Advertisement
D' Election 2019
'ഫലം വന്നാല്‍ മായാവതി ബി.ജെ.പിയുമായി കൈകോര്‍ക്കും'; അവകാശവാദവുമായി മായാവതിയുടെ മുന്‍ വിശ്വസ്തന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 15, 12:32 pm
Wednesday, 15th May 2019, 6:02 pm

ബല്ലിയ: തെരഞ്ഞെടുപ്പുഫലം വന്നതിനുശേഷം ബി.എസ്.പി അധ്യക്ഷ മായാവതി ബി.ജെ.പിയുമായി കൈകോര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവും മായാവതിയുടെ മുന്‍ വിശ്വസ്തനുമായ നസീമുദ്ദീന്‍ സിദ്ദിഖി. ഫലപ്രഖ്യാപനത്തിനുശേഷമുണ്ടാകുന്ന സമ്മര്‍ദ്ദമാണ് അതിനുകാരണമെന്നും അദ്ദേഹം അവകാശപ്പെട്ടു.

എന്നാല്‍ സമാജ്‌വാദി പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പം ചേരുമെന്നും രാജ്യത്തിന്റെയും ഉത്തര്‍പ്രദേശിന്റെയും താത്പര്യമാണ് അവര്‍ നോക്കുകയെന്നും അദ്ദേഹം പറഞ്ഞു.

‘ബി.ജെ.പിയുമായി മായാവതി മുന്‍പും കൈകോര്‍ത്തിട്ടുണ്ട്. മേയ് 23-നുശേഷം വളരെ സമ്മര്‍ദ്ദം അവര്‍ക്കുണ്ടാകും. അങ്ങനെ അവര്‍ ബി.ജെ.പിയുമായി കൈകോര്‍ക്കും. രാഷ്ട്രീയത്തില്‍ ഒന്നും അസാധ്യമല്ല. അവരെ എനിക്ക് 33 വര്‍ഷമായി അറിയാവുന്നതാണ്. അവര്‍ക്ക് അവരെ അറിയുന്നതിനേക്കാള്‍ എനിക്കവരെ അറിയാം.’- മായാവതിയെക്കുറിച്ച് സിദ്ദിഖി പറഞ്ഞു.

മായാവതി സര്‍ക്കാരിലെ മന്ത്രിയായിരുന്ന സിദ്ദിഖി 2017-ലാണ് മായാവതിയുമായി തെറ്റുന്നത്. അവരെ മായാവതി പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയായിരുന്നു. തുടര്‍ന്നു കഴിഞ്ഞവര്‍ഷമാണ് കോണ്‍ഗ്രസില്‍ ചേക്കേറുന്നത്. 2012-17 കാലയളവില്‍ ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ പ്രതിപക്ഷനേതാവായിരുന്നു.

മായാവതി പ്രധാനമന്ത്രിയാകുന്നതിനുള്ള സാധ്യതകള്‍ സിദ്ദിഖി തള്ളുകയും ചെയ്തു. ‘മായാവതി പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് അവരുടെ സഖ്യകക്ഷികളായ എസ്.പിയോ ആര്‍.എല്‍.ഡിയോ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഉത്തര്‍പ്രദേശില്‍ നിന്നാണ് അടുത്ത പ്രധാനമന്ത്രിയെന്ന് അഖിലേഷ് യാദവ് മാത്രം പറഞ്ഞിട്ടുണ്ട്.’- അദ്ദേഹം പറഞ്ഞു.