ഭോപ്പാല്‍: തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന മധ്യപ്രദേശില്‍ പ്രചരണം ആരംഭിച്ച് ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) അധ്യക്ഷ മായാവതി. ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെടുന്നതും അതിന്മേല്‍ കോണ്‍ഗ്രസ് നല്‍കുന്ന വാഗ്ദാനങ്ങളും ഒ.ബി.സിക്കാരുടെ വോട്ടുകള്‍ നേടാന്‍ വേണ്ടി മാത്രമാണെന്ന് മായാവതി ആരോപിച്ചു. അശോക് നഗര്‍ ജില്ലയിലെ മുംഗൊലി നിയമസഭാ മണ്ഡലത്തില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു മായാവതി.
സാമൂഹികവും വിദ്യാഭ്യാസപരമായുള്ള വികസനത്തിനായി 1953ല്‍ രൂപീകരിച്ച ആദ്യ കമ്മിറ്റിയായ കാക്കാ കലേല്‍ക്കറിന്റെ റിപ്പോര്‍ട്ടും രണ്ടാമതായി രൂപീകരിച്ച മണ്ഡല്‍ കമ്മിറ്റിയുടെ ശുപാര്‍ശകളും കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ലെന്ന് മായാവതി ചൂണ്ടിക്കാട്ടി. മണ്ഡല്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രകാരമുള്ള സംവരണം കോണ്‍ഗ്രസിന്റെ കീഴിലല്ലെന്നും വി.പി സിങ്ങിന്റെ നേതൃത്വത്തില്‍ ജനതാദള്‍ ഭരിച്ചിരുന്ന കാലത്താണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് മറന്നുപോവരുതെന്നും മായാവതി ഓര്‍മിപ്പിച്ചു.
1990 ല്‍ ഒ.ബി.സി സ്ഥാനാര്‍ത്ഥികള്‍ക്ക് അവരുടെ എല്ലാ സേവന മേഖലകളിലും സംവരണം നല്‍കുമെന്ന കോണ്‍ഗ്രസിന്റെ അവകാശവാദത്തില്‍ ജനങ്ങള്‍ വീണുപോവരുതെന്നും തെറ്റിദ്ധരിക്കരുതെന്നും മായാവതി ആവശ്യപ്പെട്ടു. ബി.ആര്‍ അംബേദക്കറിന് കോണ്‍ഗ്രസ് ഭാരതരത്ന നല്‍കി ആദരിച്ചില്ലെന്നും അതിലൂടെ കോണ്‍ഗ്രസിന്റെ ജാതിപരമായ ചിന്താഗതികളാണ് പുറത്തുവരുന്നതെന്നും മായാവതി ചൂണ്ടിക്കാട്ടി. അതേസമയം ബി.എസ്.പിയുടെ ശ്രമഫലമായി വി.പി സിങ്ങിന്റെ സര്‍ക്കാര്‍ അംബേദ്ക്കറിനെ ആദരിച്ചെന്നും മായാവതി പറഞ്ഞു.
കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ഒ.ബി.സി, ദളിത്, ആദിവാസി വിഭാഗങ്ങളെ ഒഴിവാക്കി വന്‍കിടമുതലാളിമാര്‍ക്കും പണക്കാര്‍ക്കും സംവരണം ഏര്‍പ്പെടുത്തുകയാണെന്നും മായാവതി ആരോപിച്ചു. എന്തുകൊണ്ടാണ് ബി.എസ്.പിയുടെ സ്ഥാപകനായ കാന്‍ഷിറാമിന്റെ മരണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ഒരു ദുഃഖാചരണം പോലും സംഘടിപ്പിക്കാതിരുന്നതെന്നും ബി.എസ്.പി മേധാവി റാലിയില്‍ ചോദ്യമുയര്‍ത്തി.