| Friday, 19th April 2019, 5:53 pm

കപടനായ മോദിയെ പോലെയല്ല മുലായം; 24 വര്‍ഷത്തെ രാഷ്ട്രീയ ശത്രുത മറന്ന് മായാവതിയും മുലായം സിങും ഒരേ വേദിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലകാനൗ: 24 വര്‍ഷങ്ങളായി നിലനില്‍ക്കുന്ന രാഷ്ട്രീയ ശത്രുത മറന്ന് സമാജ് വാജി നേതാവ് മുലായാം സിംങ് യാദവും ബഹുജന്‍സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതിയും വേദി പങ്കിട്ടു. മെയിന്‍പുരിയില്‍ മുലായംസിങ് യാദവിന്റെ തെരഞ്ഞെടുപ്പ് റാലിയിലാണ് ഇരുവരും ഒരുമിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുകൊണ്ട് പിന്നാക്ക സമുദായത്തിലെ യഥാര്‍ത്ഥ നേതാവാണ് മുലായം സിങ് യാദവെന്നും കപടനായ മോദിയെ പോലെയല്ലെന്നും മായാവതി പറഞ്ഞു. മുന്നാക്കക്കാരനായ മോദി പിന്നാക്കക്കാരനാണെന്ന വ്യാജേന നേട്ടമുണ്ടാക്കുകയാണെന്നും മായാവതി ആരോപിച്ചു.

മുന്‍പ് മണിപ്പൂരിയിലെ എസ്.പി -ബി.എസ്.പി റാലിയില്‍ മുലായം മായാവതിയുമായി വേദി പങ്കിടാന്‍ തയ്യാറായിരുന്നില്ലെങ്കിലും മായാവതിക്ക് താന്‍ വലിയ ബഹുമാനം കൊടുക്കുന്നുണ്ടെന്ന് മുലായം ഇന്ന് പറഞ്ഞു.

‘ഇന്ന് മായാവതി ജി വന്നു. അവരെ സ്വാഗതം ചെയ്തു. എല്ലായ്‌പോഴും മായാവദി ജിയെ ബഹുമാനിക്കുന്നു. കാരണം മോശം സമയത്ത് പോലും അവര്‍ ഞങ്ങളുടെ ഭാഗത്ത് നിന്നു. ഇന്ന് അവര്‍ എന്നെ പിന്തുണക്കുന്നതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്.’ മുലായം പറഞ്ഞു.

1993ലാണ് മുമ്പ് എസ്.പി-ബിഎസ്പി കൂട്ടുക്കെട്ടുണ്ടായത്. ബി.ജെ.പിയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ മുതിര്‍ന്ന നേതാവ് കാന്‍ഷി റാമിന്റെ മുന്‍കൈയില്‍ അന്ന് ഇരു പാര്‍ട്ടികളും ഒന്നിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ സഖ്യം ജയിക്കുകയും മുലായം സിങ് മുഖ്യമന്ത്രിയാകുകയും ചെയ്തു. പിന്നീട് 1995ലെ പ്രസിദ്ധമായ ഗസ്റ്റ് ഹൗസ് സംഭവത്തെ തുടര്‍ന്ന് സഖ്യം പിരിഞ്ഞു. എസ്.പി നേതാക്കളും പ്രവര്‍ത്തകരും മായാവതിയുടെ ഗസ്റ്റ് ഹൗസ് ആക്രമിച്ചതാണ് സംഭവം.

We use cookies to give you the best possible experience. Learn more