| Tuesday, 21st May 2019, 2:31 pm

എക്‌സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ ബി.ജെ.പിയെ പിന്തുണച്ച അനുയായിയെ പുറത്താക്കി മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ബി.എസ്.പി അധ്യക്ഷ മായാവതിയുടെ ഉറ്റ അനുയായിയും മുന്‍ മന്ത്രിയുമായ രാംവീര്‍ ഉപാധ്യായയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് നടപടി.

യു.പിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി നിലപാടെടുത്ത ഇദ്ദേഹത്തിനെതിരെ നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ചീഫ് വിപ്പ് പദവിയില്‍ നിന്നും ഇദ്ദേഹത്തെ പുറത്താക്കിയിട്ടുണ്ട്. അതേസമയം സദാബാദിലെ എം.എല്‍.എല്‍ ആയി ഇദ്ദേഹം തുടരും.

അലിഗര്‍, ഫത്തേപൂര്‍ സിക്രി, ഹത്രാസ് തുടങ്ങിയ മണ്ഡലങ്ങളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നെന്നും ജനറല്‍ സെക്രട്ടറി മേവാ ലാല്‍ ഗൗതം പ്രസ്താവനയില്‍ അറിയിച്ചു.

ബി.ജെ.പി നേതാക്കളുമായി ഇദ്ദേഹം അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയതായുള്ള വിവരങ്ങള്‍ ലഭിച്ചെന്നും ബി.എസ്.പി പറഞ്ഞു.

നേരത്തെ ഫത്തേപൂര്‍ സിക്രിയില്‍ നിന്നും കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരെ മത്സരിക്കാന്‍ ഉപാധ്യായയുടെ ഭാര്യ സീമാ ഉപാധ്യായയോട് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ അത് നിരാകരിക്കുകായിരുന്നു.

തുടര്‍ന്ന് പാര്‍ട്ടിയുടെ ഒരു യോഗങ്ങളിലും പങ്കെടുക്കേണ്ടതില്ലെന്ന മുന്നറിയിപ്പും പാര്‍ട്ടി അദ്ദേഹത്തിന് നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more