെല്ലാം തന്നെ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നുവെന്നും ബസ് ഡ്രൈവർ യദു പറഞ്ഞു.
കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് പരിശോധിക്കണമെന്ന് പൊലീസ് കെ.എസ്.ആർ.ടി.സിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ബസ് തൃശ്ശൂരിലേക്ക് പോയ ട്രിപ്പിന് ശേഷമാണ് പരിശോധിച്ചത്. പരാതി ലഭിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും തെളിവുകൾ രേഖപ്പെടുത്താൻ വൈകിയ പൊലീസ് നടപടിക്കെതിരെ വിമർശനമുണ്ട്.
മേയർ ആരോപിക്കുന്നത് പോലെ ബസ് അമിത വേഗത്തിലാണോ സഞ്ചരിച്ചതെന്നും മറ്റ് വാഹനങ്ങളെ ഓവർ ടേക്ക് ചെയ്തിരുന്നോ എന്നും അറിയാനുള്ള നിർണ്ണായക തെളിവുകൾ ആയിരുന്നു മെമ്മറി കാർഡിൽ ഉണ്ടായിരുന്നത്.
അതേസമയം മേയറിനെതിരെ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ നൽകിയ പരാതി അന്വേഷിക്കാൻ കന്റോൺമെന്റ് എസി.പിക്ക് സിറ്റി പൊലീസ് കമ്മീഷണർ നിർദേശം നൽകി. പരാതിയിൽ കഴമ്പുണ്ടോ എന്ന് നോക്കുമെന്നും ഉണ്ടങ്കിൽ മാത്രമേ കേസ് എടുക്കുമെന്നും പൊലീസ് പറഞ്ഞു.
Content Highlight: mayor Arya rajendran and ksrtc bus driver issue, new investigation team formed