| Thursday, 24th November 2022, 5:43 pm

വഖഫ് പണം ഓഹരി വിപണിയില്‍ നിക്ഷേപിച്ച സംഭവം; മായിന്‍ ഹാജിയുടെ വഖഫ് ബോഡ് അംഗത്വം റദ്ദ് ചെയ്യണം: ഐ.എന്‍.എല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വഖഫ് ബോര്‍ഡിന്റെ 25 കോടിയോളം രൂപ ഓഹരി വിപണിയില്‍ നിക്ഷേപിച്ച സംഭവത്തില്‍ മുസ്‌ലിം ലീഗ് നേതാവ് എം.സി. മായിന്‍ ഹാജിയുടെ വഖഫ് ബോഡ് അംഗത്വം റദ്ദ് ചെയ്യണമെന്ന് ഐ.എന്‍.എല്‍.

വഖഫ് അംഗത്വമുപയോഗിച്ച് അധികാര ദുര്‍വിനിയോഗവും സാമ്പത്തിക ക്രമക്കേടും നടത്തിയതിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന എം.സി. മായിന്‍ ഹാജിയെ വഖഫ് ബോര്‍ഡ് അംഗത്വത്തില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് ഐ.എന്‍.എല്‍ ആവശ്യപ്പെട്ടത്.

ഇക്കാര്യമുന്നയിച്ച് ഐ.എന്‍.എല്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍.കെ. അബ്ദുല്‍ അസിസ് വഖഫ് മന്ത്രി വി. അബ്ദുറഹിമാന് പരാതി നല്‍കി.

2019ല്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി സമാനമായ ഫണ്ട് ദുരുപയോഗത്തില്‍ മായിന്‍ ഹാജിക്കെതിരെ വിധി പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഉത്തരവുകളെ മാനിക്കാതെയും വഖഫ് ഫണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട റൂളുകള്‍ക്ക് വിരുദ്ധവുമായ നടപടികളുമായാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും ഐ.എന്‍.എല്‍ പരാതിയില്‍ ആരോപിച്ചു.

അതേസമയം, വഖഫ് ബോര്‍ഡിന്റെ 25 കോടിയോളം രൂപ ഓഹരി വിപണിയില്‍ നിക്ഷേപിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

സര്‍ക്കാരിനെ അറിയിക്കാതെ മുന്‍ വഖഫ് ബോര്‍ഡിന്റെ കാലത്തെടുത്ത തീരുമാനപ്രകാരം എസ്.ബി.ഐയുടെ മ്യൂച്വല്‍ ഫണ്ടില്‍ 24,89,19,635 രൂപ നിക്ഷേപിച്ചതിലാണ് അന്വേഷണം നടത്താന്‍ ധനകാര്യ ഓഡിറ്റിങ് വിഭാഗത്തോട് മുഖ്യമന്ത്രി ഉത്തരവിട്ടത്.

2018 മാര്‍ച്ച് 28ന് മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം.സി. മായിന്‍ ഹാജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വഖ്ഫ് ബോര്‍ഡ് യോഗമാണ് സി.ഇ.ഒ. ബി.എം. ജമാലിന്റെ പ്രൊപ്പോസലിന് അനുമതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2018 മെയ് അഞ്ച് മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള ബോര്‍ഡ് നിക്ഷേപങ്ങള്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ച് വരികയായിരുന്നു.

പുതിയ വഖഫ് ബോര്‍ഡ് സി.ഇ.ഒ ചുമതലയേറ്റെടുത്ത ശേഷം നടത്തിയ പരിശോധനയിലാണ് ബോര്‍ഡിന്റെ പണം നിയമവിരുദ്ധമായി നിക്ഷേപിച്ചതായി കണ്ടെത്തിയത്.

സുരക്ഷിതമായി ട്രഷറിയിലോ ദേശസാത്കൃത ബാങ്കുകളിലോ നിക്ഷേപിക്കുന്നതിന് പകരം അപകടകരമായ ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചതില്‍ ഗുരുതരമായ ക്രമക്കേടുണ്ടായതായാണ് കണ്ടെത്തല്‍.

ബോര്‍ഡിന്റെ സ്ഥിരം നിക്ഷേപം, പെന്‍ഷന്‍ ഫണ്ട്, പ്രൊവിഡന്റ് ഫണ്ട്, കറണ്ട് അക്കൗണ്ടിലുണ്ടായിരുന്ന തുക എന്നിവയുള്‍പ്പെടെയുള്ളവയാണ് ഇത്തരത്തില്‍ നിയമവിരുദ്ധമായി നിക്ഷേപിച്ചത്.

വഖഫ് ബോര്‍ഡ് പോലുള്ള മതവുമായി ബന്ധപ്പെട്ട സംവിധാനത്തിന്റെ പണം ഏത് സമയത്തും നഷ്ടമുണ്ടാകാവുന്ന ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് ഗുരുതരമായ ക്രമക്കേടാണെന്നാണ് കണ്ടെത്തല്‍.

Content Highlight: Mayin Haji’s Waqf Board membership should be revoked: INL

We use cookies to give you the best possible experience. Learn more