തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും കെ.എസ്.ആര്‍.ടി.സി എം.ഡിയും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.
മെയ് ഒമ്പതിനാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസില്‍ സിറ്റിങ് നടത്തുക. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മനുഷ്യാവകാശ കമ്മീഷനില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
മെയ് 27ന് മേയറും അവരുടെ ഭര്‍ത്താവ് സച്ചിന്‍ ദേവും കാറില്‍ ഉണ്ടായിരുന്ന മറ്റ് ബന്ധുക്കളും ചേര്‍ന്ന് ബസ്സ് തടയുകയും യാത്രക്കാരെ ഇറക്കിവിടുകയും ചെയ്തത് വഴി തന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന് തടസ്സം നിന്നതായി ഡ്രൈവർ പരാതിയില്‍ പറഞ്ഞു.
തന്നെയും യാത്രക്കാരെയും മേയര്‍ അപമാനിച്ചെന്നും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ആര്‍.ടി.സി എം.ഡിയോട് ഇപ്പോള്‍ വിശദീകരണം തേടിയിരിക്കുന്നത്. 27ന് തന്നെ കന്റോണ്‍മെന്റ് എസ്.എച്ച്.ഒക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം പരാതിയില്‍ ആരോപിച്ചു.
ഇതിലാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെട്ടത്. ക്യാമറ പോലും പരിശോധിക്കാതെയാണ് മേയറുടെ പരാതിയില്‍ തനിക്കെതിരെ കേസെടുത്തതെന്നും യദു ആരോപിച്ചു. ഒരാഴ്ച്ചക്കകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
Content Highlight: Mayer Driver Controversy; Human Rights Commission filed case against mayor