| Saturday, 24th December 2022, 9:37 pm

പോർച്ചുഗലിന് 'പണി കിട്ടിയേക്കും'; ബ്രസീലിന്റെ പരിശീലക സ്ഥാനം മൗറീനോയ്ക്ക് ലഭിക്കാൻ സാധ്യത

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ഫുട്ബോൾ ഖത്തർ എഡിഷൻ സമാപിച്ചതോടെ ലോക ഫുട്ബോളിന്റെ മുഖം തന്നെ മാറിമറിഞ്ഞിരിക്കുകയാണ്. പല താരങ്ങളുടെയും കോച്ചുകളുടെയും വിരമിക്കൽ കൊണ്ടും, പുതിയ താരങ്ങളുടെ ഉദയങ്ങൾ കൊണ്ടും ലോക ഫുട്ബോളിൽ തന്നെ വലിയ ചലനങ്ങൾ ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് ശേഷം ഉണ്ടാകാറുണ്ട്.

ലോകകപ്പ് ഫുട്ബോളിലെ പരാജയത്തിന് ശേഷം ബ്രസീലിന്റെ സൂപ്പർ കോച്ചായ ടിറ്റെ പരിശീലക സ്ഥാനത്ത് നിന്നും രാജി വെക്കുകയും പോർച്ചുഗീസ് പരിശീലകനായ ഫെർണാണ്ടോ സാന്റോസിനെ പോർച്ചുഗീസ് ഫുട്ബോൾ അസോസിയേഷൻ പുറത്താക്കുകയും ചെയ്തിരുന്നു.

ലോകകപ്പിലെ പ്രതീക്ഷിക്കാത്ത തോൽവിയുടെ പേരിലാണ് ടിറ്റെയുടെ പടിയിറക്കമെങ്കിൽ, സൂപ്പർ താരമായ റൊണാൾഡോയുമായുണ്ടായ അസ്വാരസ്യങ്ങളും താരത്തെ ഫസ്റ്റ് ഇലവനിൽ ഉൾപെടുത്താതിനെ തുടർന്നുണ്ടായ ചില പ്രശ്നങ്ങളുമാണ് സാന്റോസിനെ പുറത്താക്കുന്നതിലേക്ക് പോർച്ചുഗീസ് ഫുട്ബോൾ അസോസിയേഷനെ നയിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ടിറ്റെ വിരമിച്ച ശേഷം ‘ലോകത്തിലെ ഏറ്റവും മികച്ച കോച്ച്’ എന്ന വിശേഷണമുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ് ഗ്വാർഡിയോളയെ ബ്രസീൽ ടീമിലെത്തിക്കാൻ ശ്രമം നടത്തുന്നതായി സ്കൈ സ്പോർട്സ് അടക്കമുള്ള പ്രമുഖ സ്പോർട്സ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.

എന്നാലിപ്പോൾ ഇറ്റാലിയൻ ക്ലബ്ബ് ഏ.സി റോമയുടെ പരിശീലകൻ മൗറീനോയെ ബ്രസീൽ ടീമിലെത്തിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. മൗറീനോയുടെ ഏജന്റായ ജോർജ് മെൻഡിസുമായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ ചർച്ചകൾ നടത്തി എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

എന്നാൽ പോർച്ചുഗീസ് ഫുട്ബോൾ അസോസിയേഷനും പുതിയ പരിശീലകനായി കൊണ്ട് വരാൻ ശ്രമിക്കുന്നത് മൗറീനോയെയാണ് എന്നുള്ള റിപ്പോർട്ടുകൾ മുമ്പ് പുറത്ത് വന്നിരുന്നു. എന്നാൽ പോർച്ചുഗീസ് ഫുട്ബോൾ അസോസിയേഷൻ മൗറീനോയുമായി ചർച്ച നടത്തിയോ എന്ന കാര്യം ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം റയൽ മാഡ്രിഡ്‌ പരിശീലകൻ കാർലോ ആഞ്ചലോട്ടിയെ ബ്രസീൽ ടീമിലെത്തിക്കാൻ ശ്രമിക്കുന്നതായി മുമ്പ് സോഷ്യൽ മീഡിയയിലടക്കം അഭ്യൂഹങ്ങളുണ്ടായിരുന്നു.

Content Highlights:maybe Mourinho get the chance to appointed to brazil new coach

We use cookies to give you the best possible experience. Learn more