2017 മെയ് മാസത്തിൽ അയാക്സിനെ പരാജയപ്പെടുത്തി യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കിയതിന് ശേഷം നീണ്ട ആറ് വർഷങ്ങൾ കഴിഞ്ഞ് മറ്റൊരു കപ്പിൽ മുത്തമിട്ടിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
ഇംഗ്ലീഷ് ഫുട്ബോളിലെ ആദ്യ നാല് ലീഗുകളിൽ കളിക്കുന്ന 92 ക്ലബ്ബുകൾ ഏറ്റുമുട്ടിയ ടൂർണമെന്റിലാണ് ഫൈനലിൽ ഈ സീസണിലെ പ്രീമിയർ ലീഗിലെ കറുത്ത കുതിരകളായ ന്യൂ കാസിൽ യുണൈറ്റഡിനെ തോൽപ്പിച്ച് ചുവന്ന ചെകുത്താൻമാർ അവരുടെ ചരിത്രത്തിലെ അറുപത്തിയൊമ്പതാമത് കിരീടം സ്വന്തമാക്കിയത്.
കളിയുടെ ആദ്യ പകുതിയിൽ കസെമീറോ, റാഷ്ഫോർഡ് എന്നിവർ നേടിയ ഗോളുകൾക്കാണ് യുണൈറ്റഡ് ന്യൂ കാസിലിനെ വെംബ്ലിയിൽ പരാജയപ്പെടുത്തിയത്.
ഇതോടെ പരിശീലകനെന്ന നിലയിൽ യുണൈറ്റഡിനെ നയിച്ച ആദ്യ ഫൈനലിൽ തന്നെ ട്രോഫി സ്വന്തമാക്കാൻ എറിക് ടെൻ ഹാഗിന് സാധിച്ചു.
എന്നാലിപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് സൗദി ക്ലബ്ബ് അൽ നസറിലേക്ക് ചേക്കേറിയെങ്കിലും റൊണാൾഡോക്ക് ഇ. എഫ്.എൽ കപ്പ് മെഡൽ കിട്ടാൻ സാധ്യതയുണ്ടെന്ന വാർത്തകൾ പുറത്ത് വരുന്നുണ്ട്.
അൽ നസറിലേക്ക് പോകുന്നതിന് മുമ്പ് റൊണാൾഡോ ഇ.എഫ്.എൽ കപ്പ് സ്‌ക്വാഡിൽ ഉണ്ടായിരുന്നത് മൂലമാണ് താരത്തിന് ഇ.എഫ്.എൽ മെഡൽ കിട്ടാൻ അവസരമൊരുങ്ങുന്നത്.
കരബാവോ കപ്പ് വിജയികൾക്ക് മുപ്പത് മെഡലുകളാണ് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ നൽകുന്നത്. എന്നാൽ ടൂർണമെന്റിന് റൊണാൾഡോയുൾപ്പെടെ 27 താരങ്ങളെ മാത്രമേ മാഞ്ചസ്റ്റർ യുണൈറ്റഡ് രജിസ്റ്റർ ചെയ്തിരുന്നുള്ളൂ.
ഇതോടെയാണ് റൊണാൾഡോക്കും ഇ.എഫ്.എൽ കപ്പ് ലഭിക്കാൻ അവസരമൊരുങ്ങുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ക്ലബ്ബിന് ലഭിച്ച 30 മെഡലുകളിൽ ഒന്ന് യുണൈറ്റഡ് തങ്ങളുടെ ഇ.എഫ്.എൽ സ്‌ക്വാഡിൽ ഉണ്ടായിരുന്ന റൊണാൾഡോക്ക് നൽകുമെന്ന വാർത്തകൾ പുറത്ത് വരുന്നുണ്ട്.
എന്നാൽ മെഡൽ റൊണാൾഡോ സ്വീകരിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമൊന്നും പുറത്ത് വന്നിട്ടില്ല.
എന്നാൽ ഇ.എഫ്.എൽ കപ്പ് നേടിയതോടെ ഇനി യുണൈറ്റഡിന് പ്രധാനപ്പെട്ട നാല് ടൈറ്റിലുകളാണ് ഈ സീസണിൽ പരമാവധി നേടാൻ സാധിക്കുന്നത്. എഫ്.എ കപ്പ്, യൂറോപ്പാ ലീഗ്, പ്രീമിയർ ലീഗ്, എഫ്.എ കമ്മ്യൂണിറ്റി ഷീൽഡ് മുതലായവയാണ് ഇനി യുണൈറ്റഡിന് നേടാൻ സാധിക്കുന്ന പ്രധാന ടൈറ്റിലുകൾ.