| Monday, 13th May 2019, 2:45 pm

മായാവതിക്ക് പൊതു ജീവിതം നയിക്കാനുള്ള യോഗ്യതയില്ല; മോദി ഭാര്യയെ ഉപേക്ഷിച്ചത് രാഷ്ട്രീയ നേട്ടത്തിനെന്ന പ്രസ്താവനയെ വിമര്‍ശിച്ച് ജെയ്റ്റ്‌ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.എസ്.പി നേതാവ് മായാവതി പൊതു ജീവിതം നയിക്കാന്‍ അയോഗ്യയാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നരേന്ദ്ര മോദിയെ മായാവതി വ്യക്തിപരമായി അധിക്ഷേപിച്ചെന്നാരോപിച്ചായിരുന്നു ജെയ്റ്റ്‌ലിയുടെ വിമര്‍ശനം. മോദി തന്റെ ഭാര്യയെ ഉപേക്ഷിച്ചത് രാഷ്ട്രീയ നേട്ടത്തിനാണെന്നായിരുന്നു മായാവതിയുടെ പരാമര്‍ശം.

‘ഇതാണ് പ്രതിപക്ഷത്തിന് രാജ്യത്തിന് നല്‍കാനുള്ളത്. അവര്‍ പ്രധാനമന്ത്രിയാവണമെന്ന ഉറച്ച തീരുമാനത്തിലാണ്. അവരുടെ ഭരണവും, ധാര്‍മികതയും, സംവാദവും എക്കാലത്തേതിലും നിലവാരമില്ലാത്ത തരത്തില്‍ താഴുകയാണ്. പ്രധാനമന്ത്രിയെക്കുറിച്ച് ഇന്ന് നടത്തിയ പ്രസ്താവന അവര്‍ പൊതു ജീവിതം നയിക്കാന്‍ പ്രാപ്തയല്ല എന്ന് തെളിയുക്കന്നതാണ്’- ജെയ്റ്റ്‌ലി പറയുന്നു.

‘ബി.ജെ.പിയില്‍ വിവാഹിതരായ വനിതാ നേതാക്കള്‍ക്ക് മോദിയോടൊപ്പം തങ്ങളുടെ ഭര്‍ത്താക്കന്മാരെ കാണുമ്പോള്‍ ഭയമാണ്. മോദി അവരെ തങ്ങളുടെ ഭര്‍ത്താക്കന്മാരില്‍ നിന്ന് അകറ്റുമോയെന്നാണ് അവരുടെ ആശങ്ക’- എന്നായിരുന്നു മായാവതി പറഞ്ഞത്.

രാജസ്ഥാനിലെ ആള്‍വാറില്‍ ദളിത് സ്ത്രീക്ക് നേരെ കൂട്ട ലൈംഗിക ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ മോദിയും മായാവതിയും തമ്മിലുണ്ടായ വാക്പോര് മുറുകിയ സാഹചര്യത്തിലായിരുന്നു മായാവതിയുടെ പുതിയ പരാമര്‍ശം. മോദി സ്ത്രീകളെ ബഹുമാനിക്കാത്തയാളാണെന്നും, സംഭവത്തില്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും മായാവതി കുറ്റപ്പെടുത്തിയിരുന്നു.

ആള്‍വാര്‍ സംഭവത്തിന് ശേഷവും രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാറിന് പിന്തുണ പിന്‍വലിക്കാതെ മായാവതി മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നായിരുന്നു മോദിയുടെ പ്രസ്താവന. ആള്‍വാറിലെ സംഭവം കോണ്‍ഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മറച്ചു വെക്കുകയായിരുന്നെന്നും ബി.ജെ.പി കുറ്റപ്പെടുത്തിയിരുന്നു.

എന്നാല്‍ തങ്ങള്‍ കൃത്യമായ രാഷ്ട്രീയ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും, രോഹിത് വെമുലയുടെ മരണത്തിലും, ഉന സംഭവത്തിലും, മോദി ഭരണത്തിന് കീഴില്‍ ദളിതര്‍ക്കെതിരെ നടന്ന മറ്റ് ആക്രമണങ്ങളിലും ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മോദി പ്രധാനമന്ത്രി സ്ഥാനം രാജിവെക്കണമെന്നായിരുന്നു മായാവതിയുടെ മറുപടി.

We use cookies to give you the best possible experience. Learn more