ലഖ്‌നൗ: 2007 നിയമസഭാ തെരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമാകും ഇത്തവണയും ഉത്തര്‍പ്രദേശില്‍ കാണുകയെന്നും, യു.പിയില്‍ സര്‍ക്കാരുണ്ടാക്കാമെന്ന അഖിലേഷിന്റെ സ്വപ്‌നം തകര്‍ന്നടിയുമെന്നും ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) അധ്യക്ഷ മായാവതി
ഉത്തര്‍പ്രദേശില്‍ തങ്ങളുടെ പ്രസക്തി തിരച്ചറിഞ്ഞതിലും അംഗീകരിച്ചതിലും കേന്ദ്രമന്ത്രി അമിത് ഷായോട് നന്ദിയുണ്ടെന്നും മായാവതി പറഞ്ഞു.
സമൂഹത്തിലെ എല്ലാ കോണുകളില്‍ നിന്നുമുള്ള ആളുകളുടെ പിന്തുണ തനിക്കും പാര്‍ട്ടിക്കും ലഭിക്കുന്നുണ്ടെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പില്‍ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോടായിരുന്നു മായാവതി ഇക്കാര്യം പറഞ്ഞത്.
‘മാര്‍ച്ച് പത്തിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ 2007ന് സമാനമായി മൃഗീയ ഭൂരിപക്ഷത്തോടെ ബി.എസ്.പി സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കും,’ മായാവതി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ സര്‍ക്കാരുണ്ടാക്കുമെന്ന അഖിലേഷ് യാദവിന്റെ പ്രഖ്യാപനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുസ്‌ലിങ്ങളടക്കമുള്ള പ്രവര്‍ത്തകര്‍ അഖിലേഷിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തരല്ലെന്നായിരുന്നുന്നു മായാവതിയുടെ മറുപടി.
‘സമാജ്‌വാദി പാര്‍ട്ടി ഇവിടെ സര്‍ക്കാരുണ്ടാക്കാമെന്ന് സ്വപ്‌നം കാണുകയാണ്. എന്നാല്‍ ആ സ്വപ്‌നം തകര്‍ന്നടിയും. എസ്.പി എപ്പോഴൊക്കെ അധികാരത്തിലെത്തിയിട്ടുണ്ടോ, അപ്പോഴൊക്കെ ദളിതുകളും പിന്നാക്ക വര്‍ഗക്കാരും ബ്രാഹ്‌മണരും അടിച്ചമര്‍ത്തപ്പെട്ടിട്ടുണ്ട്,’ മായാവതി പറയുന്നു.
ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയുടെ പ്രസക്തി വര്‍ധിച്ചുവരികയാണെന്ന അമിത് ഷായുടെ പ്രസ്താവനയോട് നന്ദിയുണ്ടെന്നും സത്യം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
‘ബി.എസ്.പി അതിന്റെ പ്രസക്തി നിലനിര്‍ത്തുകയാണ്. അവര്‍ക്ക് വോട്ടുകള്‍ ലഭിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ വോട്ടുകളെ സീറ്റുകളാക്കി മാറ്റാന്‍ അവര്‍ക്ക് സാധിക്കുമോ എന്ന് മാത്രമാണ് തന്റെ സംശയം,’ എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.
ദളിത് വിഭാഗത്തില്‍ നിന്നും മാത്രമല്ല മുസ്‌ലിം, ഒ.ബി.സി വിഭാഗങ്ങളില്‍ നിന്നും സവര്‍ണ ഹൈന്ദവരുടെ വോട്ടും പിന്തുണയും പാര്‍ട്ടിക്ക് ലഭിക്കുന്നുണ്ടെന്നും മായാവതി പറയുന്നു.
Content Highlight: Mayawati thanks Amit Shah for ‘acknowledging BSP’s relevance’ in UP