| Friday, 24th May 2019, 11:09 am

ഇ.വി.എമ്മിന്റെ സഹായത്തോടെ ബി.ജെ.പി തെരഞ്ഞെടുപ്പിനെ ഹൈജാക്ക് ചെയ്തു; ബാലറ്റ് വോട്ടിങ് തിരികെ കൊണ്ടുവരണമെന്ന ആവശ്യമുയര്‍ത്തി മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മഹാസഖ്യത്തിന്റെ മോശം പ്രകടനത്തിന് കാരണം ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ അട്ടിമറിയെന്ന് ബി.എസ്.പി നേതാവ് മായാവതി. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ സഹായത്തോടെ ബി.ജെ.പി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്നും മായാവതി ആരോപിച്ചു.

ഏറ്റവുമധികം ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി സഖ്യത്തിന് ബി.ജെ.പിയുടെ തേരോട്ടം തടയാനുമെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാല്‍ യു.പിയിലെ 80 സീറ്റുകളില്‍ നാലില്‍ ഒന്ന് മാത്രം നേടാനേ മായാവതിക്കു കഴിഞ്ഞുള്ളൂ. ബി.ജെ.പിക്ക് 60 ലേറെ സീറ്റുകള്‍ നേടാനും കഴിഞ്ഞു.

‘ഇ.വി.എമ്മുകളുടെ സഹായത്തോടെ ബി.ജെ.പി ദേശീയ തെരഞ്ഞെടുപ്പിനെ ഹൈജാക്ക് ചെയ്യുകയാണ്’ എന്നാണ് തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ മായാവതി പറഞ്ഞത്.

യു.പിയില്‍ മഹാസഖ്യം ഇത്രയും മോശം പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ചില്ല. ജനവികാരണത്തിന് നേര്‍വിപരീതമാണ് തെരഞ്ഞെടുപ്പു ഫലമെന്നും അവര്‍ പറഞ്ഞു.

‘ രാജ്യം മുഴുവന്‍ ഇ.വി.എമ്മിനെ എതിര്‍ക്കുകയാണ്. ഇന്നത്തെ ഫലത്തിനുശേഷം ജനങ്ങള്‍ക്ക് ബാക്കിയിരുന്ന വിശ്വാസം കൂടി പോയി.’ എന്നും അവര്‍ പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്കു പകരം വോട്ടിങ് ബാലറ്റു പേപ്പര്‍ വഴി നടത്തണമെന്നും മായാവതി ആവശ്യപ്പെട്ടു. യു.പിയില്‍ മഹാസഖ്യത്തിന് 50 സീറ്റുകള്‍ വരെ നേടാനാകുമെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more