മുട്ട മയോണൈസ് ഇനിയില്ല, പകരം വെജിറ്റബിള്‍
Kerala News
മുട്ട മയോണൈസ് ഇനിയില്ല, പകരം വെജിറ്റബിള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th January 2023, 7:18 pm

കൊച്ചി: പച്ച മുട്ടകൊണ്ടുണ്ടാക്കുന്ന മയോണൈസ് ബേക്കറികളില്‍ നിന്ന് ഒഴിവാക്കുമെന്ന് കേരള ബേക്കേഴ്സ് അസോസിയേഷന്‍ (ബേക്ക്).

വേവിക്കാതെ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യോത്പന്നം എന്ന നിലയിലാണ് നോണ്‍ വെജ് മയോണൈസ് നിരോധിക്കാന്‍ തീരുമാനിച്ചത്.

അസോസിയേഷന്റെ കീഴില്‍ വരുന്ന ബേക്കറികളിലും അനുബന്ധ റെസ്റ്റോറന്റുകളിലും നോണ്‍ വെജ് മയോണൈസുകള്‍ വിളമ്പില്ലെന്നും, പകരം വെജിറ്റബിള്‍ മയോണൈസ് ഉപയോഗിക്കാനും കൊച്ചിയില്‍ ചേര്‍ന്ന ബേക്ക് സംസ്ഥാന ഭാരവാഹിയോഗം തീരുമാനിച്ചു.

മതിയായ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെ എത്തുന്ന മുട്ടകളില്‍ സൂക്ഷ്മ ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടായേക്കാം. അവ ഉള്ളില്‍ ചെന്ന് ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കിയേക്കാമെന്നും ബേക്കേഴ്സ് അസോസിയേഷന്‍ പറഞ്ഞു.

ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഭക്ഷ്യോല്‍പ്പാദന സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന പരിശോധനകളെ സ്വാഗതം ചെയ്യാനും ബേക്കേഴ്സ് അസോസിയേഷന്‍ യോഗത്തില്‍ തീരുമാനമായി.

ബേക്കറികളില്‍ വേവിക്കാതെ ഉത്പാദിപ്പിക്കുന്ന ഏക ഭക്ഷ്യോത്പന്നം എന്ന നിലയിലാണ് നോണ്‍വെജ് മയോണൈസ് നിരോധിക്കാന്‍ ബേക്കേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചത്.

അല്‍ഫാം, കുഴിമന്തി, ഷവര്‍മ, ബര്‍ഗര്‍ പോലുള്ള ഭക്ഷണങ്ങളോടൊപ്പം നല്‍കുന്ന സൈഡ് ഡിഷാണ് മയോണൈസ്. ഇതിലുപയോഗിക്കുന്ന മുട്ടയുടെ ഗുണനിലവാരവും കാലപ്പഴക്കവും കണ്ടെത്തുന്നതിനു നിലവില്‍ മാനദണ്ഡങ്ങളില്ല.

Content Highlight: mayonnaise made from raw eggs to be banned in Bakeries