ഫിഫ ലോകകപ്പ് ഖത്തർ എഡിഷനിൽ കിരീടം സ്വന്തമാക്കാൻ സാധിച്ചതോടെ ലോക ഫുട്ബോളിന്റെ നെറുകയിലേക്ക് വീണ്ടും ഉയർന്നിരിക്കുകയാണ് അർജന്റൈൻ ടീം. മെസിയുടെ നേതൃത്വത്തിൽ മൂന്നാം ലോകകിരീടം സ്വന്തമാക്കാൻ സാധിച്ചതോടെ ടീമിന് 36 വർഷങ്ങൾക്ക് ശേഷം വീണ്ടും ഫുട്ബോളിലെ വിശ്വകിരീടം കൈവശം വെക്കാൻ സാധിച്ചു.
എന്നാലിപ്പോൾ അർജന്റീന ക്യാമ്പിന് തിരിച്ചടിയാകാൻ സാധ്യതയുള്ള ഒരു വാർത്ത പുറത്ത് വരുന്നുണ്ട്. അർജന്റൈൻ ടീമിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരമായ അലജാന്ദ്രോ ഗെർണാച്ചോ അർജന്റീന വിട്ട് സ്പെയ്നിലേക്ക് ചേക്കേറുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
സ്പോർട്സ് ബൈബിളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അർജന്റീനയുടെ ലോകകപ്പ് സ്‌ക്വാഡിൽ സ്ഥാനം പിടിക്കാൻ കഴിയാതെ അവസാന നിമിഷം പുറത്തായത് താരത്തിന് വലിയ തിരിച്ചടിയായിരുന്നു.
അർജന്റീനയിൽ കളിക്കുന്നെങ്കിലും താരം ജനിച്ചതും വളർന്നതും സ്പെയ്നിലായിരുന്നു. ഗെറ്റാഫെ, അത് ലറ്റിക്കോ മാഡ്രിഡ് എന്നീ സ്പാനിഷ് ടീമുകളുടെ അക്കാദമിയിലൂടെ കളി പഠിച്ച താരം സ്പെയ്ന്റെ അണ്ടർ-18 ടീമിൽ കളിച്ചിരുന്നു. പിന്നീടാണ് താരം അർജന്റീനയുടെ അണ്ടർ-20 ടീമിലേക്ക് മാറിയത്.