| Thursday, 23rd February 2023, 10:02 am

ചെൽസി നോട്ടമിട്ട നെയ്മറെ പൊക്കാൻ വമ്പൻ പ്രീമിയർ ലീഗ് ക്ലബ്ബ്‌ രംഗത്ത്; റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ലീഗ് വൺ ക്ലബ്ബ്‌ പി.എസ്.ജിയിൽ നിന്നും നെയ്മർ ഈ സീസണിൽ വിട്ട് പോയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

എംബാപ്പെയുമായുള്ള സ്വരച്ചേർച്ചയില്ലായ്മയും ക്ലബ്ബിന് കൂടുതൽ താരങ്ങളെ മാനേജ് ചെയ്യാനുള്ള ബുദ്ധിമുട്ടുമൊക്കെ നെയ്മറെ വിൽക്കാനുള്ള കാരണങ്ങളായി ഉയർന്ന് കേൾക്കുന്നുണ്ട്. എന്നാൽ നെയ്മർ പി.എസ്. ജി വിടുകയാണെങ്കിൽ അദ്ദേഹത്തെ ചെൽസി വാങ്ങുമെന്ന് നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ സൈനിങ് നടത്തിയ ചെൽസി തന്നെ നെയ്മറെ വാങ്ങുമെന്നാണ് ആരാധകരും പ്രതീക്ഷിച്ചിരുന്നത്. എന്നാലിപ്പോൾ ചെൽസിക്ക് പുറമെ നെയ്മറെ സ്വന്തമാക്കാൻ മറ്റൊരു വമ്പൻ പ്രീമിയർ ലീഗ് ക്ലബ്ബ്‌ കൂടി രംഗത്തുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വരികയാണ്.

മാഞ്ചസ്റ്റർ സിറ്റിക്കാണ് നെയ്മറെ ടീമിലെത്തിക്കാൻ താൽപര്യമുള്ളതെന്നും 70-80 മില്യൺ പൗണ്ടിനടുത്തുള്ള തുകക്ക് താരത്തെ ക്ലബ്ബ്‌ സ്വന്തമാക്കിയേക്കുമെന്നുമാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.

പെറ്റെ ഓ റോർക്കെ (pete o’ Rourke)യാണ് നെയ്മറെ സിറ്റി തങ്ങളുടെ തട്ടകത്തിലെത്തിച്ചേക്കുമെന്ന തരത്തിൽ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തങ്ങളുടെ ചിലവുകൾ ചുരുക്കാനും കൂടുതൽ യുവതാരങ്ങളെ ക്ലബ്ബിലെത്തിക്കാനുമുള്ള പി.എസ്.ജിയുടെ ശ്രമ ഫലമായി കൂടുതൽ താരങ്ങൾ ക്ലബ്ബിന് പുറത്ത് പോയേക്കുമെന്നും പ്രസ്തുത റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.

നെയ്മർക്ക് പറ്റിയ ക്ലബ്ബ്‌ മാഞ്ചസ്റ്റർ സിറ്റിയാണെന്ന് അഭിപ്രായപ്പെട്ട് ബ്രസീൽ ഇതിഹാസം റിവാൾഡോയും രംഗത്ത് വന്നിരുന്നു.
“ഈ സീസൺ അവസാനിക്കുമ്പോൾ പി.എസ്.ജി നെയ്മറെ വിറ്റേക്കും.

നെയ്മർ പ്രീമിയർ ലീഗിൽ കളിക്കുന്നതാണ് അദ്ദേഹത്തെ സംബന്ധിച്ച് മികച്ച കാര്യം എന്നെനിക്ക് തോന്നുന്നുണ്ട്. എന്റെ അഭിപ്രായത്തിൽ മാഞ്ചസ്റ്റർ സിറ്റിയാണ് നെയ്മർക്ക് ഏറ്റവും പറ്റിയ ക്ലബ്ബ്. വിജയത്തിലേക്ക് മുന്നേറാൻ അവിടെ കളിക്കുന്നത് നെയ്മർക്ക് വലിയ അവസരമൊരുക്കും,’ റിവാൾഡോ പറഞ്ഞു.

അതേസമയം ലീഗ് വണ്ണിൽ 24 മത്സരങ്ങളിൽ നിന്നും 18 വിജയങ്ങളോടെ 57 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.


ഫെബ്രുവരി 27ന് മാഴ്സക്കെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

24 മത്സരങ്ങളിൽ നിന്നും 16 വിജയങ്ങളോടെ 52 പോയിന്റുമായി ടേബിളിൽ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റിയിപ്പോൾ. ഫെബ്രുവരി 25ന് ബേർൺമൗത്തിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:maybe chelsea will sign neymar in next transfer window reports

We use cookies to give you the best possible experience. Learn more