ലോകത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള കായിക ഇനമായ ഫുട്ബോളിൽ തങ്ങളുടെ ഭാവി നിക്ഷേപ സാധ്യതകൾ കാണുകയാണ് അറബ് ശത കോടീശ്വരൻമാരും കമ്പനികളും.
എണ്ണക്ക് പുറമേ ടൂറിസത്തിലും, കായിക മേഖലയിലും കൂടുതൽ നിക്ഷേപം നടത്തുക എന്ന സൗദിയുടെ തീരുമാനം നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇത് തന്നെയാണ് അറബ് രാജ്യങ്ങളുടെ മൊത്തത്തിലുള്ള സമീപന രീതി എന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നത്.
ഇപ്പോൾ തന്നെ ലോക പ്രസിദ്ധമായ പല ഫുട്ബോൾ ക്ലബ്ബുകളെയും അറബ് കമ്പനികളും അറബ് ശത കോടീശ്വരൻമാരും സ്വന്തമാക്കിക്കഴിഞ്ഞിട്ടുണ്ട്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമ സിറ്റി ഗ്രൂപ്പ് ചെയർമാനായ ദുബായ് സ്വദേശി ഷെയ്ഖ് മൻസൂറാണ്. മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂ കാസിൽ യുണൈറ്റഡിന്റെ വലിയൊരു ഭാഗം ഓഹരിയും സ്വന്തമാക്കിയിരിക്കുന്നത് സൗദി സർക്കാരാണ്.
ആസ്റ്റൺ വില്ലയെ ഈജിപ്ത് ശത കോടീശ്വരൻ നാസേഫ് സവിരിസ് സ്വന്തമാക്കിയപ്പോൾ. ഷെഫീൽഡ് യുണൈറ്റഡിന്റെ ഉടമ സൗദി രാജകുടുംബാംഗമായ അബ്ദുള്ള-ബിൻ-മൊസദ്-ബിൻ-അബ്ദുൽ അസീസ് ആണ്. കൂടാതെ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയെ ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ് ഉടമ നാസർ അൽ ഖലൈഫി സ്വന്തമാക്കിയപ്പോൾ,യു.എ.ഇ വംശജനായ ഷേക്ക് സയീദ്- ബിൻ-തനൂനാണ് ചാർട്ടൻ ക്ലബ്ബിന്റെ ഉടമ.
ഇത് കൂടാതെ എമിറേറ്റ്സ്, എത്തിഹാദ്, ഖത്തർ എയർവേസ് മുതലായ കമ്പനികൾ പ്രമുഖ യൂറോപ്യൻ ലീഗുകളിൽ വലിയ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്.
എന്നാലിപ്പോൾ പ്രീമിയർ ലീഗിലെ വമ്പൻ ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ എന്നീ ക്ലബ്ബുകളെയും അറബ് കമ്പനികൾ വാങ്ങിച്ചേക്കുമെന്ന റിപ്പോട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
സൗദിയുടെ കായിക മന്ത്രിയായ അബ്ദുൽ അസീസ്-ബിൻ-തുർക്-അൽ ഫൈസൽ സൗദിയിലെ സ്വകാര്യ കമ്പനികളോട് ലിവർപൂൾ, യുണൈറ്റഡ് എന്നീ ക്ലബ്ബുകളെ വാങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ബി.ബി.സിയുമായി നടന്ന ആഭിമുഖത്തിൽ വെളിപ്പെടുത്തിയതോടെയാണ് അറബ് കമ്പനികളും യുണൈറ്റഡ്, ലിവർപൂൾ ക്ലബ്ബുകളുമായും ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഉയർന്ന് വരാൻ തുടങ്ങിയത്.
എന്നാൽ ലിവർപൂൾ ക്ലബ്ബിനെ മുഴുവനായി വിൽക്കാൻ തയ്യാറല്ലെന്നും ക്ലബ്ബിലേക്ക് നിക്ഷേപങ്ങൾ മാത്രമേ ക്ഷണിക്കുന്നുള്ളൂ എന്നുമാണ് ലിവർപൂൾ ഉടമകളായ ഫെൻവേ സ്പോർട്സ് പ്രസ്താവിച്ചിരിക്കുന്നത്.
എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മൊത്തമായി വിൽക്കാനുള്ള നടപടികളുമായാണ് ക്ലബ്ബ് ഉടമകളായ ഗ്ലെസേഴ്സ് കുടുംബം മുന്നോട്ട് പോകുന്നതെന്ന റിപ്പോർട്ടുകൾ പ്രമുഖ ഇറ്റാലിയൻ സ്പോർട്സ് ജേർണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയടക്കം പുറത്ത് വിട്ടിരുന്നു.
നേരത്തത്തെ ടിഫോ ഫുട്ബോൾ ദുബായ്, കുവൈത്ത്, ബഹ്റൈൻ മുതലായ രാജ്യങ്ങൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാൻ താൽപര്യമുണ്ടെന്ന വാർത്തകൾ പുറത്ത് വിട്ടിരുന്നു.
കൂടാതെ ഏഴ് മുതൽ പത്ത് ബില്യൺ ഡോളർ വില വരുന്ന യുണൈറ്റഡ് ക്ലബ്ബിന്റെ വിൽപനക്ക് അറബ് ക്ലബ്ബുകൾ തന്നെയാകും പ്രധാനമായും മുന്നോട്ട് വരാൻ സാധ്യത എന്ന് തന്നെയാണ് മാർക്ക അടക്കമുള്ള മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നത്.
ഇരു ക്ലബ്ബുകളുടെയും വിൽപന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാൻ രണ്ട് മൂന്ന് മാസത്തോളം സമയം എടുക്കുമെന്നും മാർക്ക റിപ്പോട്ട് ചെയ്തിട്ടുണ്ട്.
Content Highlights: maybe arab companies buy Liverpool and Manchester United Report