ഫാലിമി എന്ന പുതിയ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പറ്റി സംസാരിക്കുകയാണ് നടന്‍ ജഗദീഷ്. യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ രണ്ട് പെണ്‍കുട്ടികളുടെ അച്ഛനാണെന്നും സിനിമയില്‍ രണ്ട് യുവാക്കളുടെ അച്ഛനായി അഭിനയിച്ചത് നല്ല എക്‌സ്പീരിയന്‍സായിരുന്നുവെന്നും ജഗദീഷ് പറഞ്ഞു. പ്രേക്ഷകരുടെ വീട്ടിലുള്ള ആളുകളെ തന്നെ സിനിമയില്‍ കാണാമെന്നും ജഗദീഷ് പറഞ്ഞു.
സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിനിടയില്‍ ഗോഡ്ഫാദറിലെ മായിന്‍കുട്ടിക്ക് ശേഷം ഷര്‍ട്ടില്ലാതെ വരുന്ന സിനിമയാണല്ലോ ഫാലിമി എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ജദഗീഷ്.
‘ചേട്ടാ ഷര്‍ട്ട് വേണ്ട എന്നാണ് വന്നയുടനെ നിതീഷ് (സംവിധായകന്‍) പറയുന്നത്. പിന്നെ ഞാന്‍ നിതീഷിനോട് ഒന്നും ചേദിക്കില്ല. ഷോട്ടിന് ചെല്ലുമ്പോള്‍ ഷര്‍ട്ടൂരട്ടെ നിതീഷേ എന്നാണ് ചോദിക്കുക. നിതീഷിന്റെ നിരീക്ഷണം വളരെ കറക്ടാണ്. ഇതേപോലെയുള്ള വീടുകളില്‍ ചില അച്ഛന്മാര്‍ ഷര്‍ട്ടൊന്നുമിടാതെയാണ് നടക്കുന്നത്.
ഞാന്‍ വീട്ടില്‍ ഷര്‍ട്ടോ ടീ ഷര്‍ട്ടോ ഇടാറില്ല. മുണ്ട് മാത്രമാണ്. ഉറങ്ങുമ്പോഴും ഇടാറില്ല. അത് എനിക്ക് വലിയ കംഫര്‍ട്ടബിളാണ്. അങ്ങനെ അഭിനയിച്ചപ്പോഴും സന്തോഷം തോന്നി. ഗോഡ്ഫാദറിലെ മായിന്‍കുട്ടിയുടെ റോളൊക്കെ ഇപ്പോള്‍ ബേസില്‍ ജോസഫ് ചെയ്യേണ്ടതാണ്. അവിടെനിന്നും മായിന്‍കുട്ടിയെ പോലെയുള്ളവരുടെ അച്ഛനായി വരുമ്പോള്‍ എങ്ങനെയിരിക്കും എന്ന് അനുഭവിച്ച് അറിയാനും അഭിനയിക്കാനും ഒരു അവസരം കിട്ടി.
യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ രണ്ട് പെണ്‍കുട്ടികളുടെ അച്ഛനാണ്. സിനിമയില്‍ രണ്ട് യുവാക്കളുടെ അച്ഛനായി അഭിനയിക്കുമ്പോള്‍ അതൊരു നല്ല എക്‌സ്പീരിയന്‍സായിരുന്നു. കോണ്‍ഫ്‌ളിക്ടുകളുണ്ടെങ്കിലും നിങ്ങള്‍ക്ക് ഈ അച്ഛനേയും മക്കളേയും അമ്മയേയും അപ്പൂപ്പനേയും ഇഷ്ടപ്പെടും. ഇതില്‍ വില്ലന്മാരൊന്നും ഇല്ല. നിങ്ങളുടെ വീട്ടിലുള്ള അച്ഛനും അമ്മയും മക്കളും അപ്പൂപ്പനുമൊക്കെ ഈ സിനിമയിലുണ്ട്. വേറെ അവകാശ വാദങ്ങളൊന്നും പറയുന്നില്ല. നിങ്ങള്‍ ഐഡന്റിഫൈ ചെയ്യുന്ന കുടുംബമാണ് ഫാലിമിയിലുള്ളത്,’ ജഗദീഷ് പറഞ്ഞു.
നവംബര്‍ 17നാണ് ഫാലിമി റിലീസ് ചെയ്യുന്നത്. ചിയേഴ്സ് എന്റര്‍ടൈന്‍മെന്റ്‌സും സൂപ്പര്‍ ഡ്യൂപ്പര്‍ സിനിമയും ചേര്‍ന്നു നിര്‍മിച്ച ചിത്രം നവാഗതനായ നിതീഷ് സഹദേവാണ് സംവിധാനം ചെയ്യുന്നത്. ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രത്തില്‍ ജഗദീഷും മഞ്ജു പിള്ളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരുവനന്തപുരത്ത് നിന്നൊരു കുടുംബം വാരണാസിയിലേക്ക് നടത്തുന്ന ഒരു യാത്രയും അതിനിടയില്‍ നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
Content Highlight: Mayinkutty’s role in Godfather is now to be played by Basil Joseph, says jagadeesh