| Saturday, 20th July 2019, 8:43 am

' ഇത് ബി.ജെ.പി ബിനാമി ഇടപാടിലൂടെ സമ്പാദിച്ചതല്ലേ?': തെരഞ്ഞെടുപ്പ് ഫണ്ടിന്റെ ഉറവിടം വെളിപ്പെടുത്താന്‍ ബി.ജെ.പിയെ വെല്ലുവിളിച്ച് മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയേയും ആര്‍.എസ്.എസിനേയും വെല്ലുവിളിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി. തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി ബാങ്കുകളില്‍ നിക്ഷേപിച്ച പണത്തിന്റെ ഉറവിടം പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തണമെന്നായിരുന്നു മായാവതിയുടെ ആവശ്യം.

പിന്നാക്കവിഭാഗക്കാര്‍ വിദ്യാഭ്യാസത്തിലും ബിസിനസിലും പുരോഗതി കൈവരിക്കുന്നത് ആഗ്രഹിക്കാത്ത ജാതി സംഘടനകളാണ് ബി.ജെ.പിയും ആര്‍.എസ്.എസും എന്നും മായാവതി വിമര്‍ശിച്ചു. നരേന്ദ്രമോദിയും അമിത്ഷായും അധികാരത്തില്‍ എത്തിയശേഷം ബി.ജെ.പി കോടികളുടെ സ്വത്ത് സമ്പാദിച്ചെന്നും മായാവതി ആരോപിച്ചു.

‘ബി.ജെ.പിക്ക് എവിടെ നിന്നാണ് ഇത്രയും പണം വരുന്നത്? എന്തുകൊണ്ടാണ് ബി.ജെ.പിയും ആര്‍.എസ്.എസും അവരുടെ പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താന്‍ ഭയപ്പെടുന്നത്. ഇത് ബി.ജെ.പി ബിനാമി ഇടപാടിലൂടെ സമ്പാദിച്ചതല്ലേ?’മായാവതി ചോദിക്കുന്നു.

ജാതിമത വൈരാഗ്യം വര്‍ധിപ്പിക്കാന്‍ ബി.ജെ.പി അധികാരം ഉപയോഗിക്കുന്നുവെന്നും മായാവതി കുറ്റപ്പെടുത്തി.

‘എല്ലാവര്‍ക്കും അറിയാം തെരഞ്ഞെടുപ്പ് വേളയില്‍ ബി.ജെപി.യുടെ ബാങ്ക് അക്കൗണ്ടുകളില്‍ 2,000 കോടി രൂപ നിക്ഷേപിച്ചിരുന്നുവെന്ന്. എന്നാല്‍ ഇതിന്റെ ഉറവിടെ ഇതുവരെയും വ്യക്തമല്ല. . ഇത് ബിനാമിയാണോ?’ മായാവതി ചോദിക്കുന്നു. ഈ പണം ഉപയോഗിച്ച് ബി.ജെ.പി വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നും മായാവതി കുറ്റപ്പെടുത്തി.

We use cookies to give you the best possible experience. Learn more