ബ്രാഹ്മണരെ പ്രീതിപ്പെടുത്താന്‍ തീരുമാനിച്ചുറച്ച് മായാവതി; തീരുമാനത്തിന് പിന്നിലെ സൂത്രവാക്യം ഇങ്ങനെ
Uttar Pradesh Election 2020
ബ്രാഹ്മണരെ പ്രീതിപ്പെടുത്താന്‍ തീരുമാനിച്ചുറച്ച് മായാവതി; തീരുമാനത്തിന് പിന്നിലെ സൂത്രവാക്യം ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th August 2020, 1:53 pm

ലക്‌നൗ: യു.പിയില്‍ 2022-ല്‍ അധികാരത്തിലെത്തിയാല്‍ പരശുരാമന്റെ പ്രതിമ നിര്‍മ്മിക്കുമെന്ന് ബി.എസ്.പി നേതാവ് മായാവതി പറഞ്ഞത് ദിവസങ്ങള്‍ക്ക് മുമ്പാണ്. സമാജ് വാദി പാര്‍ട്ടി സമാനമായ പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് മായാവതിയും പരശുരാമന്റെ പേരില്‍ രംഗത്തെത്തിയത്. സംസ്ഥാനത്തെ ബ്രാഹ്മണ വോട്ടുബാങ്കിനെ പ്രീതിപ്പെടുത്തി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേട്ടം കൊയ്യാനാകുമോ എന്നതിലേക്കാണ് മായാവതിയുടെ നേതൃത്വത്തില്‍ ബി.എസ്.പി ആലോചിക്കുന്നത്.

ഗുണ്ടാനേതാവ് വികാസ് ദുബെയെ യു.പി പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതിന് പിന്നാലെ മായാവതി സംസ്ഥാന സര്‍ക്കാരിനെതിരെ തിരിഞ്ഞിരുന്നു. യോഗി സര്‍ക്കാര്‍ ബ്രാഹ്മണരെ നിരന്തരമായി ആക്രമിക്കുകയാണെന്നാണ് മായാവതി ഉന്നയിക്കുന്ന ആരോപണം. ഓഗസ്റ്റ് എട്ടിന് സര്‍ക്കാരിനെതിരെ ഇതേ ആരോപണവുമായി മായാവതി വീണ്ടും രംഗത്തെത്തിയിരുന്നു.

2018ല്‍ ആപ്പിള്‍ എക്‌സിക്യുട്ടീവായിരുന്ന വിവേക തിവാരിയെ രണ്ട് പൊലീസുകാര്‍ കൊലപ്പെടുത്തിയ കേസിലും മായാവതി സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ബ്രാഹ്മണര്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങള്‍ യോഗി സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും അജണ്ടയാണെന്നായിരുന്നു മായാവതിയുടെ വിമര്‍ശനം. ഇത്തരം ആരോപണങ്ങളുന്നയിച്ച് ബ്രാഹ്മണ പ്രീതി പിടിച്ചു പറ്റാനാണ് ബി.എസ്.പിയുടെയും മായാവതിയുടെയും നീക്കങ്ങള്‍. 2007ല്‍ തന്റെ പാര്‍ട്ടിയെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ച ബ്രാഹ്മണ സമൂഹത്തെ ബി.ജെ.പി ചൂഷണം ചെയ്യുകയാണെന്ന ആരോപണത്തിലൂടെ ഇടയ്ക്ക് നഷ്ടപ്പെട്ട വോട്ടുബാങ്ക് തിരിച്ചുപിടിക്കാനാണ് മായാവതി ഉന്നംവെക്കുന്നത്.

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്ന വികാരം ബ്രാഹ്മണര്‍ക്കിടയിലുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ വികാരം ഉപയോഗപ്പെടുത്താനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെയെല്ലാം ശ്രമം. ബി.എസ്.പി തന്നെയാണ് അതില്‍ പ്രധാനികള്‍.

യു.പിയില്‍ നടന്ന കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കണക്ക് പരിശോധിച്ചാല്‍ ഈ അന്തര്‍ധാര വ്യക്തമാവുകയും ചെയ്യും. 2007ല്‍ ബി.എസ്.പി തങ്ങളുടെ എക്കാലത്തെയും മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. 206 സീറ്റുകളാണ് അന്ന് പാര്‍ട്ടി നേടിയത്. ആ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച 51 ബ്രാഹ്മിണ്‍ സ്ഥാനാര്‍ത്ഥികളില്‍ 20 പേരെയും പാര്‍ട്ടി നിയമസഭയിലെത്തിച്ചു. ആ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബ്രാഹ്മണരെ കേന്ദ്രീകരിച്ചായിരുന്നു ബി.എസ്.പിയുടെ പ്രവര്‍ത്തനങ്ങളേറെയും. ദളിത്, മുസ്‌ലിം വോട്ടുകള്‍ക്കൊപ്പം ബ്രാഹ്മിണ്‍ വോട്ടുകളുമായിരുന്നു ബി.എസ്.പിയെ അധികാരത്തിലെത്തിച്ചത്.

2012ല്‍ മായാവതി അഖിലേഷ് യാദവിന്റെ എസ്.പിയോട് ഏറ്റുമുട്ടി പരാജയപ്പെട്ടു. ബി.എസ്.പിയുടെ 51 ബ്രാഹ്മണ സ്ഥാനാര്‍ത്ഥികളില്‍ ഏഴ് പേര്‍ മാത്രമാണ് അന്ന് തെരഞ്ഞെടുക്കപ്പെട്ടത്. 2017ലാകട്ടെ, ബി.എസ്.പി 52 ബ്രാഹ്മണര്‍ക്ക് സീറ്റ് നല്‍കിയിരുന്നെങ്കിലും നാല് പേര്‍ മാത്രമാണ് വിജയം കണ്ടത്.

ബി.എസ്.പിയുടെ മുസ്ലിം സ്ഥാനാര്‍ത്ഥികള്‍

2007, 2012, 2017 തെരഞ്ഞെടുപ്പുകളില്‍ ബി.എസ്.പി ഇറക്കിയ മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ക്കും സമാന അവസ്ഥയായിരുന്നു നേരിടേണ്ടി വന്നത്. യഥാര്‍ത്ഥത്തില്‍ ഈ തെരഞ്ഞെടുപ്പുകളില്‍ ബി.എസ്.പിക്ക് കൂടുതല്‍ വിശ്വാസം ബ്രാഹ്മണരേക്കാള്‍ മുസ്‌ലിം വോട്ടുബാങ്കിലായിരുന്നു.

2007-ല്‍ ബി.എസ്.പി 61 മുസ്‌ലിം സ്ഥാനാര്‍ത്ഥികളെയായിരുന്നു കളത്തിലിറക്കിയത്. അതില്‍ 29 പേര്‍ നിയമസഭയിലേക്ക് ജയിച്ചുകയറി. മുസ്‌ലിം, യാദവ വോട്ടുകള്‍ പിടിക്കാന്‍ അഖിലേഷിന്റെ എസ്.പി കിണഞ്ഞ് ശ്രമിച്ച 2012-ല്‍, 84 മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ക്കാണ് ബി.എസ്.പി സീറ്റ് നല്‍കിയത്. എന്നാല്‍ അവരില്‍ 15 പേര്‍ മാത്രമേ വിജയം കണ്ടുള്ളു.

2017-ല്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിന് പ്രഹരമേല്‍പിക്കാന്‍ ഉദ്ദേശിച്ച് ബി.എസ്.പി 100 മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ ഇറക്കി. എന്നാല്‍ അവരില്‍ അഞ്ച് പേരിലേക്ക് മാത്രമായി വിജയമൊതുങ്ങുകയായിരുന്നു.

2022ല്‍ മുസ്ലിങ്ങളെക്കാള്‍ ശ്രദ്ധ ബ്രാഹ്മണരിലേക്ക്

2022ലെ തെരഞ്ഞെടുപ്പ് ഒരുക്കത്തില്‍ ബി.എസ്.പിക്ക് മുസ് ലിങ്ങളെക്കാള്‍ പ്രിയം ബ്രാഹ്മണ വോട്ടുബാങ്കിനോടാണ്. ഇതിന് മുന്നോടിയെന്നോണം ജനുവരിയില്‍ അംരോഹ എം.പിയായ ധനിഷ് അലിയെ ലോക്‌സഭാ കക്ഷി നേതൃ സ്ഥാനത്തുനിന്നും മാറ്റി തല്‍സ്ഥാനത്തേക്ക് ബ്രാഹ്മണനായ ഋതേഷ് പാണ്ഡെയെ ചുമതലപ്പെടുത്തി. പാര്‍ട്ടിക്കുള്ളിലെ സാമൂഹിക സമവാക്യത്തിന് വേണ്ടിയെന്നാണ് ഇതിനെ മായാവതി ഇതിനെ ന്യായീകരിച്ചത്. ഇങ്ങനെ, ലോക്‌സഭയില്‍ ഋതേഷ് പാണ്ഡെയെയും രാജ്യസഭയില്‍ എസ്.സി മിശ്രയെയും ചുമതലപ്പെടുത്തി ഇരുസഭകളിലും ബ്രാഹ്മണരെ എത്തിച്ചു.

അതേസമയം, ധനീഷ് അലിയെ ലോക്‌സഭാ ലീഡര്‍ സ്ഥാനത്തുനിന്നും മാറ്റിയപ്പോള്‍ മുന്‍ഖ്വാദ് അലിയെ പാര്‍ട്ടി സംസ്ഥാനാധ്യക്ഷനാക്കി സമവാക്യം തുല്യപ്പെടുത്താനും മായാവതി ശ്രദ്ധിച്ചു.

ബ്രാഹ്മണരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കി നേട്ടം കൊയ്യാന്‍ വളക്കൂറുള്ള മണ്ണാണ് നിലവില്‍ യു.പി എന്ന ബോധ്യത്തിലാണ് മായാവതിയുടെ ഇപ്പോഴത്തെ നീക്കങ്ങള്‍. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ബി.ജെ.പി അധികാരത്തില്‍ എത്തിയത് മുതല്‍ സംസ്ഥാനത്ത് ബ്രാഹ്മിണുകളും താക്കൂറുകളും തമ്മിലുള്ള അധികാരത്തിനായുള്ള പോരാട്ടം രൂക്ഷമായിട്ടുണ്ട്. ബി.ജെ.പി നേതാക്കള്‍ ഈ വിഷയത്തില്‍ ഇടപെടലുകള്‍ നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും വലിയ കയ്യടി നേടാന്‍ കഴിഞ്ഞിരുന്നില്ല. ഈ രണ്ട് ഉയര്‍ന്ന ജാതികളും തമ്മിലുള്ള പോരാട്ടം കിഴക്കന്‍ യു.പിയിലാണ് ശക്തമായിട്ടുള്ളത്. യോഗി ആദിത്യനാഥ് ഈ മേഖലയില്‍നിന്നുള്ള നേതാവാണ് എന്നതാണ് ബി.ജെ.പിയുടെ ഇടപെടലുകളെ ഒരു പരിധി വരെ തടയുന്നത്. ഈ അവസരവും ഉപയോഗിക്കാനാണ് മായാവതിയുടെയും ബി.എസ്.പിയുടെയും നീക്കങ്ങള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mayawati is wooing the Brahmins again ahead of 2022 UP assembly elections