| Wednesday, 2nd August 2023, 7:13 pm

'മണിപ്പൂരിനെ പോലെ ഹരിയാനയിലെയും ക്രമസമാധാനനില തകര്‍ന്നു; സംരക്ഷണം നല്‍കാനാവില്ലെങ്കില്‍ എന്തിന് യാത്രക്ക് അനുമതി നല്‍കി'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: മണിപ്പൂരിനെ പോലെ തന്നെ ഹരിയാനയിലെയും ക്രമസമാധാനനില തകര്‍ന്നെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ഗുരുഗ്രാമിലേക്കും മറ്റ് ജില്ലകളിലേക്കും വ്യാപിച്ച കലാപം പൊതുമുതല്‍ നശിപ്പിക്കുന്നതിലേക്കും ആളുകളുടെ ജീവന്‍ നഷ്ടപ്പെടുന്നതിലേക്കും മതപരമായ സ്ഥാപനങ്ങള്‍ നശിപ്പിച്ചതിലേക്കും നയിച്ചത് ഇതിന് ഉദാഹരണമാണെന്നും മായാവതി പറഞ്ഞു.

‘ഹരിയാനയിലെ അന്വേഷണ ഏജന്‍സി കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നത് നിര്‍ഭാഗ്യകരമാണ്. വിശ്വ ഹിന്ദു പരിഷത്ത് നടത്തിയ യാത്രയിലേക്ക് ആള്‍ക്കൂട്ടം കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് വര്‍ഗീയ കലാപം ഉണ്ടായതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ യാത്രയില്‍ സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കിയില്ലെന്നത് വ്യക്തമാണ്. സംഘടനയുടെ യാത്രയില്‍ സംസ്ഥാന സര്‍ക്കാരും പ്രാദേശിക ഭരണകൂടവും രഹസ്യാന്വേഷണ ഏജന്‍സിയും ജാഗ്രത പുലര്‍ത്തണമായിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള ചോദ്യമാണ് ഇത് ഉയര്‍ത്തുന്നത്. സര്‍ക്കാരിന് യാത്രയില്‍ സംരക്ഷണം ഒരുക്കാന്‍ സാധിക്കില്ലായിരുന്നെങ്കില്‍ എന്തിനാണ് അതിനുള്ള അനുമതി നല്‍കിയത്,’ മായാവതി പറഞ്ഞു.

നൂഹിലെ ആക്രമണം മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചത് ഹരിയാന സര്‍ക്കാരിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്നാണ് കാണിക്കുന്നതെന്നും ഇത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. മണിപ്പൂരിലെയും ഹരിയാനയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും വര്‍ഗീയ കലാപങ്ങളെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള ഉപകരണങ്ങളാക്കാന്‍ അനുവദിക്കരുതെന്നും മായാവതി പറഞ്ഞു.

‘ജനങ്ങളുടെ ജീവനും സ്വത്തിനും മതത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ചുമതലയാണ്. പൊലീസിന്റെ കൃത്യമായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഇതിന് സാധിക്കൂ. ഉത്തര്‍പ്രദേശിലെ നാല് ബി.എസ്.പി സര്‍ക്കാരും നിയമവാഴ്ച നിലനിര്‍ത്തുന്നതില്‍ പ്രതിജ്ഞാബദ്ധരായിരുന്നു. ഞങ്ങളുടെ നാല് സര്‍ക്കാരില്‍ നിന്നും ഹരിയാന സര്‍ക്കാര്‍ പാഠ ഉള്‍ക്കൊള്ളണം,’ മായാവതി പറഞ്ഞു.

സംസ്ഥാനത്ത് സമാധാനവും സൗഹാര്‍ദവും സമുദായിക ഐക്യവും പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. സംസ്ഥാനത്തെ ക്രമസമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ സഹായിക്കണം. ഹരിയാനയിലും അയല്‍ സംസ്ഥാനങ്ങളിലും സമാധാനവും സമുദായിക ഐക്യവും നിലനിര്‍ത്താന്‍ ഞാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

ഹരിയാനയിലെ നൂഹില്‍ വി.എച്ച്.പിയും ബജ്‌റംഗ്ദളും സംഘടിപ്പിച്ച ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്രയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പശുക്കടത്ത് ആരോപിച്ച് ഹരിയാനയില്‍ രണ്ടു യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതിയും സംഘപരിവാര്‍ പ്രവര്‍ത്തകനുമായ മോനു മനേസര്‍ യാത്രയിലുണ്ടായതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടുണ്ട്. ഘോഷയാത്രക്കെതിരെ കല്ലേറും വെടിവെപ്പും ഉണ്ടായി. കാറുകള്‍ കത്തിനശിപ്പിക്കപ്പെട്ടു. 2500ഓളം ആളുകള്‍ അമ്പലത്തിനുള്ളില്‍ അഭയം തേടി. തിങ്കളാഴ്ച പള്ളിക്ക് നേരെ ആക്രമണം ഉണ്ടാകുകയും പുരോഹിതന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ഇന്റര്‍നെറ്റ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് 166 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 199 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടാര്‍ അറിയിച്ചു.

Content Highlight: Mayawati criticise hariyana government

Latest Stories

We use cookies to give you the best possible experience. Learn more