അമേരിക്കൻ ലീഗിൽ സ്പാനിഷ് സൂപ്പർ താരത്തിനൊപ്പം മെസി കളിച്ചേക്കും; റിപ്പോർട്ട്
football news
അമേരിക്കൻ ലീഗിൽ സ്പാനിഷ് സൂപ്പർ താരത്തിനൊപ്പം മെസി കളിച്ചേക്കും; റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 26th February 2023, 10:41 am

വരുന്ന ജൂണിലാണ് പാരിസ് ക്ലബ്ബ് പി.എസ്. ജിയിലെ മെസിയുടെ കരാർ അവസാനിക്കുന്നത്. തുടർന്ന് ഫ്രീ ഏജന്റായി മാറുന്ന താരം പാരീസിൽ തുടരുമോ അതോ മറ്റ് ക്ലബ്ബുകളിലേക്ക് ചേക്കേറുമോ എന്നുള്ള കാര്യങ്ങളിലൊന്നും ഇത് വരേക്കും സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

എന്നാൽ താരത്തെ സ്വന്തമാക്കാൻ ബാഴ്സ, അൽ ഹിലാൽ, ഇന്റർ മിയാമി എന്നീ ക്ലബ്ബുകൾ ശ്രമിക്കുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.

എന്നാലിപ്പോൾ മെസിയെയും സെർജിയോ ബുസ്ക്കറ്റ്സിനെയും ഇന്റർ മിയാമിയിലെത്തിക്കാൻ അമേരിക്കൻ ക്ലബ്ബിന് താൽപര്യമുണ്ടെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്ലബ്ബിന്റെ പരിശീലകനായ ഫിൽ നെവിൽ. ടൈംസിനോടാണ് മെസിയെ ഇന്റർമിയാമിലെത്തിക്കാൻ തങ്ങൾക്ക് താൽപര്യമുണ്ടെന്ന് നെവിൽ തുറന്ന് പറഞ്ഞത്.

ഇതോടെ ജൂണിന് ശേഷം മെസിക്കായി പി.എസ്.ജിയും ഇന്റർ മിയാമിയും തമ്മിൽ വലിയ പോരാട്ടമുണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.


“ഞാൻ നിങ്ങൾ പറയുന്നത് നിഷേധിക്കുന്നില്ല. ഞങ്ങൾക്ക് മെസിയെ സൈൻ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതോടൊപ്പം ബുസ്ക്കറ്റ്സും ഞങ്ങളുടെ ക്ലബ്ബിൽ കളിക്കണമെന്നാണ് ഇന്റർ മിയാമിയുടെ മുഴുവനും ആഗ്രഹം,’ ഫിൽ നെവിൽ പറഞ്ഞു.

“ലോകത്തിലെ മികച്ച താരങ്ങൾ ഞങ്ങളുടെ ക്ലബ്ബിൽ കളിക്കണമെന്ന് തന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. മെസിയും ബുസ്ക്കറ്റ്സും ആ പട്ടികയിൽ ഏറ്റവും മുന്തിയ രണ്ട് പേരാണ്.

അവർ തീർച്ചയായും മത്സരത്തെ മാറ്റിമറിക്കാൻ തക്ക മികവുള്ള താരങ്ങളാണ്. ഞങ്ങളുടെ ലീഗിനും അവരുടെ കടന്ന് വരവ് വളരെ വലിയ മാറ്റങ്ങൾ ഉണ്ടാക്കും,’ നെവിൽ കൂട്ടിച്ചേർത്തു.

അതേസമയം ലോകകപ്പിന്റെ ഇടവേളക്ക് ശേഷം മെസിക്ക് പി.എസ്.ജിയിൽ മികച്ച പ്രകടനം തുടരാൻ സാധിച്ചില്ലെങ്കിലും താരത്തെ 2024 വരെ ക്ലബ്ബിൽ പിടിച്ചു നിർത്തണമെന്ന് പി.എസ്.ജി മാനേജ്മെന്റ് തീരുമാനിച്ചിരുന്നതായി നേരത്തെ ഇ.എസ്. പി.എൻ റിപ്പോർട്ട് ചെയ്തിരുന്നു.

24 മത്സരങ്ങളിൽ നിന്നും 57 പോയിന്റുമായി ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്താണ് പി.എസ്. ജി.
ഫെബ്രുവരി 27ന് മാഴ്സയുമായാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

 

Content Highlights:maybe messi and Sergio Busquets play in major soccer league reports