ന്യൂദല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം കാണിക്കാമെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെച്ച് വിദേശ രാജ്യങ്ങളും. സുതാര്യതയില്ലെന്ന കാരണത്താല്‍ നെതര്‍ലന്റ്, ഐയര്‍ലെന്റ്, ഇറ്റലി, ജര്‍മ്മനി, യു.എസ്, വെനിസ്വേല, മാസിഡോണിയ, ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ നിരോധിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ സുതാര്യത സംബന്ധിച്ച് 51 മില്യണ്‍ പൗണ്ട് ചിലവഴിച്ച് മൂന്നുവര്‍ഷം പഠനം നടത്തിയശേഷമാണ് അയര്‍ലന്റ് ഇത് നിരോധിച്ചതെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു.
തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ കൃത്രിമം കാട്ടിയെന്ന കണ്ടെത്തലുകളെ തുടര്‍ന്നാണ് വെനസ്വേല, മാസിഡോണിയ, ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇ.വി.എം ഉപയോഗിക്കുന്നത് അവസാനിപ്പിച്ചത്.
യു.എസിലെ കാലിഫോര്‍ണിയ പോലുള്ള സംസ്ഥാനങ്ങളില്‍ പേപ്പര്‍ ട്രെയില്‍ ഇല്ലാതെ ഇ.വി.എം ഉപയോഗിക്കുന്നത് അനുവദനീയമല്ല.
ഇന്ത്യയില്‍ മാത്രമല്ല, വിദേശരാജ്യങ്ങളിലും തെരഞ്ഞെടുപ്പിന് ഇ.വി.എം ഉപയോഗിക്കുന്നു. എന്നാല്‍ വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയില്ലായ്മ കാരണം നിരവധി രാജ്യങ്ങള്‍ വോട്ടിംഗ് യന്ത്രം നിരോധിച്ചിട്ടുണ്ട്.
സുതാര്യമല്ല എന്ന് പറഞ്ഞുകൊണ്ട് നെതര്‍ലാന്‍ഡ്സും ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ച് ജര്‍മ്മനിയും ഇ.വി.എമ്മുകളുടെ ഉപയോഗം നിരോധിച്ചതാണ്. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഇന്നുവരെ വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ അട്ടിമറി നടന്നെന്ന സംശയവുമായി ബി.എസ്.പി നേതാവ് മായാവതി രംഗത്തുവന്നതിനെ തുടര്‍ന്നാണ് വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നത്.
2014ല്‍ അധികാരത്തില്‍ എത്തുന്നതിനു മുമ്പ് വോട്ടിങ് യന്ത്രത്തിനെതിരെ ബി.ജെ.പി തന്നെ ശക്തമായി രംഗത്തുവന്നിരുന്നു. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാട്ടാമെന്നുള്ളത് ഹൈദരാബാദ് സ്വദേശിയായ ഹരിപ്രസാദ് എന്ന ടെക്‌നീഷ്യന്റെ സഹായത്താല്‍ ബി.ജെ.പി തെളിയിക്കുകയും ചെയ്തിരുന്നു.
ഇതിനു പുറമേ വോട്ടിങ് യന്ത്രത്തിന് സുതാര്യതയില്ലെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കോടതിയെ സമീപിക്കുകയും വോട്ടിങ് യന്ത്രത്തിനൊപ്പം പേപ്പര്‍ ട്രയല്‍ കൂടി ഏര്‍പ്പെടുത്താന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
ഇ.വി.എം എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീന്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. യന്ത്രങ്ങളില്‍ കൃത്രിമത്വം കാണിക്കാന്‍ കഴിയുമെന്ന ആരോപണം വിവിധ കോണുകളില്‍ നിന്ന് മുന്‍പേ ഉയര്‍ന്നിരുന്നു.
കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, ഇവ ബന്ധിപ്പിക്കാനുള്ള കേബിള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഒരു വോട്ടിംഗ് യന്ത്രം. അഞ്ച് വോള്‍ട്ടുള്ള ബാറ്ററിയാണ് യന്ത്രം പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം നല്‍കുന്നത്. സ്ഥാനാര്‍ത്ഥിയുടെ പേരിനും ചിത്രത്തിനും നേരെയുള്ള ബട്ടണില്‍ അമര്‍ത്തിയാണ് വോട്ടര്‍ വോട്ട് ചെയ്യേണ്ടത്. കൊണ്ടുനടക്കാനും വോട്ടെണ്ണാനും എളുപ്പമാണെന്നതാണ് വോട്ടിംഗ് മെഷീനുകള്‍ ജനകീയമാകാന്‍ കാരണം. 15 വര്‍ഷങ്ങളായി ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളുടെ ഭാഗമാണ് ഇ.വി.എം.
എന്നാല്‍ ഇ.വി.എം അത്ര സുരക്ഷിതമായ വോട്ടിംഗ് ഉപാധിയല്ല എന്നതിന് നിരവധി തെളിവുകള്‍ഉണ്ട്. ഇ.വി.എം ഹാക്ക് ചെയ്യാന്‍ എളുപ്പമാണെന്നതും തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ കൃത്രിമം കാണിക്കാനായി ഇ.വി.എം ഉപയോഗിക്കാന്‍ കഴിയുമെന്നും വിദഗ്ധര്‍ പറയുന്നു.