മുഹമ്മദ് സലായെ ടീമിലെത്തിക്കും; ബാഴ്സലോണയുടെ പുതിയ സൈനിങ്‌ തീരുമാനങ്ങൾ ഇവയൊക്കെ; റിപ്പോർട്ട്
football news
മുഹമ്മദ് സലായെ ടീമിലെത്തിക്കും; ബാഴ്സലോണയുടെ പുതിയ സൈനിങ്‌ തീരുമാനങ്ങൾ ഇവയൊക്കെ; റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 31st March 2023, 10:17 am

സ്പാനിഷ് ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ലാ ലിഗയിലെ ഏറ്റവും ആരാധക പിന്തുണയുള്ള ക്ലബ്ബുകളിലൊന്നാണ് ബാഴ്സലോണ.
കഴിഞ്ഞ സീസണിലെ ലീഗ്, ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡിനെ തീർത്തും നിക്ഷ്പ്രഭരാക്കികൊണ്ട് ലീഗിൽ തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ് ബാഴ്സലോണ.

കഴിഞ്ഞ തവണ നഷ്ടമായ ലീഗ് കിരീടം തിരിച്ചു പിടിക്കാനുറച്ച് തന്നെയാണ് കാറ്റലോണിയൻ പട മുന്നോട്ട് കുതിക്കുന്നത്. കൂടാതെ ചാമ്പ്യൻസ് ലീഗിൽ നിന്നും യൂറോപ്പയിൽ നിന്നും പുറത്തായ ടീമിന് ലീഗ് കിരീടം സ്വന്തമാക്കേണ്ടത് അഭിമാന പ്രശ്നം കൂടിയാണ്.

എന്നാൽ പ്രീമിയർ ലീഗിൽ നിന്നും മൂന്ന് സൂപ്പർ താരങ്ങളെ ബാഴ്സലോണ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ ശ്രമം നടത്തുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

മുഹമ്മദ് സല, സൺ-ഹ്യുങ്‌-മിൻ, ലൂയിസ് ഡയസ് തുടങ്ങിയ മൂന്ന് സൂപ്പർ താരങ്ങളെയാണ് ബാഴ്സലോണ തങ്ങളുടെ സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ബാഴ്സ യൂണിവേഴ്സലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ കാറ്റലൂണിയ റേഡിയോയും സലാ, ഡയസ്, സൺ-ഹ്യുങ്‌-മിൻ എന്നിവരെ അടുത്ത സീസണിലേക്ക് ബാഴ്സ നോട്ടമിടുന്നുണ്ടെന്ന വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബാഴ്സയിലേക്ക് കൂടുതൽ ക്വാളിറ്റി പ്ലെയേഴ്സിനെ കൊണ്ട് വരണമെന്നും സാവിയുടെ കളി ശൈലിക്ക് അനുസരിച്ച് ബാഴ്സയിലേക്ക് കൂടുതൽ പ്ലെയേഴ്സിനെയെത്തിക്കണമെന്നുമുള്ള കാറ്റലോണിയൻ ക്ലബ്ബിന്റെ തീരുമാന പ്രകാരമാണ് ബാഴ്സയിലേക്ക് പ്രീമിയർ ലീഗിൽ നിന്നുള്ള സൂപ്പർ താരങ്ങളെയെത്തിക്കുന്നത്.

കൂടാതെ സ്ഥിരതയില്ലായ്മ മൂലം ബാഴ്സ മാനേജ്മെന്റിന് താത്പര്യം നഷ്ടപ്പെട്ട ഡെമ്പലെ, അൻസു ഫാറ്റി, ഫെറാൻ ടോറസ്, മുതലായ പ്ലെയേഴ്സിന് പകരക്കാരായും ഈ സൂപ്പർ താരങ്ങളെ ബാഴ്സ പരിഗണിക്കുന്നുണ്ട്.

ലിവർപൂളിനായി ഇതുവരെ 178 ഗോളുകളും 74 അസിസ്റ്റുകളുമാണ് സലയുടെ സമ്പാദ്യം.
ടോട്ടൻഹാമിനായി 99 ഗോളുകളും 56 അസിസ്റ്റുകളുമാണ് സൺ സ്വന്തമാക്കിയിട്ടുള്ളത്. 38 മത്സരങ്ങളിൽ നിന്നും 18 ഗോളുകളാണ് പ്രീമിയർ ലീഗിൽ നിന്നും ഡയസിന്റെ സമ്പാദ്യം.

അതേസമയം ലാ ലിഗയിൽ നിലവിൽ 26 മത്സരങ്ങളിൽ നിന്നും 22 വിജയങ്ങളോടെ 68 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്സ.

ഏപ്രിൽ രണ്ടിന് എൽച്ചെക്കെതിരെയാണ് ബാഴ്സയുടെ അടുത്ത മത്സരം.

Content Highlights: maybe barcelona sign Mohamed Salah in their squad