[] ന്യൂദല്‍ഹി: സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ്ങിനൊപ്പം സഖ്യമുണ്ടാക്കില്ലെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഇരുപാര്‍ട്ടികളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന മുലായംസിങ്ങിന്റെ നിര്‍ദ്ദേശം മായാവതി തള്ളി.
മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യം ചേരില്ലെന്നും തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് പോരാടുമെന്നും മായാവതി വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ സമാജ്‌വാദി പാര്‍ട്ടിയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലേറുമ്പോഴാണ് നിയമലംഘന പ്രശ്‌നങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങളും രൂക്ഷമാവുന്നത്. അത്തരം ഒരു പാര്‍ട്ടിയുമായി ബി.എസ്.പി ഒരിക്കലും കൈകോര്‍ക്കില്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ എസ്.പിയും ബി.എസ്.പിയും സഖ്യമുണ്ടാക്കണമെന്ന് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ബി.എസ്.പിയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിംഗ് യാദവ് പറഞ്ഞത്.
ബീഹാറില്‍ ബി.ജെ.പിയെ തുരത്താന്‍ ലാലു പ്രസാദിന്റെ ആര്‍.ജെ.ഡിയും നിതീഷ് കുമാറിന്റെ ജെ.ഡി.യുവും നീണ്ട 23 വര്‍ഷങ്ങള്‍ക്കു ശേഷം സഖ്യം ചേര്‍ന്നിരുന്നു. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഇരു പാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഈ കൂട്ടുകെട്ട് എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കുമുള്ള സന്ദേശമാണെന്നും ലാലു പറഞ്ഞു.