| Thursday, 7th November 2019, 11:35 pm

ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി സഖ്യം തുടരും? മുലായത്തിനെതിരായ 24 വര്‍ഷം പഴക്കമുള്ള പ്രശസ്തമായ 'ഗസ്റ്റ് ഹൗസ് കേസ്' പിന്‍വലിച്ച് മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി (എസ്.പി) കൂടുതല്‍ അടുക്കുന്നതിന്റെ ഭാഗമായി 24 വര്‍ഷം പഴക്കമുള്ള കേസ് പിന്‍വലിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി. എസ്.പി മുന്‍ അധ്യക്ഷന്‍ മുലായം സിങ് യാദവിനെതിരായ ഗസ്റ്റ് ഹൗസ് കേസാണ് മായാവതി ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സഖ്യം രൂപീകരിക്കുന്നതിനു മുന്‍പ് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, തന്റെ പിതാവിന്റെ പേരിലുള്ള കേസ് പിന്‍വലിക്കണമെന്ന് ഉപാധി വെച്ചെന്ന് ഒരു ബി.എസ്.പി നേതാവ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മെയിന്‍പുരിയില്‍ മുലായവും മായാവതിയും വേദി പങ്കിട്ടതും ഏറെ ചര്‍ച്ചയായിരുന്നു. ‘ഗസ്റ്റ് ഹൗസ് എപ്പിസോഡ്’ മറക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോടു മായാവതി അന്ന് ആവശ്യപ്പെട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അന്നത്തെ സംഭവം ഇങ്ങനെയാണ്: 1992-ല്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷം ബി.ജെ.പിയെ നേരിടാനായി അന്നത്തെ എസ്.പി അധ്യക്ഷന്‍ മുലായവും ബി.എസ്.പി അധ്യക്ഷന്‍ കന്‍ഷി റാമും ചേര്‍ന്ന് സഖ്യമുണ്ടാക്കിയാണ് 1993-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

സഖ്യത്തിന് 176 സീറ്റുകള്‍ ലഭിച്ചു. തുടര്‍ന്ന് അവര്‍ കോണ്‍ഗ്രസുമായിച്ചേര്‍ന്നു സംസ്ഥാനം ഭരിച്ചു. മുലായം മുഖ്യമന്ത്രിയായി. എന്നാല്‍ പിന്നീട് സഖ്യത്തില്‍ വിള്ളല്‍ വീണു. തുടര്‍ന്ന് ബി.എസ്.പി നേതാവായ മായാവതിയെക്കണ്ട് ബി.ജെ.പി നേതാക്കള്‍ മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്തു. ബി.ജെ.പിയുമായി കൈകോര്‍ക്കണമെന്നതായിരുന്നു നിബന്ധന.

അതിന്റെ ഭാഗമായി 1995 ജൂണ്‍ രണ്ടിന് മായാവതി പാര്‍ട്ടി എം.എല്‍.എമാരുമായി ലഖ്‌നൗവിലെ മീരാബായ് ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നു. എന്നാല്‍ അവിടെ ഇരച്ചെത്തിയ എസ്.പി നേതാക്കളും പ്രവര്‍ത്തകരും ബി.എസ്.പി എം.എല്‍.എമാരെ ആക്രമിക്കുകയായിരുന്നു.

മായാവതിയെയും കുറച്ച് എം.എല്‍.എമാരെയും മുറിക്കുള്ളില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് ബി.ജെ.പി നേതാക്കളെത്തിയാണ് അവരെ രക്ഷപ്പെടുത്തിയത്. അന്ന് മുലായം അടക്കമുള്ള എസ്.പി നേതാക്കള്‍ക്കെതിരെ മായാവതി പരാതി നല്‍കുകയും പൊലീസ് കൊലപാതകശ്രമത്തിന് കേസെടുക്കുകയും ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തുടര്‍ന്നാണ് ഗവര്‍ണര്‍ മുലായത്തെ മുഖ്യമന്ത്രിപദവിയില്‍ നിന്നു പുറത്താക്കി മായാവതിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. പിന്നീട് മായാവതി മുഖ്യമന്ത്രിയായി അധികാരമേറ്റു.

ഇപ്പോഴത്തെ നീക്കം അടുത്ത ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സഖ്യത്തില്‍ വിള്ളല്‍ വീണിട്ടില്ലെന്നു തെളിയിക്കുന്നതു കൂടിയാണ് മായാവതിയുടെ നീക്കം.

ഫോട്ടോ കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്‌

We use cookies to give you the best possible experience. Learn more