ലോകകപ്പിൽ മികച്ച പ്രകടനമാണ് അർജന്റീനക്കായി സാക്ഷാൽ ലയണൽ മെസി കാഴ്ചവെച്ചത്. ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയ താരം ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും സ്വന്തമാക്കിയിരുന്നു.
ശേഷം തന്റെ ക്ലബ്ബായ പി.എസ്.ജിയിലേക്ക് തിരികേയെത്തിയ മെസിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുന്നില്ല എന്ന തരത്തിൽ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു.
ഇതോടെ ജൂൺ മാസം വരെ പി.എസ്.ജിയിൽ കരാറുള്ള താരം ക്ലബ്ബിൽ നിന്നും മറ്റിടങ്ങളിലേക്ക് ചേക്കേറിയേക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
കൂടാതെ നെയ്മർ, എംബാപ്പെ, മെസി എന്നീ സൂപ്പർ താരങ്ങളെ പി.എസ്.ജിക്ക് ഒന്നിച്ച് മാനേജ് ചെയ്യാൻ സാധിക്കുന്നില്ലെന്നും റിപ്പോർട്ട് പുറത്ത് വന്നിരുന്നു.
എന്നാലിപ്പോൾ മെസി പി.എസ്.ജി വിടുകയാണെങ്കിൽ താരത്തിന് പകരക്കാരനായി 100 മില്യൺ യൂറോ വിലയുള്ള താരം പി.എസ്.ജിയിലേക്ക് എത്തിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. എൻറിച്ച് ഫ്രാങ്ക്ഫർട്ടിൽ നിന്നും 100 മില്യൺ യൂറോക്ക് കോളോ മുവാനിയായിരിക്കും മെസിക്ക് പകരക്കാരനായി പി.എസ്.ജിയിലെത്തുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
എന്നാൽ മെസിയെ 2024 വരെയെങ്കിലും പി. എസ്.ജിയിൽ പിടിച്ചു നിർത്തണമെന്നും താരം ഉണ്ടെങ്കിൽ മാത്രമേ ക്ലബ്ബിന് അവരുടെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് നേടാൻ സാധിക്കുകയുള്ളുവെന്നും പി.എസ്. ജി മാനേജ്മെന്റ് നടത്തിയ ചർച്ചയിൽ തീരുമാനമുണ്ടായതായി നേരത്തെ ഇ.എസ്. പി.എൻ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ജൂൺ മാസത്തോടെ ഫ്രീ ഏജന്റായി മെസി മാറുകയാണെങ്കിൽ താരത്തെ സ്വന്തമാക്കാനായി ഇന്റർ മിയാമി, അൽ ഹിലാൽ, ബാഴ്സലോണ മുതലായ ക്ലബ്ബുകൾ രംഗത്തുണ്ട്.
എന്നാൽ ജൂണിന് മുമ്പ് മെസി പി.എസ്.ജിയുമായി കരാർ നീട്ടിയേക്കുമെന്നും മെസി പി.എസ്.ജിയോട് ചർച്ചകൾ നടത്തിയെന്നും തുടർ തീരുമാനങ്ങൾ ഉടൻ ഉണ്ടായേക്കുമെന്നും പ്രമുഖ ഇറ്റാലിയൻ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം ലീഗ് വണ്ണിൽ 24 മത്സരങ്ങളിൽ നിന്നും 18 വിജയങ്ങളുമായി 57 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് പി. എസ്.ജി.