യു.പിയില്‍ മഹാസഖ്യത്തില്‍ കോണ്‍ഗ്രസ് ഉണ്ടായേക്കില്ലെന്ന് സൂചന; എസ്.പി- ബി.എസ്.പി സീറ്റ് വിഭജനം പൂര്‍ത്തിയായി
national news
യു.പിയില്‍ മഹാസഖ്യത്തില്‍ കോണ്‍ഗ്രസ് ഉണ്ടായേക്കില്ലെന്ന് സൂചന; എസ്.പി- ബി.എസ്.പി സീറ്റ് വിഭജനം പൂര്‍ത്തിയായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th January 2019, 10:19 am

 

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ എസ്.പി- ബി.എസ്.പി സഖ്യത്തിനൊപ്പം കോണ്‍ഗ്രസ് ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കഴിഞ്ഞദിവസം ബി.എസ്.പി അധ്യക്ഷ മായാവതിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും കൂടിക്കാഴ്ച നടത്തിയിരുന്നു. യു.പിയില്‍ 80 സീറ്റുകളില്‍ 37 സീറ്റുകള്‍ വീതം ഇരുപാര്‍ട്ടികളും മത്സരിക്കാനാണ് തീരുമാനം.

ബാക്കിവരുന്ന ആറ് സീറ്റുകള്‍ മഹാസഖ്യത്തിന്റെ ഭാഗമാകുന്ന മറ്റ് പാര്‍ട്ടികള്‍ക്കു നല്‍കാനും യോഗം തീരുമാനിച്ചു. കോണ്‍ഗ്രസിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ടെങ്കില്‍ ഈ ആറുസീറ്റുകളില്‍ നിന്നും കോണ്‍ഗ്രസിനു രണ്ട് സീറ്റുകള്‍ മാത്രം നല്‍കാനാണ് ബി.എസ്.പി- എസ്.പി തീരുമാനം.

സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മത്സരിക്കുന്ന റായ് ബറേലിയും അമേഠിയും കോണ്‍ഗ്രസിനു നല്‍കാനാണ് തീരുമാനം. 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ ഈ രണ്ടു സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. ഈ ഓഫര്‍ കോണ്‍ഗ്രസ് സ്വീകരിക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ പൊതു തെരഞ്ഞെടുപ്പില്‍ യു.പിയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാനാണ് സാധ്യതയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

Also read:കാസര്‍കോടിന്റെ വടക്കന്‍ ഭാഗങ്ങളില്‍ സാമുദായിക കലാപമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നതായി സി.പി.ഐ.എം

യു.പിയില്‍ മഹാസഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും ഉണ്ടായിട്ടില്ല. സഖ്യത്തില്‍ കോണ്‍ഗ്രസിനു സ്ഥാനം നല്‍കേണ്ടതില്ലയെന്ന സൂചനയാണ് മായാവതിയും അഖിലേഷ് യാദവും നല്‍കിയത്. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ യു.പിയില്‍ കോണ്‍ഗ്രസിന്റെ മോശം പ്രകടനമാണ് ഇത്തരമൊരു നിലപാടിനു പിന്നിലെന്നാണ് സൂചന.

ഇതിനു പുറമേ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് സ്വീകരിച്ച ആധിപത്യ മനോഭാവവും എസ്.പി-ബി.എസ്.പി സഖ്യത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ ഏറെ താല്‍പര്യത്തോടെ എസ്.പിയും ബി.എസ്.പിയും മുന്നോട്ടുവന്നിട്ടും തണുപ്പന്‍ പ്രതികരണമായിരുന്നു കോണ്‍ഗ്രസില്‍ നിന്നുണ്ടായത്.