| Sunday, 18th July 2021, 4:05 pm

ബി.ജെ.പിക്ക് കൊടുത്തുപോയ വോട്ടിന്റെ പേരില്‍ ബ്രാഹ്മണസമൂഹം പശ്ചാത്തപിക്കുകയാണ്; യു.പിയില്‍ 'ജാതിരാഷ്ട്രീയം' പറഞ്ഞ് മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: യു.പിയില്‍ ജാതി രാഷ്ട്രീം കളിച്ച് വോട്ടുപിടിക്കാന്‍ ഒരുങ്ങി ബി.ജെ.പിയും ബി.എസ്.പിയും. ബി.ജെ.പിക്ക് കൊടുത്തുപോയ വോട്ടിന്റെ പേരില്‍ യു.പിയിലെ ബ്രാഹ്മണ സമൂഹം പശ്ചാത്തപിക്കുകയാണെന്ന് മായാവതി പറഞ്ഞു.

ബി.എസ്.പി. അധികാരത്തില്‍ വന്നാല്‍ ബ്രാഹ്മണരുടെ സുരക്ഷ ഉറപ്പാക്കുമെന്നും മായാവതി പറഞ്ഞു.

” അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബ്രാഹ്മണര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ബി.എസ്.പി. ജനറല്‍ സെക്രട്ടറി എസ്.സി. മിശ്രയുടെ നേതൃത്വത്തില്‍ ജൂലൈ 23 ന് അയോധ്യയില്‍ നിന്ന് ബ്രാഹ്മണ സമൂഹവുമായി ബന്ധപ്പെടാനും അവരുടെ താല്‍പ്പര്യങ്ങള്‍ ബി.എസ്.പി. ഭരണത്തില്‍ മാത്രം സുരക്ഷിതമാണെന്ന് ഉറപ്പ് നല്‍കും,” മായവതി പറഞ്ഞു.

ദലിത് സമുദായത്തെപ്പോലെ തന്നെ തന്റെ പാര്‍ട്ടിയെ ബ്രാഹ്മണ സമൂഹവും പിന്തുണയ്ക്കണമെന്ന് മായവതി ആവശ്യപ്പെട്ടു.

” ബി.ജെ.പിയും കോണ്‍ഗ്രസും ദളിതരെ സ്വാധീനിക്കാന്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചു. പണം ഉപയോഗിച്ചു, തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി, ദളിത് സമൂഹത്തെ സ്വാധീനിക്കാന്‍ മാധ്യമങ്ങളെ പോലും ഉപയോഗിച്ചു. എന്നാല്‍ ഈ വ്യാജ വാഗ്ദാനങ്ങളില്‍ ദളിതര്‍ തെറ്റിദ്ധരിക്കപ്പെട്ടില്ല,” മായാവതി പറഞ്ഞു.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനായി പ്രചരണം ആരംഭിക്കുമ്പോള്‍ ബ്രാഹ്മണരെ തെറ്റിദ്ധരിപ്പിക്കാന്‍ ബി.ജെ.പി. വീണ്ടും ശ്രമിക്കുമെന്നും മായാവതി പറഞ്ഞു.

2007 ലെ പോലെ ബ്രാഹ്മണ സമൂഹം തങ്ങളുടെ പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് മായാവതി കൂട്ടിച്ചേര്‍ത്തു.

നിയമസഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കെ യു.പിയില്‍ ബി.ജെ.പിയും ബി.എസ്.പിയും ജാതി പറഞ്ഞ് വോട്ടുനേടാനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Mayawati’s Outreach To Brahmins Before UP Polls

We use cookies to give you the best possible experience. Learn more