| Thursday, 9th February 2023, 1:51 pm

മുസ്‌ലിമായതുകൊണ്ടോ കേരളത്തിലെ മാധ്യമപ്രവർത്തകനായതുകൊണ്ടോ ആകാം അവർ എന്നെ ലക്ഷ്യം വച്ചത്: സിദ്ദീഖ് കാപ്പൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: താൻ തൊഴിൽ മാത്രമാണ് ചെയ്‌തെന്നും മുസ്‌ലിമായതുകൊണ്ടോ കേരളത്തിലെ മാധ്യമപ്രവർത്തകനായതുകൊണ്ടോ ആകാം തന്നെ ലക്ഷ്യം വച്ചതെന്നും മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ. സ്‌ക്രോളിന് നൽകിയ അഭിമുഖത്തിലായിരുന്നു കാപ്പന്റെ പരാമർശം. നിരവധി മാധ്യമപ്രവർത്തകർ ഹത്രാസിൽ വാർത്ത റിപ്പോർട്ട് ചെയ്യാനായി പോയിരുന്നു. തന്നെ മാത്രം ലക്ഷ്യം വെച്ചത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും കാപ്പൻ പറഞ്ഞു.

‘എന്തിനാണ് അവർ എന്നെ ടാർഗറ്റ് ചെയ്തതെന്ന് എനിക്ക് മനസിലാകുന്നില്ല. ഒരുപക്ഷേ ഞാനൊരു മുസ്‌ലിം അയതുകൊണ്ടാകാം. അല്ലെങ്കിൽ ഞാൻ കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകനായതുകൊണ്ടാകാം. പൊലീസ് എന്നോട് ആദ്യം പറഞ്ഞത് കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകർ ഒരുപാട് കാര്യങ്ങളിൽ ഇടപെടുന്നുണ്ട്. നിങ്ങൾക്ക് യു.പിയിൽ വരേണ്ട ആവശ്യം എന്താണ്’ എന്നായിരുന്നു.

അത്തരം ചോദ്യങ്ങൾ അവർ ചോദിച്ചതിന്റെ ഉദ്ദേശം എന്താണെന്ന് എനിക്കറിയില്ല. ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ എനിക്ക് പല രാഷ്ട്രീയ പ്രതിനിധികളുമായി ബന്ധമുണ്ട്. ബി.ജെ.പി ആർ.എസ്.എസ് നേതാക്കളും അതിൽ ഉൾപ്പെടുന്നുണ്ട്.

അറസ്റ്റിലാകുന്നതിന് മുൻപത്തെ ദിവസം മുമ്പ് ഞാൻ കേരളത്തിലുള്ള രണ്ട് ബി.ജെ.പി നേതാക്കളുമായും, ഭാരതീയ മസ്ദൂർ സംഘിന്റെ ദേശീയ പ്രസിഡന്റുമായും ഫോണിൽ സംസാരിച്ചിരുന്നു. പക്ഷേ അതിനെക്കുറിച്ചൊന്നും ഒരു തരത്തിലുള്ള അന്വേഷണവും നടന്നിട്ടില്ല,’ കാപ്പൻ പറയുന്നു.

ഇ.ഡി കേസിൽ അലഹബാദ് കോടതിയും, യു.എ.പി.എ കേസിൽ സുപ്രീം കോടതിയും ജാമ്യം അനുവദിച്ചതോടെയാണ് കാപ്പൻ കഴിഞ്ഞ ദിവസം ജയിൽ മോചിതനായത്. അറസ്റ്റിലായി രണ്ട് വർഷവും മൂന്ന് മാസവും പൂർത്തിയാകുമ്പോഴാണ് സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനാകുന്നത്.

യു.പി പൊലീസിന്റെ കേസിൽ വെരിഫിക്കേഷൻ നടപടികൾ നേരത്തെ പൂർത്തിയായിരുന്നു. ഇ.ഡി കേസിലും വെരിഫിക്കേഷൻ പൂർത്തിയായതോടെയാണ് ജയിൽ മോചനം സാധ്യമാകുന്നത്.

ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ ഡിസംബർ 23നാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് കാപ്പന് ജാമ്യം അനുവദിച്ചത്. കള്ളപ്പണ നിരോധന നിയമപ്രകാരം ഇ.ഡി കാപ്പനെതിരെ എടുത്ത കേസിലാണ് ജാമ്യം ലഭിച്ചത്.

2020 ഒക്ടോബർ അഞ്ചിനാണ് യു.പിയിലെ ഹാത്രാസിൽ നിന്നും പൊലീസ് കാപ്പനെ അറസ്റ്റ് ചെയ്തത്. ദളിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പിന്നീട്, കലാപമുണ്ടാക്കാൻ വേണ്ടിയാണ് കാപ്പൻ സ്ഥലത്തെത്തിയതെന്ന് ആരോപിച്ച യു.പി പൊലീസ് സിദ്ദീഖ് കാപ്പനെതിരെ യു.എ.പി.എയടക്കമുള്ള വകുപ്പുകൾ ചുമത്തുകയായിരുന്നു.

അന്ന് മുതൽ തന്നെ കാപ്പന്റെ ജാമ്യത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും യു.പിയിലെ കോടതികൾ ജാമ്യം നിഷേധിക്കുകയായിരുന്നു.

Content Highlight: Maybe they targeted me because I am a Muslim says journalist siddique kappan

We use cookies to give you the best possible experience. Learn more