ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരായ പ്രസ്താവനയില്‍ ബി.എസ്.പി അധ്യക്ഷ മായാവതിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ.
രാഷ്ട്രീയ ലാഭത്തിന് സ്വന്തം ഭാര്യയെ ഉപേക്ഷിച്ച മോദി മറ്റു സ്ത്രീകളെ എങ്ങനെ ബഹുമാനിക്കുമെന്നും മോദി ഭര്‍ത്താക്കന്‍മാരെ തങ്ങളില്‍ നിന്ന് അകറ്റുമോ എന്ന ഭയത്തിലാണ് ബി.ജെ.പിയിലെ സ്ത്രീകള്‍ എന്നുമുള്ള മായാവതിയുടെ പ്രസ്താവനക്കെതിരെയായിരുന്നു അത്താവലെ രംഗത്തെത്തിയത്.
” പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യയെ കുറിച്ചും മായാവതി ചില കാര്യങ്ങള്‍ പറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടു. അവള്‍ വിവാഹം കഴിച്ചിട്ടില്ല. കുടുംബം എന്താണെന്ന് അവര്‍ക്ക് അറിയില്ല. അവള്‍ വിവാഹം കഴിച്ചിരുന്നെങ്കില്‍ എങ്ങനെ ഭര്‍ത്താവിനെ കാണണമെന്ന് അറിയുമായിരുന്നു. മായാവതിയെ ഞങ്ങള്‍ ബഹുമാനിക്കുന്നു. അവരില്‍ നിന്നും ഇത്തരം പ്രസ്താവനകള്‍ പ്രതീക്ഷിക്കുന്നില്ല’- എന്നായിരുന്നു രാംദാസ് അത്താവലെ പറഞ്ഞത്.
ഭര്‍ത്താവ് മോദിയോടൊപ്പം നില്‍ക്കുന്നത് കാണുമ്പോള്‍ ബി.ജെ.പിയിലെ സ്ത്രീകള്‍ക്ക് ഭയമാണെന്നും സ്വന്തം ഭാര്യയെ ഉപേക്ഷിച്ചയാളാണ് മോദിയെന്നും മായാവതി കുറ്റപ്പെടുത്തിയിരുന്നു.
രാജസ്ഥാനിലെ ആല്‍വാറില്‍ ദലിത് സ്ത്രീ കൂട്ട ബലാത്സംഗത്തിനരായായത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മായവതിക്കെതിരെ മോദി രംഗത്തെത്തിയിരുന്നു. ഇങ്ങനെ ഒരു കാര്യമുണ്ടായിട്ടും രാജസ്ഥാന്‍ സര്‍ക്കാരിനുള്ള പിന്തുണ മായാവതി പിന്‍വലിച്ചില്ല എന്നായിരുന്നു മോദിയുടെ പരാമര്‍ശം.
ഇതിന് മറുപടി പറയുകയായിരുന്നു മായാവതി. ”കൂട്ട ബലാത്സംഗത്തില്‍ ഇതുവരെ മൗനം പാലിച്ച മോദി ഇപ്പോള്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ്. രാഷ്ട്രീയ ലാഭത്തിന് സ്വന്തം ഭാര്യയെ ഉപേക്ഷിച്ച മോദി മറ്റു സ്ത്രീകളെ എങ്ങനെ ബഹുമാനിക്കും. മോദി ഭര്‍ത്താക്കന്‍മാരെ തങ്ങളില്‍ നിന്ന് അകറ്റുമോ എന്ന ഭയത്തിലാണ് ബി.ജെ.പിയിലെ സ്ത്രീകള്‍”- എന്നായിരുന്നു മായാവതി തിരിച്ചടിച്ചത്.