തിരുവനന്തപുരം: സ്‌കൂള്‍ ബാഗിനൊപ്പം വിലപ്പിടിപ്പുള്ള ശ്രവണ സഹായി നഷ്ടമായ ബധിര വിദ്യാര്‍ഥി റോഷന് ഞായറാഴ്ച പുതിയ ശ്രവണ സഹായി കൈമാറുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. കിംസ് ഹോസ്പിറ്റലിന്റെ സഹായത്തോടെയാണ് ഈ ലക്ഷ്യം നിറവേറ്റുന്നതെന്ന് ആര്യ രാജേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
‘പ്രിയമുള്ളവരെ രാജാജി നഗറിലെ റോഷന് നാളെ പുതിയ ശ്രവണ സഹായി കൈമാറുകയാണ്. രാവിലെ 9 മണിക്ക് റോഷന്റെ വീട്ടിലെത്തി ശ്രവണ സഹായി നല്‍കാനാണ് തീരുമാനം.
കിംസ് ഹോസ്പിറ്റലിന്റെ സഹായത്തോടെയാണ് ഈ ലക്ഷ്യം നിറവേറ്റുന്നത്. നിരവധി പേരാണ് റോഷനെ സഹായിക്കാന്‍ വേണ്ടി നഗരസഭയെ സമീപിച്ചത്. നമുക്ക് നന്മ നഷ്ടപെട്ടിട്ടില്ലെന്ന് തോന്നിയ നിമിഷമായിരുന്നു അത്. എല്ലാവര്‍ക്കും ഈ അവസരത്തില്‍ നന്ദി അറിയിക്കട്ടെ,’ എന്നാണ് ആര്യ രാജേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.
റോഷന്റെ ശ്രവണ സഹായി തിരികെ ലഭ്യമായില്ലെങ്കില്‍ പുതിയൊരെണ്ണം വാങ്ങുന്നതിന് നഗരസഭ നടപടി സ്വീകരിക്കുമെന്ന് മേയര്‍ നേരത്തെ അറിയിച്ചിരുന്നു.
ജഗതി ബധിര വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാര്‍ഥിയും രാജാജി നഗര്‍ സ്വദേശിയുമായ റോഷന്‍ എസ്. ലെനിന്റെ 1.38 ലക്ഷം വില വരുന്ന ഹിയറിങ് എയിഡ് അടങ്ങിയ ബാഗാണ് നഷ്ടമായത്. സ്‌കൂളില്‍ നിന്ന് അച്ഛന്റെ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം.
മകന്റെ ഒന്നര ലക്ഷം രൂപ വരുന്ന ശ്രവണ സഹായി സ്‌കൂള്‍ ബാഗിനൊപ്പം നഷ്ടമായതായി റോഷന്റെ അമ്മ കഴിഞ്ഞ ദിവസം കുറിപ്പിട്ടിരുന്നു. ഇത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മേയര്‍ വിഷയത്തില്‍ ഇടപെടുന്നത്.