| Monday, 24th January 2022, 9:33 am

നിങ്ങളുടെ ആശ്രമം ഒരു പടുകൂറ്റന്‍ ബംഗ്ലാവിനെക്കാളും ഒട്ടും ചെറുതല്ല എന്ന് ജനങ്ങളോട് തുറന്നുപറയൂ; യോഗിയെ വെല്ലുവിളിച്ച് മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ബി.ജെ.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് ബി.എസ്.പി നേതാവ് മായാവതി.

തന്റെ ആശ്രമം ഒരു പടുകൂറ്റന്‍ ബംഗ്ലാവിനെക്കാളും ഒട്ടും ചെറുതല്ല എന്ന് യോഗി ജനങ്ങള്‍ക്ക് മുന്നില്‍ സമ്മതിക്കണം എന്നാണ് മായാവതി പറഞ്ഞത്.

”സ്വന്തം മണ്ഡലമായ ഗോരഖ്പൂരില്‍ താന്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്ന ആശ്രമം ഒരു കൂറ്റന്‍ ബംഗ്ലാവിനെക്കാളും ഒട്ടും ചെറുതല്ല, എന്ന് സംസ്ഥാനത്തെ ജനങ്ങളോട് യോഗി പറയണം.

പടിഞ്ഞാറന്‍ യു.പിയിലെ ജനങ്ങള്‍ ഇക്കാര്യം അറിയാന്‍ സാധ്യതയുമില്ല. അദ്ദേഹം തന്നെ ഇത് പറയുകയാണെങ്കില്‍ നന്നായേനെ,” മായാവതി പറഞ്ഞു.

താന്‍ ഭരണത്തിലിരുന്നപ്പോള്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി യോഗി ജനങ്ങളോട് പറയണമെന്നും അവര്‍ പറഞ്ഞു.

ഹിന്ദിയില്‍ എഴുതിയ ട്വീറ്റുകളിലായിരുന്നു മായാവതി ഇക്കാര്യം പറഞ്ഞത്.

”ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്വന്തം സര്‍ക്കാരിനെ പ്രകീര്‍ത്തിക്കുന്നതിനൊപ്പം ബി.എസ്.പി സര്‍ക്കാര്‍ ചെയ്ത ജനോപകാരപ്രദമായ കാര്യങ്ങള്‍ കൂടെ പറഞ്ഞാല്‍ നന്നായേനെ.

കാരണം ബി.എസ്.പി സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കിയതും പാവപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കിയതുമടക്കമുള്ള മികച്ച കാര്യങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതുണ്ട്,” മായാവതി കൂട്ടിച്ചേര്‍ത്തു.

ഏഴ് ഘട്ടമായാണ് യു.പിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഫെബ്രുവരി 10നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും.

ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Mayawati says Yogi Adityanath’s monastery is not less than a big Bungalow

We use cookies to give you the best possible experience. Learn more