ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ യോഗ്യനല്ലെന്ന് പ്രസ്താവിച്ച ബി.എസ്.പി നേതാവിനെ സ്ഥാനത്തു നീന്നും നീക്കി മായാവതി. പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനും ദേശീയ കോര്‍ഡിനേറ്ററുമായ ജയ്പ്രകാശ് സിംഗിനെയാണ് വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് സ്ഥാനത്തു നിന്നും മാറ്റിയിരിക്കുന്നത്.
സോണിയാ ഗാന്ധി വിദേശിയായതിനാല്‍ രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ അയോഗ്യനാണെന്നായിരുന്നു ജയ്പ്രകാശിന്റെ പരാമര്‍ശം.
“ബി.എസ്.പി ദേശീയ കോര്‍ഡിനേറ്റര്‍ ജയ്പ്രകാശ് സിംഗിന്റെ പ്രസംഗത്തെക്കുറിച്ച് അറിയാനിടയായി. എതിര്‍പക്ഷത്തുള്ള പാര്‍ട്ടികളുടെ നേതൃത്വത്തെക്കുറിച്ച് അദ്ദേഹം തീര്‍ത്തും വ്യക്തിപരമായ ചില പ്രസ്താവനകള്‍ നടത്തിയിരുന്നു. അത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. ഇക്കാര്യം കണക്കിലെടുത്ത് അദ്ദേഹത്തെ ഔദ്യോഗിക പദവിയില്‍ നിന്നും നീക്കിയിട്ടുണ്ട്.” മായാവതി പറയുന്നു.
ജയ്പ്രകാശ് സിംഗിന്റെ അഭിപ്രായം ബി.എസ്.പിയുടെ നിലപാടിന് വിരുദ്ധമാണെന്നും മായാവതി മാധ്യമങ്ങളോടു പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ സിരകളിലുള്ളത് വിദേശരക്തമാണെന്നും അതുകൊണ്ടു തന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അദ്ദേഹം ശോഭിക്കില്ലെന്നുമായിരുന്നു വിവാദപരാമര്‍ശം. ലഖ്‌നൗവില്‍ നടന്ന ബി.എസ്.പി കോര്‍ഡിനേഷന്‍ കമ്മറ്റി യോഗത്തില്‍ പ്രസംഗിക്കവേയാണ് ജയ്പ്രകാശ് അഭിപ്രായപ്രകടനം നടത്തിയത്.
“രാഹുല്‍ ഗാന്ധി തന്റെ പിതാവില്‍ നിന്നും എന്തെങ്കിലും പഠിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തില്‍ പ്രതീക്ഷവയ്ക്കാമായിരുന്നു. എന്നാല്‍, വിദേശിയായ മാതാവില്‍ നിന്നാണ് അദ്ദേഹം രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചെടുത്തത്. അദ്ദേഹത്തിന്റെ സിരകളിലുള്ളത് വിദേശ രക്തമാണ്. ഞാനുറപ്പിച്ച് പറയാം, അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശോഭിക്കില്ല.” ജയ്പ്രകാശ് പ്രസംഗത്തിനിടെ പറഞ്ഞു.
ഇന്ത്യയുടെ പ്രധാനമന്ത്രിയെ നിശ്ചയിക്കുന്നത് ജനിച്ച കുടുംബം കണക്കിലെടുത്തല്ല, മറിച്ച് ബാലറ്റുകള്‍ വഴിയാണെന്നും ജയ്പ്രകാശ് പറഞ്ഞിരുന്നു.